സംവിധായകൻ വിനയൻ സംവിധാനം ചെയ്ത ഹൊറർ ചിത്രം ‘ആകാശഗംഗ’യ്ക്ക് രണ്ടാം ഭാഗം വരുന്നു എന്ന വാർത്തകൾ വന്നു തുടങ്ങിയിട്ട് ഏറെ നാളായി. ചിത്രത്തിന്റെ സ്വിച്ച് ഓൺ ഓൺ കർമ്മം കഴിഞ്ഞുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വന്നു കൊണ്ടിരിക്കുന്നത്. 20 വർഷങ്ങൾക്കു ശേഷമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗമൊരുങ്ങുന്നത്. ആദ്യഭാഗം ചിത്രീകരിച്ച പാലക്കാട്ടെ വെള്ളിനേഴി ഒളപ്പമണ്ണ മനയിലാണ് ‘ആകാശഗംഗ’ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചത്.

ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, രമ്യ കൃഷ്ണന്‍, പ്രവീണ, പുതുമുഖം ആരതി, തെസ്നി ഖാന്‍, വത്സലാ മേനോന്‍, ശരണ്യ, കനകലത, നിഹാരിക തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിനു വേണ്ടി അണിനിരക്കുന്നുണ്ട്. മലയാളത്തിലും തമിഴിലുമായാണ് ഈ ഹൊറർ ചിത്രം ഒരുങ്ങുന്നത്. ‘ചാലക്കുടിക്കാരൻ ചങ്ങാതി’ യ്ക്ക് ശേഷം വിനയൻ ഒരുക്കുന്ന ചിത്രമാണ് ഇത്.

പ്രകാശ് കുട്ടി ക്യാമറയും, ബിജിബാല്‍ സംഗീതവും ഹരിനാരായണനും രമേശന്‍ നായരും ചേര്‍ന്ന് ഗാനരചനയും നിര്‍വ്വഹിക്കുന്നു. പുതുമഴയായി വന്നു എന്ന ‘ആകാശഗംഗ’യിലെ പാട്ട് ബേര്‍ണി ഇഗ്നേഷ്യസ് തന്നെ റീമിക്സ് ചെയ്യുന്നു. റോഷന്‍ മേക്കപ്പും ബോബന്‍ കലയും സമീറ സനീഷ് വസ്ത്രാലങ്കാരവും അഭിലാഷ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ഡോള്‍ബി അറ്റ്മോസില്‍ ശബ്ദലേഖനം ചെയ്യപ്പെടുന്ന ഈ ചിത്രത്തിന്റെ സൗണ്ട് മിക്സിംഗ് ചെയ്യുന്നത് തപസ് നായ്ക് ആണ്. ഈ വർഷത്തെ ഓണം റിലീസായി ചിത്രം റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകരുടെ ശ്രമം.

“മോഡേണ്‍ ടെക്നോളജിയുടെ ഒന്നും സഹായമില്ലാതെ 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ആകാശഗംഗയുടെ ഒന്നാം ഭാഗത്തെക്കാള്‍ സാങ്കേതിക മേന്മയിലും ട്രീറ്റ്മെന്റിലും ഏറെ പുതുമകളോടെ അവതരിപ്പിക്കുന്ന ആകാശഗംഗ 2 ഈ വരുന്ന ഓണത്തിന് റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്,” വിനയൻ പറയുന്നു.

Read more: ആകാശഗംഗ 2’ ബുധനാഴ്ച ആരംഭിക്കും, ഓണത്തിന് റിലീസ് ചെയ്യും: വിനയന്‍

ഹൊററും കോമഡിയും കൂട്ടിയിണക്കി സംവിധായകൻ വിനയൻ ഒരുക്കിയ ചിത്രമായിരുന്നു ‘ആകാശഗംഗ’. 1999ൽ റിലീസ് ചെയ്ത് ചിത്രം തിയേറ്ററുകളിൽ വിജയം നേടുകയും 150 ദിവസത്തോളം ഒാടുകയും ചെയ്തിരുന്നു. ചിത്രം ‘അവളാ ആവിയാ’ എന്ന പേരിൽ തമിഴിലേക്കും മൊഴിമാറ്റം നടത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook