മനസ്സില്‍ നൊമ്പരം മാത്രം ബാക്കി വച്ച് കടന്നുപോയ വളരെ ചുരുക്കം മലയാള ചിത്രങ്ങളേയുള്ളൂ. ഇക്കൂട്ടത്തില്‍ എടുത്തു പറയാവുന്നതാണ് 1993 ല്‍ പുറത്തിറങ്ങിയ സിബി മലയില്‍ ചിത്രം ആകാശദൂത്. അനാഥരായിപ്പോകുന്ന നാലു കുട്ടികളുടെ കഥ പറഞ്ഞ ചിത്രം ഓരോ മലയാളിയുടെയും മനസ്സില്‍ ഇന്നും തീരാനൊമ്പരമാണ്. ഇക്കൂട്ടത്തില്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒരു മുഖമുണ്ട്. പോളിയോ ബാധിച്ച് കാലുകള്‍ തളര്‍ന്നുപോയ റോണി എന്ന കുട്ടിയുടേത്. സഹോദരങ്ങളെയെല്ലാം ഓരോരുത്തര്‍ കൊണ്ടുപോകുമ്പോള്‍ ആര്‍ക്കും വേണ്ടാത്തവനായി ഒറ്റയ്ക്ക് നില്‍ക്കുന്ന അവന്റെ മുഖം ഒരിക്കലും മറക്കാനാവില്ല. ആ കുട്ടി ഇപ്പോള്‍ എവിടെയെന്ന് ഇടയ്‌ക്കെങ്കിലും നാം ഓര്‍ത്തിട്ടുണ്ടാകും. റോണി എന്ന ഒറ്റ കഥാപാത്രത്തിലൂടെ മലയാളിക്ക് പ്രിയപ്പെട്ടവനായി മാറിയ മാര്‍ട്ടിന്‍ കോര ഇന്നു ഗള്‍ഫിലാണ്. വിവാഹിതനാണ്. സ്വകാര്യ ജീവിതത്തെക്കുറിച്ചും സിനിമാ ജീവിതത്തെക്കുറിച്ചും മാര്‍ട്ടിന്‍ പറയുന്നു

എവിടെയായിരുന്നു ഇത്രനാള്‍?
മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ആകാശദൂതില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് കോട്ടയത്തായിരുന്നു. ഞാനും കോട്ടയംകാരനാണ്. ഒരു മാസത്തോളം ഷൂട്ടിങ് ഉണ്ടായിരുന്നു. ഷൂട്ടിങ് തീര്‍ന്നപ്പോള്‍ വീണ്ടും പഠനത്തിലേക്കു തിരിഞ്ഞു. പ്ലസ് ടു കഴിഞ്ഞപ്പോള്‍ മദ്രാസിലെ ലയോള കോളജില്‍ ഡിഗ്രി ചെയ്തു. ഡിഗ്രി ജയിച്ചു കഴിഞ്ഞപ്പോള്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലിക്കു ചേര്‍ന്നു. അവിടെ മൂന്നു വര്‍ഷത്തോളം ജോലി ചെയ്തു. പിന്നെ ഗള്‍ഫിലേക്ക് പോയി. ഇപ്പോള്‍ എട്ടു വര്‍ഷമായി ഖത്തറിലെ ദോഹയിലാണ്. അവിടെ ബിസിനസ്സാണ്.

ആകാശദൂത് ചിത്രത്തിൽ മാർട്ടിൻ കോര

ആകാശദൂത് ചിത്രത്തിൽ മാർട്ടിൻ കോര

ആകാശദൂത് വന്‍വിജയമായിരുന്നിട്ടും പിന്നീട് അവസരങ്ങള്‍ കിട്ടിയില്ലേ?
മാതൃ ദേവോ ഭവ എന്ന തെലുങ്ക് ചിത്രത്തില്‍ അഭിനയിച്ചു. ആകാശദൂതിന്റെ റീമേക്കായിരുന്നു ആ ചിത്രം. നാസര്‍ ആയിരുന്നു അതില്‍ അച്ഛനായിട്ട് അഭിനയിച്ചത്. അതിലും മാധവി തന്നെയായിരുന്നു അമ്മ. അതു കഴിഞ്ഞ് ഒന്നു രണ്ടു സീരിയലുകളില്‍ അഭിനയിച്ചു. പിന്നെ പഠിത്തത്തില്‍ ശ്രദ്ധിക്കേണ്ടതുകൊണ്ട് സിനിമയ്ക്കു പിന്നാലെ പോയില്ല.

ആകാശദൂതിലേക്ക് എത്തിയത് എങ്ങനെ?
പ്രേംപ്രകാശായിരുന്നു ചിത്രത്തിന്റെ നിര്‍മാതാവ്. അദ്ദേഹം കോട്ടയംകാരനായിരുന്നു. ഞാന്‍ സ്‌കൂളിലൊക്കെ മോണോ ആക്ട്, മിമിക്രി ഒക്കെ ചെയ്യുമായിരുന്നു. ഇതദ്ദേഹത്തിന് അറിയാമായിരുന്നു. അങ്ങനെയാണ് എന്നെ തിരഞ്ഞെടുത്തത്.

ക്യമാറയ്ക്ക് മുന്നിലെത്തിയപ്പോള്‍ പേടി തോന്നിയോ?
അന്നു ചെറുപ്പമായിരുന്നില്ലേ. സിനിമയെക്കുറിച്ച് വലുതായിട്ടൊന്നും അറിയില്ല. അതിനാല്‍ തന്നെ പേടിയില്ലായിരുന്നു. പിന്നെ സംവിധായകന്‍ ഞാന്‍ എന്താണ് ചെയ്യേണ്ടതെന്നു കൃത്യമായി പറഞ്ഞുതരും. അദ്ദേഹം പറയുന്നതുപോലെ ചെയ്യും. ഇന്നാണെങ്കില്‍ ഒരുപക്ഷേ പേടി തോന്നുമായിരുന്നു.

martin, korah, actor, akashadooth

ഷൂട്ടിങ് സെറ്റിലെ അനുഭവം?
എല്ലാവരുമായും ഞാന്‍ നല്ല കൂട്ടായിരുന്നു. ചെറിയ കുട്ടിയായതിനാല്‍ എല്ലാവര്‍ക്കും എന്നോട് സ്‌നേഹമായിരുന്നു. മുരളിയും മാധവിയുമൊക്കെ വളരെ സ്‌നേഹത്തോടെയാണ് പെരുമാറിയിരുന്നത്. ഭക്ഷണമൊക്കെ എല്ലാവരും ഒന്നിച്ചിരുന്നാണ് കഴിക്കുക. പിന്നെ ഷൂട്ടിങ് കോട്ടയത്തായിരുന്നതിനാല്‍ എനിക്ക് ദിവസവും വീട്ടില്‍ പോകാം. എനിക്കേറ്റവും സന്തോഷം അതായിരുന്നു.

ആകാശദൂതിലെ മറ്റു ബാലതാരങ്ങളുമായി ഇപ്പോള്‍ അടുപ്പമുണ്ടോ?
എന്റെ സഹോദരനായിട്ട് അഭിനയിച്ചത് ജോസഫ് ആന്റണിയാണ്. കോട്ടയംകാരനാണ്. ഇപ്പോള്‍ ദുബായില്‍ ജോലി ചെയ്യുന്നു. ഞങ്ങള്‍ തമ്മില്‍ ബന്ധമൊന്നുമില്ല. ചെറിയ കുഞ്ഞായിട്ട് അഭിനയിച്ചത് അടൂര്‍കാരനാണ്. ഇപ്പോള്‍ എവിടെയാണെന്നറിയില്ല. എന്റെ ചേച്ചിയായിട്ട് അഭിനയിച്ച സീന ആന്റണിയായിട്ട് മാത്രമേ ഇപ്പോള്‍ അടുപ്പമുള്ളൂ.

martin, korah, actor, akashadootg

സിനിമാ മോഹം ഇപ്പോഴും ഉള്ളിലുണ്ടോ?
തീര്‍ച്ചയായും. മോഹം ഇപ്പോഴുമുണ്ട്. നല്ലൊരു കഥാപാത്രം കിട്ടിയാല്‍ അഭിനയിക്കും.

നായകനല്ലാതെ മറ്റു വേഷം കിട്ടിയാലും ചെയ്യുമോ?
ഉറപ്പായിട്ടും ചെയ്യും. എനിക്ക് ചെയ്യാന്‍ കഴിയുമെന്നു തോന്നിയാല്‍ ചെയ്യും. അതു ചിലപ്പോള്‍ നായകനാവാം, സഹനടനാവാം, വില്ലനാവാം. നല്ല കഥാപാത്രമാണെങ്കില്‍ ചെയ്യും. അതു സിനിമയില്‍ മാത്രമല്ല സീരിയലില്‍ ആണെങ്കിലും ചെയ്യും.

ഇപ്പോഴത്തെ മലയാള സിനിമയെക്കുറിച്ച് ?
ഒരുപാട് സിനിമകള്‍ കാണുന്ന കൂട്ടത്തിലാണ് ഞാന്‍. നല്ല ചിത്രങ്ങള്‍ ഉണ്ടാകുന്നില്ലെന്ന പരാതി ഇടക്കാലത്ത് എനിക്കും ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തിറങ്ങുന്നവയെല്ലാം നല്ല ചിത്രങ്ങളാണ്.

martin, korah, actor, akashadootg

മാർട്ടിൻ ഭാര്യ ഷാലെറ്റിനൊപ്പം

അടുത്തിടെ കണ്ടതില്‍ ഇഷ്ടപ്പെട്ട ചിത്രം?
ജേക്കബിന്റെ സ്വര്‍ഗ്ഗ രാജ്യം ഒരുപാടിഷ്ടമായി. പിന്നെ പുലിമുരുകനും. അതൊരു മാസ് എന്റര്‍ടെയിന്‍മെന്റ് ചിത്രമാണ്.

കുടുംബം?
അച്ഛന്‍ ജോര്‍ജ് കോര. അമ്മ ആലീസ് കോര. ഭാര്യ ഷാലെറ്റ് മാര്‍ട്ടിന്‍. 2015 ലായിരുന്നു വിവാഹം. ഭാര്യ ഖത്തറില്‍ ജോലി ചെയ്യുന്നു. മോഡല്‍ കൂടിയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook