‘ആകാശദൂത്’ എന്ന ചിത്രം കണ്ട് കണ്ണു നനയാത്ത പ്രേക്ഷകർ ചുരുക്കമായിരിക്കും. വിധിയുടെ വിളയാട്ടത്തിൽ അനാഥരായിപ്പോകുന്ന നാലു കുട്ടികളുടെ കഥ പറഞ്ഞ ചിത്രം ഓരോ മലയാളിയുടെയും മനസ്സില്‍ ഇന്നും തീരാനൊമ്പരമാണ്. കൂട്ടത്തിൽ ഏറ്റവും സങ്കടപ്പെടുത്തിയത് പോളിയോ ബാധിച്ച് കാലുകള്‍ തളര്‍ന്നുപോയ റോണി എന്ന കുട്ടിയാണ്. സഹോദരങ്ങളെയെല്ലാം ഓരോരുത്തര് കൊണ്ടുപോകുമ്പോള്‍ ആര്‍ക്കും വേണ്ടാത്തവനായി ഒറ്റയ്ക്ക് നില്ക്കുന്ന റോണി എന്ന കുട്ടിയുടെ മുഖം അത്ര പെട്ടെന്ന് ആർക്കും മറക്കാനാവില്ല…
റോണി എന്ന ഒറ്റ കഥാപാത്രത്തിലൂടെ മലയാളിക്ക് പ്രിയപ്പെട്ടവനായി മാറിയത് മാര്ട്ടിന് കോര എന്ന ചെറുപ്പക്കാരനാണ്. മാർട്ടിൻ ഇന്ന് ഖത്തറിൽ ഖത്തറിലെ സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ്& മാർക്കറ്റിംഗ് മാനേജരായി വർക്ക് ചെയ്യുകയാണ്.
“മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ആകാശദൂതില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് കോട്ടയത്തായിരുന്നു. ഞാനും കോട്ടയംകാരനാണ്. ഒരു മാസത്തോളം ഷൂട്ടിങ് ഉണ്ടായിരുന്നു. ഷൂട്ടിങ് തീര്‍ന്നപ്പോള്‍ വീണ്ടും പഠനത്തിലേക്കു തിരിഞ്ഞു. പ്ലസ് ടു കഴിഞ്ഞപ്പോള്‍ മദ്രാസിലെ ലയോള കോളജില്‍ ഡിഗ്രി ചെയ്തു. ഡിഗ്രി ജയിച്ചു കഴിഞ്ഞപ്പോള്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലിക്കു ചേര്‍ന്നു. അവിടെ മൂന്നു വര്‍ഷത്തോളം ജോലി ചെയ്തു. പിന്നെ ഗള്‍ഫിലേക്ക് പോയി. ഇപ്പോള്‍ എട്ടു വര്‍ഷമായി ഖത്തറിലെ ദോഹയിലാണ്,” ഇന്ത്യൻ എക്സ്പ്രസ്സിനു നൽകിയ അഭിമുഖത്തിൽ മാർട്ടിൻ പറഞ്ഞതിങ്ങനെ.
‘ആകാശദൂതി’നു ശേഷം അതിന്റെ തെലുങ്ക് റീമേക്കായ ‘മാതൃ ദേവോ ഭവ’ എന്ന ചിത്രത്തിലും മാർട്ടിൻ അഭിനയിച്ചു. ആ ചിത്രത്തിലെ അഭിനയത്തിന് ആന്ധ്രാപ്രദേശ് സർക്കാറിന്റെ സംസ്ഥാന അവാർഡും മാർട്ടിനു ലഭിച്ചിരുന്നു. ചിത്രത്തിൽ മുരളിയുടെ അച്ഛൻ കഥാപാത്രത്തെ അവതരിപ്പിച്ചത് നാസർ ആയിരുന്നു.
ഒന്നു രണ്ടു സീരിയലുകളിലും മാർട്ടിൻ അഭിനയിച്ചെങ്കിലും പിന്നീട് പഠിത്തത്തില്‍ ശ്രദ്ധിക്കേണ്ടതുകൊണ്ട് സിനിമയോട് ഗുഡ് ബൈ പറയുകയായിരുന്നു.
ചിത്രത്തിന്റെ നിര്‍മാതാവും കോട്ടയംകാരനുമായ പ്രേംപ്രകാശാണ് മാർട്ടിനെ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്യുന്നത്. “ഞാന്‍ സ്കൂളിലൊക്കെ മോണോ ആക്ട്, മിമിക്രി ഒക്കെ ചെയ്യുമായിരുന്നു. ഇതദ്ദേഹത്തിന് അറിയാമായിരുന്നു. അങ്ങനെയാണ് എന്നെ തിരഞ്ഞെടുത്തത്.” മാർട്ടിൻ പറയുന്നു.

മാർട്ടിൻ ഭാര്യ ഷാലെറ്റിനൊപ്പം
ജോര്‍ജ് കോരയുടെയും ആലീസിന്റെയും മകനായ മാർട്ടിൻ ഇപ്പോൾ വിവാഹിതനാണ്. ഭാര്യ ഷാലെറ്റ് മാര്ട്ടിന്. 2015 ലായിരുന്നു വിവാഹം. ഷാലെറ്റും ഖത്തറില്‍ ജോലി ചെയ്യുന്നു. മോഡല്‍ കൂടിയാണ് ഷാലെറ്റ്.
അഭിമുഖത്തിന്റെ പൂർണരൂപം ഇവിടെ വായിക്കാം: ആകാശദൂതിലെ ആ പയ്യൻ ഇവിടെയുണ്ട്
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook