ദുൽഖർ സൽമാന്റെ പിറന്നാളാണ് ജൂലൈ 28. പിറന്നാളിനു മുൻപേ ദുൽഖറിന് ബോളിവുഡിൽനിന്നൊരു സമ്മാനം കിട്ടിയിരിക്കുകയാണ്. ദുൽഖറിന്റെ ആദ്യ ബോളിവുഡ് ചിത്രമായ കർവാന്റെ സംവിധായകൻ ആകർഷ് ഖുരാനയാണ് പിറന്നാൾ ആഘോഷിക്കാൻ ഒരുങ്ങുന്ന ഡിക്യുവിന് സമ്മാനം നൽകിയത്.

കർവാൻ സിനിമയിൽ കഥാപാത്രങ്ങളെപ്പോലെ തന്നെ ഒരു ബ്ലൂ വാനും നിറഞ്ഞുനിൽക്കുന്നുണ്ട്. സിനിമയിലുടനീളം കഥാപാത്രങ്ങൾക്കൊപ്പം സന്തതസഹചാരിയായി ഈ വാനുമുണ്ട്. ദുൽഖറിന് പിറന്നാൾ സമ്മാനമായി സംവിധായകൻ നൽകിയിരിക്കുന്നത് ഈ വാനാണ്.

”ഈ വാൻ ഡിക്യുവിന് സമ്മാനിക്കാൻ രണ്ടു കാരണങ്ങളുണ്ട്. ഒന്നു തീർച്ചയായും ഇമോഷണലാണ്. ഈ സിനിമയിലെ ഒരു പ്രധാന കഥാപാത്രമാണ് വാൻ. ഇതിലാണ് ദുൽഖർ കൂടുതൽ സമയവും ചെലവഴിച്ചത്. മറ്റൊന്ന് വാഹനങ്ങളോടുളള ദുൽഖറിന്റെ ഇഷ്ടമാണ്. ഇതു കൂടി ചിന്തിച്ചാണ് ബ്ലൂ വാൻ പിറന്നാൾ സമ്മാനമായി നൽകാൻ തീരുമാനിച്ചത്”, ആകാശ് പറഞ്ഞതായി മുംബൈ മിറർ റിപ്പോർട്ട് ചെയ്യുന്നു.

”കാറുകളോടും ബൈക്കുകളോടും ദുൽഖറിന് പ്രത്യേക ഇഷ്ടമാണ്. ബിഎംഡബ്ല്യു എം3, വോക്സ്‌വാഗൻ പോളോ ജിടി, ബിഎംഡബ്ല്യു ഇ46, ബിഎംഡബ്ല്യു ഐ8, ട്രംപ് ബോണിവില്ലേ, ബിഎംഡബ്ല്യു ആർ120 ജിഎസ് തുടങ്ങി വലിയൊരു ശേഖരം തന്നെ താരത്തിന്റെ പക്കൽ ഇപ്പോഴുണ്ട്. ദുൽഖറിന്റെ ശേഖരണത്തിൽ ഈ വാനും കൂടി ഇരിക്കട്ടെ”, ആകാശ് പറഞ്ഞു.

ഓഗസ്റ്റ് 10 നാണ് കർവാൻ റിലീസ് ചെയ്യുന്നത്. ദുൽഖറിന്റെ ആദ്യ ബോളിവുഡ് ചിത്രമാണ്. ഇർഫാൻ ഖാനും മിഥില പാർക്കറുമാണ് ചിത്രത്തിൽ മറ്റു രണ്ടു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആദ്യ പടം റിലീസാവുന്നതിനുമുൻപേ രണ്ടാമത്തെ ബോളിവുഡ് ചിത്രത്തിനും ദുൽഖർ കരാർ ഒപ്പിട്ടു കഴിഞ്ഞിട്ടുണ്ട്.

അഭിനേതാവും തിരക്കഥാകൃത്തുമായ അഭിഷേക് ശര്‍മ സംവിധാനം ചെയ്യുന്ന ‘ദി സോയാ ഫാക്‌ടര്‍’ ആണ് ദുല്‍ഖറിന്റെ അടുത്ത ബോളിവുഡ് ചിത്രം. അനുജാ ചൗഹാന്‍ എഴുതിയ നോവലിനെ ആസ്‌പദമാക്കിയാണ് ചിത്രം. 1983ല്‍ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ കാലത്ത് ജനിച്ച സോയ സിങ് എന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലൂടെയാണ് നോവല്‍ വികസിക്കുന്നത്. സോയയുടെ ഭാഗ്യം കൊണ്ടാണ് ടീം കപ്പ് നേടിയത് എന്നായിരുന്നു വിശ്വാസം. അതിനാല്‍ 2010ലെ ലോകകപ്പിനും ‘സോയ ഫാക്‌ടര്‍’ വിനിയോഗിക്കാന്‍ ഇന്ത്യന്‍ ടീം തീരുമാനിക്കുന്നതാണ് കഥ. ചിത്രത്തില്‍ ഒരു ക്രിക്കറ്റ് താരത്തിന്റെ വേഷമാകും ദുല്‍ഖര്‍ അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ