റോഷ്‌നി ദിനകർ സംവിധാനം ചെയ്‌ത ‘മൈ സ്റ്റോറി’ സിനിമയ്ക്കെതിരെ സൈബർ ആക്രമണം ശക്തമാവുകയാണ്. നടി പാർവ്വതിയെ ലക്ഷ്യമിട്ടുകൊണ്ടുളളതാണ് ആക്രമണം. പാർവ്വതിയുടെ ഒരു സിനിമയും വിജയിപ്പിക്കരുതെന്നാണ് വാട്സ്ആപ്പിലും ഫെയ്സ്ബുക്കിലൂടെയുമുളള പ്രചാരണം.

പൃഥ്വിരാജിനോടും പാർവ്വതിയോടുമുള്ള ദേഷ്യം ‘മൈ സ്‌റ്റോറി’യോട് തീർക്കുന്നുവെന്ന് സംവിധായക റോഷ്‌നി ദിനകർ ആരോപിച്ചിട്ടുണ്ട്. 18 കോടി മുടക്കിയാണ് ചിത്രം റിലീസ് ചെയ്‌തത്. കേരളത്തില്‍ മാത്രമല്ല സംസ്ഥാനത്തിന് പുറത്തും സിനിമ റിലീസ് ചെയ്‌തിരുന്നു. ‘മൈ സ്റ്റോറി’ക്കെതിരെ ആസൂത്രിതമായ ഓൺലൈൻ ആക്രമണം നടക്കുന്നതായും പ്രധാന അഭിനേതാക്കൾ സിനിമയുടെ പ്രചാരണത്തിൽ സഹകരിക്കുന്നില്ലെന്നും സംവിധായക അഭിപ്രായപ്പെട്ടു. സിനിമയുടെ പാട്ടുകളും ടീസറും പുറത്തിറക്കിയതു മുതൽ സൈബർ ആക്രമണം തുടങ്ങിയെന്നും സംവിധായക പറഞ്ഞിരുന്നു.

മൈ സ്റ്റോറിക്ക് പിന്തുണയുമായി നടൻ അജു വർഗ്ഗീസ് രംഗത്തെത്തിയിട്ടുണ്ട്. ഫെയ്സ്ബുക്ക് വീഡിയോയിലൂടെയാണ് അജു ചിത്രത്തിനുളള തന്റെ പിന്തുണ അറിയിച്ചത്. ”ഒരു വ്യക്തിയെ മാത്രം ലക്ഷ്യമിട്ടുളള ആക്രമണമാണ് ഈ സിനിമയ്ക്കെതിരെ ഇപ്പോൾ നടക്കുന്നത്. വലിയ ബജറ്റിലൊരുക്കിയ സിനിമയാണിത്. വിദേശത്തായിരുന്നു ചിത്രീകരണം. നല്ലൊരു പ്രണയകഥയാണ്. സസ്‌പെൻസും ഉണ്ട്. ഒരുപാട് പേരുടെ പരിശ്രമമാണ് ഈ സിനിമയെന്നും തന്റെ എല്ലാ പിന്തുണയും മൈ സ്റ്റോറിക്കുണ്ടെന്നും” അജു പറയുന്നു.

മമ്മൂട്ടിയുടെ കസബ എന്ന ചിത്രത്തിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാട്ടിയതോടെ ആരാധക സംഘത്തിന്റെ കണ്ണിലെ കരടായി പാർവ്വതി മാറിയത്. ഇതിനുപിന്നാലെ പാർവ്വതിയുടെ ചിത്രങ്ങൾക്കെതിരെ സൈബർ ആക്രമണം രൂക്ഷമായി. മൈ സ്റ്റോറി എന്ന സിനിമയാണ് കൂടുതൽ ഇതിന് ഇരയായത്. ചിത്രത്തിലെ പാട്ടുകളും ടീസറും ട്രെയിലറും പുറത്തിറങ്ങിയപ്പോൾ ഡിസ്‌ലൈക്ക് നൽകിയാണ് മമ്മൂട്ടി ആരാധകർ പാർവ്വതിയോടുളള ദേഷ്യം തീർത്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook