വ്യത്യസ്‌തമായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്‌ടം സ്വന്തമാക്കിയ താരമാണ് അജു വർഗീസ്. വിനീത് ശ്രീനിവാസന്റെ ആദ്യ ചിത്രം ‘മലർവാടി ആർട്‌സ് ക്ലബി’ലൂടെയാണ് അജു സിനിമാലോകത്തെത്തുന്നത്. പിന്നീട് ‘തട്ടത്തിൻ മറയത്ത്’, ‘നേരം’, ‘പുണ്യാളൻ അഗർബത്തീസ്’, ‘ഓം ശാന്തി ഓശാന’, ‘ലൗ ആക്ഷൻ ഡ്രാമ’, ‘ഹൃദയം’, ‘ജയ ജയ ജയ ജയഹേ’ തുടങ്ങി അനവധി ചിത്രങ്ങളിൽ അജു ശ്രദ്ധേമായ കഥാപാത്രങ്ങൾ ചെയ്‌തു. അഭിനയത്തിൽ മാത്രമല്ല നിർമാണ രംഗത്തും അജു തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ധ്യാൻ ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം എന്നിവർക്കൊപ്പം ഫന്റാസ്റ്റിക്ക് ഫിലിംസ് എന്ന നിർമാണ കമ്പനിയും താരം ആരംഭിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം കുട്ടികളുടെ വിശേഷങ്ങളും മറ്റും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഭാര്യ അഗസ്റ്റീനയ്ക്ക് വിവാഹ വാർഷികാശംസകൾ അറിയിച്ചു കൊണ്ടുള്ള ചിത്രമാണ് അജു പങ്കുവച്ചിരിക്കുന്നത്. രസകരമായ അടികുറിപ്പും അജു ചിത്രത്തിനു താഴെ നൽകിയിട്ടുണ്ട്.” കരകാണാ കടലല മേലെ. മോഹത്തിൻ കുരുവി പറന്നു.പറക്കാൻ തുടങ്ങി 9 വർഷം” എന്നാണ് താരം കുറിച്ചത്. അഗസ്റ്റീനയ്‌ക്കൊപ്പമുള്ള ചിത്രവും ഷെയർ ചെയ്‌തിട്ടുണ്ട്. നടൻ സിജു വിത്സൻ, സംവിധായകൻ തരുൺ മൂർത്തി എന്നിവർ പോസ്റ്റിനു താഴെ ആശംസയറിയിച്ചിട്ടുണ്ട്.
2014 ഫെബ്രുവരി 24നായിരുന്നു അജുവിന്റെയും അഗസ്റ്റീനയുടെയും വിവാഹം. ഇരട്ടക്കുട്ടികളുടെ വീടെന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് നടൻ അജു വർഗീസിന്റെ വീട്.അജുവിനും അഗസ്റ്റീനയ്ക്കും നാലു കുട്ടികളാണ് ഉള്ളത്. ഇരട്ടകളായ ഇവാനും ജുവാനയും ലുക്കും ജെയ്ക്കും.
‘മോമോ ഇൻ ദുബായ്’ ആണ് അജുവിന്റെ അവസാനമായി റിലീസിനെത്തിയ ചിത്രം. 2018, ‘ഉല്ലാസപൂത്തിരികൾ’,’നടികളിൽ സുന്ദരി യമുന’, ‘അജയന്റെ രണ്ടാം മോഷണം’ എന്നിവയാണ് അജുവിന്റെ പുതിയ ചിത്രങ്ങൾ.