നിരവധി ഫിലിം ഫെസ്റ്റിവലുകളിൽ അന്തര്‍ദേശീയ – ദേശീയ തലങ്ങളിൽ പല വിഭാഗങ്ങൾക്കുമായി അവാർഡുകൾ നേടിയ ‘എക്സോഡസ്’ എന്ന ഹ്രസ്വചിത്രം അജു വർഗ്ഗീസ് ലോഞ്ച് ചെയ്തു. മാധവ് വിഷ്ണു കഥയൊരുക്കി സംവിധാനവും ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്ന ഭാവിയുടെ പശ്ചാത്തലത്തിലുള്ള ഈ ചിത്രം മനുഷ്യന്റെ അത്യാർത്തി കാലത്തിനനുസരച്ച് എത്രത്തോളം വളരുമെന്ന് അന്വേഷിക്കുവാനുള്ള ശ്രമമാണ്.

റോസ് എന്ന പെൺകുട്ടിയുടെ കഥയാണ് ‘എക്സോഡസ്’ പറയുന്നത്. അവളുടെ മസ്‌തിഷ്‌കത്തിന്റെ സ്ഥാനത്ത് ‘എ.ഐ.ബി’ അഥവാ ‘ആർട്ടിഫിഷ്യൽ ഇന്റലിജന്റ് ബ്രെയിൻ’ എന്ന ഉപകരണമാണുള്ളത്. ‘എ.ഐ.ബി’യുടെ പ്രോഗ്രാമിങിന്റെ ഒരു പ്രത്യേകത കാരണം റോസ് തന്റെ ഭൂതകാലവുമായി കൈകോർക്കാൻ ഇടയാകുന്നു. മനുഷ്യത്വമില്ലാത്ത നിർദയ ലോകത്തിന്റെ ഇരയായി അവൾ എങ്ങനെ മാറുന്നുവെന്ന് ചിത്രം കാട്ടിത്തരുന്നുണ്ട്.

തന്റെ ഹ്രസ്വചിത്രത്തെ കുറിച്ച് മാധവ് വിഷ്ണു പറയുന്നു, “എന്റെ കോളേജ് പഠനത്തിന്റെ ഭാഗമായാണ് എക്സോഡസ് ഒരുക്കിയത്. വിഷ്വൽ എഫക്ട്സ്, കലാസംവിധാനം, സൗണ്ട് എഫക്റ്റ്സ് അങ്ങനെ സിനിമയുടെ വിവിധ സാങ്കേതിക വശങ്ങൾ പഠിക്കുവാനും അറിയുവാനുമുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇത്തരത്തിലുള്ള ഒരു പരീക്ഷണ ചിത്രം. ഒരു ചെറിയ സമയം കൊണ്ട്, പരിമിത സാഹചര്യങ്ങളിൽ എങ്ങനെ പ്രേക്ഷകർക്കിടയിൽ യാഥാർഥ്യബോധ്യത്തിനും ഫാന്റസിക്കുമിടയിൽ ലോജിക് ആയി ഒരു രസച്ചരട് കെട്ടാം എന്ന ഒരു അന്വേഷണ ശ്രമം. തുടർന്ന് ചിത്രത്തിന്റെ ആദ്യ പ്രദർശനം ഞങ്ങളുടെ കോളേജിൽ സംവിധായകൻ ലാൽ ജോസ് സർ ഉൾപ്പെടുന്ന സദസ്സിനുമുന്നിൽ നടന്നപ്പോൾ അദ്ദേഹത്തിൽ നിന്ന് പ്രേത്യേക പരാമർശം ലഭിക്കാനും ഈ ചിത്രം എനിക്ക് നിമിത്തമായി.”

അസിൻ, ദിദിമോസ്, അനുഷ, അപർണ മെറി, ശിവപ്രസാദ്, അർജുൻ, ജിത്തിൻ, അമൽ എന്നിവരാണ് എക്സോഡസിൽ അഭിനയിച്ചിരിക്കുന്നത്. അരുൺ സ്വാമിനാഥൻ ഛായാഗ്രഹണവും ദിനരാജ് പള്ളത്ത് സിജിഐയും വിഎഫ്എക്സ്സും നിർവഹിച്ചിരിക്കുന്നു. വിഘ്നേഷ് മേനോന്റേതാണ് പശ്ചാത്തലസംഗീതം. സോഷിയോ പ്രൊഡക്ഷൻസിന്റെ കൂടെ ജലജ വിജയൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജലജ വിജയനും മാധവ് വിഷ്ണുവും ചേർന്നാണ് ഈ ഹ്രസ്വചിത്രം നിർമിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യൽ ഓൺലൈൻ പാർട്ണർ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ