മലേഷ്യയിൽ നടന്ന താരസംഗമമായ നക്ഷത്ര വിഴാവിൽ തമിഴകത്തെ ഒട്ടുമിക്ക താരങ്ങളും പങ്കെടുത്തിരുന്നു. രജനീകാന്ത്, കമൽഹാസൻ തുടങ്ങി തമിഴ് സിനിമയില പ്രധാന താരങ്ങളെല്ലാം നിശയിൽ പങ്കെടുക്കാനെത്തി. താരസംഗമത്തിൽ വിജയ്, അജിത് എന്നിവരുടെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നു. പൊതുവേ ഇത്തരം ചടങ്ങുകളിൽ ഒന്നും അജിത്തിനെ കാണാൻ സാധിക്കാറില്ല. ഇതും അങ്ങനെ ആവുമെന്നാണ് ആരാധകർ കരുതിയത്. പക്ഷേ അജിത് താരനിശയിൽ പങ്കെടുക്കാത്തതിന്റെ യഥാർത്ഥ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് മുതിർന്ന നടനും സംവിധായകനുമായ എസ്.വേ.ശേഖർ.

തമിഴ് സിനിമാ അഭിനേതാക്കളുടെ സംഘടനയായ നടികർ സംഘത്തിന്റെ പുതിയ കെട്ടിടത്തിന് ഫണ്ട് സ്വരൂപിക്കുന്നതിനുവേണ്ടിയാണ് നക്ഷത്ര വിഴാ സംഘടിപ്പിച്ചത്. പരിപാടിയിൽ പങ്കെടുക്കുന്നതിന് നടികർ സംഘം അംഗങ്ങൾ അജിത്തിനെ ക്ഷണിച്ചിരുന്നു. പക്ഷേ അജിത് അത് നിഷേധിക്കുകയായിരുന്നു. ഇതിനു അജിത്തിന് ഒരു കാരണമുണ്ടായിരുന്നുവെന്നാണ് ശേഖർ പറഞ്ഞത്.

Read More: നക്ഷത്ര വിഴാ 2018 -രജനികാന്തും കമലഹാസനും ഒന്നിച്ച് ഒരു വേദിയിൽ

”തമിഴ് സിനിമയിലെ പ്രധാനപ്പെട്ട 10 നടന്മാർ വിചാരിച്ചാൽ കെട്ടിടം നിർമ്മിക്കുന്നതിനുളള പണം നൽകാൻ കഴിയും. അതിനുവേണ്ടി ഒരു താരസംഗമം നടത്തി മലേഷ്യയിലെ തമിഴ് ജനങ്ങളിൽനിന്നും പണം സ്വരൂപിക്കേണ്ട ആവശ്യമില്ല. ജനങ്ങൾ പണം കൊടുത്ത് നമ്മുടെ സിനിമ തിയേറ്ററിൽ പോയി കാണുന്നുണ്ട്. അവർ നൽകുന്ന പണം കൊണ്ടാണ് നമുക്ക് ശമ്പളം കിട്ടുന്നത്. അപ്പോൾ നമുക്കുവേണ്ടി ഒരു കെട്ടിടം പണിയുമ്പോൾ അതിനുളള ചെലവും നമ്മൾ വഹിക്കണം” ഇതായിരുന്നു അജിത് പറഞ്ഞത്.

നടികർ സംഘത്തിന്റെ കെട്ടിട നിർമ്മാണത്തിനായി ഫണ്ട് സ്വരൂപിക്കുന്നത് സിനിമാ താരങ്ങളുടെ ക്രിക്കറ്റ് മൽസരം നടത്തിയിരുന്നു. പക്ഷേ അതിൽനിന്നും പ്രതീക്ഷിച്ച അത്ര ഫണ്ട് സ്വരൂപിക്കാനായില്ല. തുടർന്നാണ് മലേഷ്യയിൽ താരസംഗമം നടത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ