സോഷ്യൽ മീഡിയയുമായി ഒരകലം സൂക്ഷിക്കുന്ന താരമാണ് അജിത്ത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നും അജിത്തോ ശാലിനിയോ സജീവമല്ല. അതിനാൽ തന്നെ വളരെ അപൂർവ്വമായി മാത്രമേ ഈ താരകുടുംബത്തിന്റെ ചിത്രങ്ങൾ ആരാധകരിലേക്ക് എത്താറുള്ളൂ.
ഇപ്പോഴിതാ, ഏറെ നാളുകൾക്കു ശേഷം അജിത്തിന്റെയും ശാലിനിയുടെയും ഒരു കുടുംബചിത്രം കണ്ട സന്തോഷത്തിലാണ് ആരാധകർ. മക്കളായ അനൗഷ്കയ്ക്കും ആദ്വിക്കിനുമൊപ്പം നിൽക്കുന്ന അജിത്- ശാലിനി ദമ്പതികളുടെ ചിത്രമാണ് ഫാൻസ് ഗ്രൂപ്പുകളുടെ ശ്രദ്ധ നേടുന്നത്.

തമിഴകത്തിനു മാത്രമല്ല, മലയാളി പ്രേക്ഷകരെ സംബന്ധിച്ചും പ്രിയപ്പെട്ട താരജോഡികളാണ് അജിത്തും ശാലിനിയും. ശാലിനിയെ വിവാഹം ചെയ്ത് മലയാളത്തിന്റെ മരുമകനായ അജിത്തിന് കേരളത്തിലുമുണ്ട് നിറയെ ആരാധകര്‍.
1999 ൽ ‘അമര്‍ക്കളം’ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് അജിത്തും ശാലിനിയും പ്രണയത്തിലാകുന്നത്. ആ പ്രണയം വിവാഹത്തില്‍ എത്തിയത് 2000 ഏപ്രില്‍ മാസത്തിലാണ്. നായികയായിരുന്ന ശാലിനിയുടെ നേര്‍ക്ക് കത്തി വീശുന്ന ഒരു ഷോട്ടില്‍, അജിത് അറിയാതെ ശാലിനിയുടെ കൈ മുറിച്ചതു മുതലാണ് ഇവരുടെ പ്രണയം തുടങ്ങുന്നത്. മുറിവ് ശാലിനി കാര്യമാക്കിയില്ലെങ്കിലും അജിത്തിന് അത് വലിയ മനഃപ്രയാസമുണ്ടാക്കി. മുറുവുണങ്ങുന്ന സമയം കൊണ്ട് അജിത് എന്ന മനുഷ്യന്റെ സ്നേഹവും കരുണയും എന്താണ് എന്ന് താൻ മനസ്സിലാക്കിയെന്നാണ് അജിത്തുമായി പ്രണയം തുടങ്ങിയതിനെ കുറിച്ച് ശാലിനി പറഞ്ഞത്.
ബാലതാരമായി സിനിമയില്‍ എത്തി നായികയായ വളര്‍ന്ന ശാലിനി അതോടെ സിനിമയോട് വിട പറഞ്ഞു. “അഭിനയം ഇഷ്ടമായിരുന്നു, പക്ഷേ അജിത്തിനെയായിരുന്നു കൂടുതല്‍ ഇഷ്ടം.” എന്നാണ് മുഴുവന്‍ സമയ കുടുംബിനിയായതിനെക്കുറിച്ച് 2009 ല്‍ ജെഎഫ്ഡബ്ല്യൂ മാസികയോട് സംസാരിക്കവേ ശാലിനി പറഞ്ഞ വാക്കുകൾ. “സിനിമ വിട്ടതില്‍ സങ്കടമില്ല. കാരണം വീടും സിനിമയും ഒരുമിച്ചു കൊണ്ട് പോകാന്‍ പറ്റുന്ന ഒരാളല്ല ഞാന്‍. ജീവിതത്തില്‍ എന്തിനാണ് മുന്‍ഗണന നല്‍കേണ്ടത് എന്ന് എനിക്ക് വ്യക്തമായിരുന്നു, ഇപ്പോള്‍ എനിക്ക് സമാധാനമുണ്ട്.”

21-ാമത്തെ വയസിലാണ് അജിത് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ തമിഴ് ചിത്രം ‘അമരാവതി’. ഈ സിനിമക്ക് ശേഷം ഒരു മത്സരയോട്ടത്തില്‍ പരുക്ക് പറ്റി ഒന്നര വര്‍ഷക്കാലം വിശ്രമത്തിലായിരുന്നു. 1995ല്‍ ‘ആസൈ’ എന്ന ചിത്രത്തില്‍ അഭിനയിച്ചു. ഇത് വളരെ വലിയ ഹിറ്റായിരുന്നു. തുടര്‍ന്നുള്ള കാലത്തില്‍ ഒരുപാടു റൊമാന്റിക് സിനിമകളിലൂടെ അദ്ദേഹം തമിഴിലെ യുവാക്കളുടെ ഇടയില്‍ വലയ ഹരമായി. ഈ കാലഘട്ടത്തില്‍ വാലി (1999) എന്ന ചിത്രത്തിന് അദ്ദേഹത്തിന് ആദ്യ ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു. ശേഷം മലയാളത്തിന്റെ മമ്മൂട്ടിക്കൊപ്പം ‘കണ്ടു കൊണ്ടേന്‍ കണ്ടു കൊണ്ടേന്‍’ എന്ന ചിത്രത്തിലും അഭിനയിച്ചു. തന്റെ 50-മത് ചിത്രം മങ്കാത തമിഴിലെ വലിയ ആഘോഷം ആയിട്ടാണ് പുറത്തിറക്കിയത്. ഇത് തമിഴിലെ വലിയ റെക്കോര്‍ഡ് ചിത്രവുമായിരുന്നു.
Read More: മകന്റെ പിറന്നാൾ ആഘോഷമാക്കി അജിത്തും ശാലിനിയും; വീഡിയോ