തിയേറ്ററുകളില്‍ തരംഗം സൃഷ്ടിക്കുന്നതിന് മുന്‍പേ ബിസിനസ്‌ ഉറപ്പാക്കി തമിഴിന്‍റെ ബ്ലോക്ക്‌ ബസ്റ്ററുകള്‍. ശിവ സംവിധാനം ചെയ്തു അജിത്‌ നായകനാകുന്ന വിവേഗം, ആട്ലിയുടെ സംവിധാനത്തില്‍ വിജയ്‌ നായകനാകുന്ന മെര്‍സല്‍ എന്നീ ചിത്രങ്ങളാണ് പ്രീ റിലീസ് മാര്‍ക്കറ്റില്‍ വിജയം കൊയ്തിരിക്കുന്നത്. വിവേഗം സണ്‍ ടി വി യും, മെര്‍സല്‍ സി ടീവിയുടെ തമിഴ് ചാനൽ വാങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. വില വിവരങ്ങള്‍ പുറത്തു വന്നിട്ടില്ലെങ്കിലും മോഹ വിലയ്ക്കാണ് കച്ചവടം നടന്നതെന്ന് കരുതപ്പെടുന്നു.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തമിഴിലെ സാറ്റലൈറ്റ് ചാനലുകള്‍ പുതിയ ചിത്രങ്ങള്‍ വാങ്ങുന്നതില്‍ താല്‍പര്യക്കുറവ് കാണിച്ചിരുന്നു. കേബിള്‍ ടി വി പൈറസിയാണ് അവരെ ചിത്രങ്ങള്‍ വാങ്ങുന്നതില്‍ നിന്നും പിന്തിരിപ്പിച്ചത്. ഇക്കാരണത്താല്‍ ഏതാണ്ട് മുന്നൂറോളം ചിത്രങ്ങളുടെ സാറ്റലൈറ്റ് വില്‍പ്പന ബാധിക്കപ്പെട്ടിരുന്നു; രജനികാന്തിന്‍റെ കബാലി, വിജയുടെ തെറി, എന്നിവ ഉള്‍പ്പടെ.

എന്നാല്‍, ഇക്കൊല്ലം ഈ സ്ഥിതിവിശേഷം അല്പം മാറിയിട്ടുണ്ട്. പ്രമുഖ താരങ്ങളുടെയെല്ലാം ചിത്രങ്ങളുടെ സാറ്റലൈറ്റ് വില്‍പ്പന നടന്നിട്ടുള്ളതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അജിത്തിന്‍റെ സ്പൈ – ത്രില്ലെര്‍ വിവേഗം കാണികള്‍ ഏറെ പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന ഒരു ചിത്രമാണ്. ഈ ചിത്രത്തിന്‍റെ സംവിധായകന്‍ ശിവയുമായി അജിത്‌ കൈകോര്‍ക്കുന്നത് ഇത് മൂന്നാം തവണയാണ്. വീരം, വേതാളം എന്നിവയാണ് മറ്റു ചിത്രങ്ങള്‍.

വിവേഗത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്ററില്‍ കണ്ട അജിത്തിന്‍റെ ലുക്ക്‌ ആരാധകരെ ത്രസിപ്പിക്കുന്നതായിരുന്നു. അനിരുദ്ധ് രവിച്ചന്ദര്‍ സംഗീതം നല്‍കിയ ഗാനങ്ങള്‍ ഹിറ്റ്‌ പട്ടികയില്‍ ഇടം നേടി കഴിഞ്ഞു. ഓഗസ്റ്റ്‌ 11 നാണ് വിവേഗം തിയേറ്ററുകളില്‍ എത്തുക.

മെര്‍സല്‍ കാണാന്‍ വിജയ്‌ ആരാധകര്‍ ഒക്ടോബര്‍ വരെ കാത്തിരിക്കേണ്ടി വരും. പ്രമുഖ താരങ്ങളും സാങ്കേതിക വിദഗ്ദ്ധരും അണിനിരക്കുന്ന ഈ അട്ളി ചിത്രത്തില്‍ വിജയ്‌ മൂന്ന് വേഷങ്ങളില്‍ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. നാട്ടിന്‍പുറത്ത്‌കാരന്‍, മാജിക്കുകാരന്‍, എന്നീ വേഷങ്ങള്‍ കൂടാതെ ഒരു സര്‍പ്രൈസ് വേഷത്തിലും ഇളയതളപതി എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ