അച്ഛൻ, മകൾ ബന്ധത്തിന്റെ ഹൃദയസ്പർശിയായ കഥയുമായി കുടുംബപ്രേക്ഷകരുടെ ഹൃദയം കവരാൻ അജിത്തിന്റെ ‘വിശ്വാസം’ തിയേറ്ററുകളിലെത്തി. രജനീകാന്തിന്റെ ‘പേട്ട’യ്ക്ക് ഒപ്പം റിലീസിനെത്തിയ ‘വിശ്വാസ’വും പ്രതീക്ഷകൾ തെറ്റിക്കാതെ തിയേറ്ററുകളിൽ കയ്യടികൾ വാങ്ങിക്കൂട്ടുകയാണ്. ‘വീരം’, ‘വേതാളം’, ‘വിവേകം’ എന്നീ ചിത്രങ്ങൾക്ക് ശേഷം അജിത്തും സംവിധായകൻ ശിവയും ഒന്നിക്കുന്ന ‘വിശ്വാസ’വും ഒരു വിജയ മസാലചിത്രത്തിനുള്ള ചേരുവകൾ എല്ലാം ചേർത്താണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ഒപ്പം കുടുംബപ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ ഒരുക്കിയിരിക്കുന്ന രണ്ടാം പകുതി ഹൃദയത്തെ സ്പർശിക്കുമെന്നാണ് പ്രേക്ഷകരുടെ ആദ്യഘട്ട പ്രതികരണം. നയൻതാര നായികയാവുന്ന ചിത്രത്തിൽ യോഗി ബാബു, വിവേക്, റോബോ ശങ്കർ, തമ്പി റമൈഹ, കോവൈ സരള തുടങ്ങി വൻതാരനിര തന്നെയുണ്ട്.

“ഒരു അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധം വളരെ വൈകാരികമായി അവതരിപ്പിക്കുന്ന പെർഫെക്റ്റ് എന്റർടെയിനർ ആണ് ‘വിശ്വാസം’. രണ്ടു ഗെറ്റപ്പുകളിലും അജിത്ത് തകർത്തു. ചെറുപ്പക്കാരനായും സാൾട്ട് ആന്റ് പെപ്പർ ലുക്കും ഒന്നിനൊന്ന് മികവു പുലർത്തി. തന്റെ ഫാൻസിനെയും സാധാരണ പ്രേക്ഷകരെയും ഒരുപോലെ സംതൃപ്തരാക്കാൻ അജിത്തിനു കഴിയുന്നുണ്ട്. മകളുമൊത്തുള്ള നിമിഷങ്ങൾ മറക്കാനാവാത്ത രീതിയിൽ മനോഹരമാക്കിയിരിക്കുന്നു. നയൻതാരയും അജിത്തും തമ്മിലുള്ള റൊമാന്റിക് കെമിസ്ട്രിയും മനോഹരമായിരിക്കുന്നു,” ട്രേഡ് അനലിസ്റ്റ് ആയ രമേഷ് ബാല പറയുന്നു.

Read more: അഞ്ചു മണിക്കൂര്‍ കൊണ്ട് അഞ്ചു ദശലക്ഷം കാഴ്ചക്കാര്‍: ‘തല’യെടുപ്പോടെ ‘വിശ്വാസം’ ട്രെയിലര്‍

‘ബില്ല’, ‘ആരംഭം’, ‘അയേഗൻ’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അജിത്തും നയന്‍താരയും ഒന്നിക്കുന്ന ചിത്രം കൂടിയാണ്’ വിശ്വാസം’. ഈ ചിത്രത്തിനായി നയന്‍താര മറ്റു ചിത്രങ്ങളുടെ ഡേറ്റുകള്‍ വരെ അഡ്ജസ്റ്റ് ചെയ്തിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അജിത്തിനോടുള്ള ബഹുമാനംകൊണ്ട് കഥ പോലും കേള്‍ക്കാതെയാണ് നയന്‍താര സിനിമ ചെയ്യാന്‍ തയ്യാറായത് എന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

മലയാളിയും ബാലതാരവുമായ അനിഘയാണ് അജിത്തിന്റെ മകളായി വേഷമിടുന്നുണ്ട്. ഗൗതം മേനോന്‍ ചിത്രമായ ‘എന്നെയ് അറിന്താലി’ലും അജിത്തിന്റെ മകളായി അനിഘ അഭിനയിച്ചിട്ടുണ്ട്. ഇതിലെ ‘ഉണക്കെന്ന വേണം സൊല്ല്’ എന്ന ഗാനം സൂപ്പര്‍ ഹിറ്റായിരുന്നു. തമിഴിൽ അനിഘയുടെ നാലാമത്തെ ചിത്രമാണിത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ