‘തല’ അജിത്തിന്റെ അഭിനയജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും പോപ്പുലറുമായ ഒരു ഗാനമാണ് സംവിധായകന് ഗൗതം മേനോന്റെ ‘എന്നെ അറിന്താല്‍’ എന്ന ചിത്രത്തിലെ ‘ഉനക്കെന വേണും സൊല്ല്’ എന്ന ഗാനം. ഒരച്ഛന് മകളെ സ്നേഹിക്കുന്നത് പോലെയോ, അതിനപ്പുറത്തോ, ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകളെ സ്നേഹിക്കുന്ന ഒരു ഐപിഎസ് ഓഫീസറായി അജിത് തിളങ്ങിയപ്പോള്‍ അതിനൊപ്പം തന്നെ പ്രേക്ഷകരുടെ മനം കവര്‍ന്നത് അനിഘ സുരേന്ദ്രന് എന്ന മലയാളി പെണ്‍കുട്ടിയാണ്. ‘കഥ തുടരുന്നു’ എന്ന സിനിമയിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച അനിഘ കഴിഞ്ഞ എട്ടു വര്‍ഷങ്ങളായി തമിഴ്, മലയാളം ചിത്രങ്ങളില്‍ സജീവയാണ് അജിത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘വിശ്വാസ’ത്തിലും അനിഘയുണ്ട്. തമിഴിൽ അനിഘയുടെ നാലാമത്തെ ചിത്രമാണിത്. ‘വിശ്വാസ’ത്തില്‍ അജിത്തിന്റെ മകളായിട്ടാണ് അനിഘ വേഷമിടുന്നത്.
‘തല’യോടൊപ്പം വീണ്ടും അഭിനയിക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഈ കുട്ടിത്താരം. ‘വിശ്വാസ’ത്തിന്റെ ലൊക്കേഷനില്‍ നിന്നും അനിഘ ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തോട് സംസാരിച്ചു.
“തമിഴിൽ ഞാൻ അഭിനയിച്ച ‘മാ’ ഷോർട് ഫിലിം കണ്ടിട്ടാണ് ഈ സിനിമയിലേക്ക് വിളിക്കുന്നത്. അജിത് സാറിന്റെ മകളായിട്ടാണെന്ന് അറിഞ്ഞപ്പോൾ വലിയ സന്തോഷമായി”, അനിഘ പറഞ്ഞു. തെന്നിന്ത്യയിലെ മുന്‍നിര താരത്തെ അടുത്തു നിന്ന് കണ്ടപ്പോള്‍ കൂടുതല്‍ ബഹുമാനം തോന്നി എന്നും അനിഘ കൂട്ടിച്ചേര്‍ക്കുന്നു.
”സെറ്റിൽ അജിത് സാർ വളരെ കൂളാണ്. ഒരുപാട് സംസാരിക്കും. ചില സീനൊക്കെ എങ്ങനെയാണ് ചെയ്യേണ്ടതെന്ന് പറഞ്ഞു തരും. സ്വന്തം മോളെപ്പോലെ തന്നെയാണ് കരുതുന്നത്, വളരെ കെയറിങ്ങാണ്”.
‘വീരം’, ‘വേതാളം’, ‘വിവേകം’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന് ശിവയും അജിത്തും ഒന്നിക്കുന്ന ചിത്രമായ ‘വിശ്വാസ’ത്തില്‍ നയന്‍താരയാണ് നായിക. ‘ബില്ല’, ‘ഏഗന്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഇവര്‍ ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ‘വിശ്വാസത്തി’ല്‍ ഒരു ഡോക്ടറുടെ വേഷത്തിലാണ് നയന്‍താര എത്തുക.
“ചേച്ചിയും അജിത് സാറിനെപ്പോലെ വളരെ കെയറിങ്ങാണ്. എന്റെ കോസ്റ്റ്യൂമും ഹെയർസ്റ്റൈലുമൊക്കെ ശരിയാണോ എന്നൊക്കെ നോക്കി ചില നിര്‍ദ്ദേശങ്ങള്‍ തരാറുണ്ട്”, നയന്‍താരയെക്കുറിച്ച് അനിഘയുടെ വാക്കുകള്‍ ഇങ്ങനെ.
“വളരെ സിംപിളായ ഒരാളാണ് അവര്‍. ധാരാളം സംസാരിക്കുന്ന ആളുമാണ്”, ‘നാനും റൗഡി താൻ’ സിനിമയിൽ നയൻതാരയുടെ ബാല്യകാലം അഭിനയിച്ച അനിഘ പറയുന്നു.
സത്യജ്യോതി ഫിലിംസ് ആണ് ‘വിശ്വാസം’ നിർമ്മിക്കുന്നത്. ഡി.ഇമൻ ആണ് സംഗീതം. ദിപാവലിക്ക് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ 2019 പൊങ്കല്‍ റിലീസ് ആയി ചിത്രം എത്താനാണ് സാധ്യത എന്നാണ് ഇപ്പോള്‍ അറിയാന്‍ കഴിയുന്നത്.
ഒൻട്രാഗ എന്റടെയിന്മെന്റ്സ് ഈ വര്‍ഷമാദ്യം റിലീസ് ചെയ്ത ‘മാ’ എന്ന ഹ്രസ്വചിത്രത്തിലെ അനിഘയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. കെ.എം.സര്‍ജ്ജുന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ‘അമ്മു’ എന്ന പതിനഞ്ചു വയസ്സുകാരിയായിട്ടാണ് അനിഘ വേഷമിട്ടത്. മലയാളി അഭിനേത്രി കനി കുസൃതിയാണ് അമ്മുവിന്റെ അമ്മയായി എത്തിയത്. പത്താം തരാം വിദ്യാര്‍ഥിനിയായ അമ്മു ഗര്‍ഭിണിയാകുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
“ഗൗതം മേനോൻ സാറിന്റെ നിർമ്മാണ കമ്പനിയായ ഒൻട്രാഗ എന്റടെയിന്മെന്റ്സ് ആണ് മാ ഷോർട് ഫിലിം നിർമ്മിച്ചിരിക്കുന്നത്. സാറിന്റെ എന്നെ അറിന്താൽ സിനിമയിൽ ഞാൻ അഭിനയിച്ചിരുന്നു. അങ്ങനെ സാറാണ് എന്നെ ഈ ഷോർട് ഫിലിമിലേക്ക് സജസ്റ്റ് ചെയ്യുന്നത്. കഥ മുഴുവൻ മുഴുവൻ കേട്ടപ്പോൾ തന്നെ ഇഷ്ടമായി” അനിഘ പറഞ്ഞു. ഷോർട് ഫിലിമിന് എല്ലായിടത്തുനിന്നും മികച്ച പ്രതികരണമാണ് കിട്ടിയത്. സോഷ്യൽ മീഡിയയിൽനിന്നും സ്കൂളിൽനിന്നും നല്ല പ്രതികരമാണ് കിട്ടിയതെന്ന് ‘മാ’യിലെ ‘അമ്മു’ എന്ന ബോൾഡായ കഥാപാത്രം മികച്ചതാക്കിയ കൊച്ചുമിടുക്കി പറഞ്ഞു.
മലയാളത്തിൽ കുഞ്ചാക്കോ ബോബൻ നായകനാവുന്ന ചിത്രത്തിൽ അനിഘ അഭിനയിക്കുന്നുണ്ട്. ഇതിൽ ലെനയുടെ മോളുടെ വേഷത്തിലാണ് അനിഘ എത്തുന്നത്.
സിനിമയിലെ തിരക്കുകൾക്കിടയിലും പഠിത്തവും ഒപ്പം അനിഘ മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്. അഞ്ചു സുന്ദരികള്‍ എന്ന ചിത്രത്തിലെ ഗൌരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് 2013ലെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ അനിഘ ഇപ്പോള്‍ മഞ്ചേരിയിലെ നസ്റത്ത് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
”ഇതുവരെ അത്രയും ബുദ്ധിമുട്ടില്ലായിരുന്നു. പക്ഷേ ഒൻപതാം ക്ലാസ് എത്തിയപ്പോൾ കുറച്ച് ബുദ്ധിമുട്ട് തോന്നുന്നുണ്ട്. പിന്നെ ഫ്രണ്ട്സും അധ്യാപകരും നല്ല സപ്പോർട്ടാണ്”. പഠിത്തവും അഭിനയവും ഒരുമിച്ചു കൊണ്ട് പോകാനുള്ള ശ്രമത്തിലാണ് ഇവര്‍.
”ഭാവിയിലും സിനിമയും പഠിത്തവും ഒരുമിച്ച് കൊണ്ടുപോകാനാണ് തീരുമാനം. പഠിച്ച് ഒരു ജോലി നേടണമെന്ന ആഗ്രഹവും എന്റെ ഉളളിലുണ്ട്”.