ബോക്സ് ഓഫീസിൽ വിജയം കൊയ്ത് മുന്നേറുകയാണ് അജിത്ത് നായകനായെത്തിയ ‘വിശ്വാസം’. വേൾഡ് വൈഡ് മാർക്കറ്റിൽ ചിത്രം മൂന്നാഴ്ച കൊണ്ട് 180 കോടി രൂപ കളക്റ്റ് ചെയ്തു കഴിഞ്ഞെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട്. ജനുവരി 10 ന് രജനീകാന്തിന്റെ ‘പേട്ട’യ്ക്കൊപ്പമാണ് ‘വിശ്വാസം’ തിയേറ്ററുകളിലെത്തിയത്. ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടർന്നു കൊണ്ടിരിക്കുകയാണ്.
ഫിലിം ട്രേഡ് അനലിസ്റ്റായ രമേഷ് ബാലയാണ് ‘വിശ്വാസ’ത്തിന്റെ ബോക്സ് ഓഫീസ് റെക്കോർഡ് ട്വിറ്ററിലൂടെ പങ്കു വെച്ചിരിക്കുന്നത്. “മൂന്ന് ആഴ്ച പിന്നിടുമ്പോൾ തല അജിത്തിന്റെ വിശ്വാസം വേൾഡ് വൈഡ് ബോക്സ് ഓഫീസിൽ നിന്നും 180 കോടിയിലേറെ രൂപയാണ് നേടിയിരിക്കുന്നത്,” രമേഷ് ബാല കുറിക്കുന്നു.
At the end of 3rd weekend, #Thala #Ajith ‘s #Viswasam has grossed ₹ 180+ Crs at the WW Box Office..
This is huge, considering the clash and a single lang version release.. pic.twitter.com/9Ra2bVoBhf
— Ramesh Bala (@rameshlaus) January 29, 2019
അജിത്തും നയൻതാരയും പ്രാധാന വേഷത്തിലെത്തിയ ‘വിശ്വാസം’ സംവിധാനം ചെയ്തിരിക്കുന്നത് ശിവയാണ്. ‘വീരം’, ‘വേതാളം’, ‘വിവേകം’ തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം നാലാം തവണയും വിജയം ആവർത്തിക്കുകയാണ് അജിത്ത്- ശിവ കൂട്ടുകെട്ട്. തിയേറ്ററിൽ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിനു ലഭിച്ചു കൊണ്ടിരിക്കുന്നതെങ്കിലും അതൊന്നും ബോക്സ് ഓഫീസ് വിജയത്തെ ബാധിച്ചിട്ടില്ലെന്നാണ് ഇപ്പോഴത്തെ വിജയങ്ങൾ കാണിക്കുന്നത്.
“പുതുതായി ഒന്നും പറയാനില്ല എന്ന വസ്തുതയെ മറികടക്കാന്‍, സിനിമയെ അജിത് തന്റെ ‘ചാം’ കൊണ്ട് രക്ഷിച്ചെടുക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ശിവയുടെ സിനിമകളില്‍ നമ്മളിതെല്ലാം ആവര്‍ത്തിച്ച് കണ്ടതാണ്. ആവശ്യത്തിലധികമുള്ള വൈകാരികതയും നരേറ്റീവ് ടെക്നിക്സും കുത്തിനിറച്ച ഒരു സിനിമയെ വില്ക്കാന് അജിത്തിനു മാത്രമേ സാധിക്കൂ. ‘വീര’ത്തില്‍ അജിത് തന്റെ ഭാര്യയുടെ കുടുംബത്തെയാണ് സംരക്ഷിക്കുന്നത്. ‘വേതാള’ത്തില്‍ തന്റെ വളര്‍ത്തു സഹോദരിയെ രക്ഷിക്കുന്നു. ‘വിശ്വാസ’ത്തില്‍ മകളെ സംരക്ഷിക്കുന്നു. ഒരു നീണ്ട ഇടവേളയെടുത്ത്, പ്രേക്ഷകരെ മോശം സിനിമകളില്‍ നിന്നും രക്ഷിക്കുന്ന കാര്യം അജിത്തും ശിവയും പരിഗണിക്കേണ്ടതാണ്,” ‘വിശ്വാസ’ത്തെ ഇന്ത്യൻ എക്സ്പ്രസ് റിവ്യൂ അടയാളപ്പെടുത്തുന്നത് ഇങ്ങനെ.
Read more: Viswasam Movie Review: കഥയില്ല, ‘തല’ മാത്രം
സത്യജ്യോതി ഫിലിംസ് നിർമ്മിച്ച വിശ്വാസത്തിൽ അജിത്തിനും നയൻതാരയ്ക്കുമൊപ്പം ജഗപതി ബാബു, യോഗി ബാബു, തമ്പി ദുരൈ, റോബോ ശങ്കര്‍, കോവൈ സരള തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.