നടൻ അജിത്തിന് തമിഴ്നാട്ടിൽ വലിയൊരു ആരാധക കൂട്ടം തന്നെയുണ്ട്. പൊതുവിടങ്ങളിൽ താരത്തെ കണ്ടാൽ പിന്നെ പറയേണ്ടതുമില്ല. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയപ്പോഴും ആരാധക ശല്യത്താൽ അജിത് പൊറുതി മുട്ടി. ഭാര്യ ശാലിനിക്കൊപ്പമാണ് അജിത് വോട്ട് ചെയ്യാനെത്തിയത്.
തിരുവൺമിയൂർ പോളിങ് ബൂത്തിലാണ് അജിത്തും ശാലിനിയും വോട്ട് ചെയ്യാനെത്തിയത്. രാവിലെ ഏഴു മണിയോടെ തന്നെ താരം എത്തി. അജിത് വോട്ട് ചെയ്യാൻ എത്തുന്നുണ്ടെന്നറിഞ്ഞ് വലിയൊരു ആരാാധക കൂട്ടം തന്നെ സ്ഥലത്ത് എത്തിയിരുന്നു. വോട്ട് ചെയ്ത ശേഷം പതിവുപോലെ അജിത് ഫൊട്ടോഗ്രാഫർമാർക്കു മുന്നിൽ പോസ് ചെയ്തു.
ഈ സമയത്താണ് ചില ആരാധകർ അജിത്തിന് അടുത്തേക്ക് എത്തി സെൽഫി പകർത്താൻ ശ്രമിച്ചത്. ഒരു ആരാധകന്റെ പ്രവൃത്തിയിൽ ദേഷ്യം കൊണ്ട അജിത് ഫോൺ പിടിച്ചു വാങ്ങുകയും തന്റെ പോക്കറ്റിലേക്കിടുകയും ചെയ്തു. തനിക്ക് ചുറ്റും കൂടിയ ആരാധകരോട് അവിടെനിന്നും പോകാൻ ദേഷ്യത്തോടെ അജിത് പറയുകയും ചെയ്തു.
Read More: താരങ്ങൾ വോട്ട് ചെയ്യാനെത്തിയപ്പോൾ; ചിത്രങ്ങൾ
വോട്ട് ചെയ്തശേഷം പോളിങ് ബൂത്തിൽനിന്നിറങ്ങിയ അജിത്തും ശാലിനിയും വളരെ ശ്രമപ്പെട്ടാണ് കാറിൽ കയറിയത്. കനത്ത പൊലീസ് സുരക്ഷയുണ്ടായിരുന്നിട്ടും അതൊക്കെ മറികടന്നാണ് ആരാധകർ അജിത്തിന്റെ അടുത്തേക്ക് കൂട്ടമായി എത്തിയത്. കോവിഡ് കാലത്ത് മാസ്ക് പോലും ധരിക്കാതെയാണ് താരത്തിന് അടുത്തെത്തി പലരും സെൽഫി പകർത്താൻ ശ്രമിച്ചത്.