അന്തരിച്ച നടി ശ്രീദേവിയുടെ ജന്മദിനമായ ഇന്ന്, ശ്രീദേവിക്ക് നല്‍കിയ വാക്ക് അജിത് പാലിക്കുന്നു. അജിത്തിന്റെ അടുത്ത ചിത്രം നിര്‍മ്മിക്കുന്നത് നിര്‍മ്മാതാവും ശ്രീദേവിയുടെ ഭര്‍ത്താവുമായ ബോണി കപൂര്‍ ആണ്. ചിത്രം സംവിധാനം ചെയ്യുന്നത് വിനോത്.

ശ്രീദേവിക്കൊപ്പം ‘ഇംഗ്ലീഷ് വിംഗ്ലീഷ്’ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ താരത്തിനു നല്‍കിയ വാക്കാണ് പുതിയ ചിത്രത്തിലൂടെ അജിത് പാലിക്കുന്നതെന്ന് കോളമിസ്റ്റായ ശ്രീധര്‍ പിള്ള തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ കുറിച്ചു. ‘ഇംഗ്ലീഷ് വിംഗ്ലീഷി’ന്റെ ഹിന്ദിയില്‍ അമിതാഭ് ബച്ചന്‍ ചെയ്ത വേഷമായിരുന്നു തമിഴില്‍ അജിത് ചെയ്തത്.

ഇന്ത്യന്‍ സിനിമാ ലോകത്തെ ഒന്നാകെ ഞെട്ടിച്ചുകൊണ്ടായിരുന്നു ഇക്കഴിഞ്ഞ ഫെബ്രുവരി 24ന് നടി ശ്രീദേവി യാത്രയായത്. ബന്ധുവിന്റെ വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ദുബായില്‍ എത്തിയതായിരുന്നു ശ്രീദേവിയും കുടുംബവും. അവിടെ വച്ച് താമസിച്ചിരുന്ന ഹോട്ടലിലെ ബാത്ത് ടബ്ബിലെ വെള്ളത്തില്‍ മുങ്ങിയാണ് ശ്രീദേവി മരിച്ചത്. ശ്രീദേവിയുടെ മരണ ശേഷം അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആദ്യമെത്തിയ താരങ്ങളില്‍ ഒരാള്‍ കൂടിയായിരുന്നു അജിത്.

സിനിമാ ലോകത്തു നിന്നു വിട്ടു നിന്ന ശ്രീദേവി 15 വര്‍ഷത്തിനു ശേഷം ഗംഭീരമായ തിരിച്ചുവരവ് നടത്തിയ ചിത്രമായിരുന്നു ഇംഗ്ലീഷ് വിംഗ്ലീഷ്. ഗൗരി ഷിന്‍ഡെ ആയിരുന്നു ചിത്രത്തിന്റെ സംവിധാനം. ഭാഷാഭേദമന്യേ എല്ലാവരും ചിത്രം ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.

ഹിന്ദി മാത്രം അറിയാവുന്ന ശശി എന്ന ഇന്ത്യന്‍ വീട്ടമ്മയായി ശ്രീദേവി ഗംഭീരപ്രകടനമാണ് കാഴ്ചവച്ചത്. ഒരു ശരാശരി ഇന്ത്യന്‍ സ്ത്രീ വളരെ പതിയെ ഇംഗ്ലീഷ് ഭാഷ സ്വായത്തമാക്കുന്നതും ആത്മവിശ്വാസം നേടുന്നതുമായിരുന്നു സിനിമയുടെ പ്രമേയം. സ്ത്രീ കേന്ദ്രീകൃതമായ ഇംഗ്ലീഷ് വിംഗ്ലീഷ്, വീട്ടമ്മമാരുടെ ആത്മവിശ്വാസം ഉയര്‍ത്തുന്ന സിനിമയായിരുന്നു. ചിത്രത്തില്‍ അതിഥി താരമായായിരുന്നെങ്കിലും വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയായിരുന്നു അജിത് അവതരിപ്പിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ