ഒരുമിച്ച് അഭിനയിക്കുകയും പിന്നീട് ജീവിതത്തിൽ ഒരുമിക്കുകയും ചെയ്ത ഒട്ടേറെ നടീനടന്മാരുണ്ട്. അക്കൂട്ടത്തിൽ അജിത്-ശാലിനി ദമ്പതികളെ മാറ്റി നിർത്താനാവില്ല. 1999 ൽ അമർക്കളം സിനിമയുടെ ഷൂട്ടിങ്ങിനിടയിലാണ് ഇരുവരും പ്രണയത്തിലാവുന്നത്. 2000 ൽ ഇരുവരും വിവാഹിതരായി. വിവാഹത്തോടെ ശാലിനി അഭിനയജീവിതത്തോട് പൂർണമായും വിട പറഞ്ഞ് ദാമ്പത്യ ജീവിതത്തിൽ ഒതുങ്ങി.
അജിത്-ശാലിനി വിവാഹിതരായിട്ട് 18 വർഷങ്ങൾ കഴിഞ്ഞു. ഇവരുവർക്കും അനൗഷ്ക, ആദ്വിക് എന്നീ രണ്ടു മക്കളുണ്ട്. ഇരുവരുടെയും ദാമ്പത്യ ജീവിതത്തിന്റെ രഹസ്യം എന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ശ്യാമിലി. ഗലാട്ട വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് ശ്യാമിലി ഇരുവരുടെയും പ്രണയത്തെക്കുറിച്ചും ദാമ്പത്യജീവിതത്തെക്കുറിച്ചും ചില കാര്യങ്ങൾ വ്യക്തമാക്കിയത്.
പ്രണയിക്കുന്ന സമയത്ത് അജിത് വാങ്ങിക്കൊടുക്കുന്ന പൂക്കളും ഗിഫ്റ്റും ഒക്കെ ശാലിനിക്ക് രഹസ്യമായി കൊണ്ടു കൊടുത്തിരുന്നത് താനായിരുന്നുവെന്ന് ശ്യാമിലി അഭിമുഖത്തിൽ പറഞ്ഞു. അജിത്തിന്റെയും ശാലിനിയുടെയും ദാമ്പത്യത്തിന്റെ വിജയ രഹസ്യത്തെക്കുറിച്ചും ശ്യാമിലി വെളിപ്പെടുത്തി.
”രണ്ടു പേർക്കും സ്വാതന്ത്ര്യം ഉണ്ട്. പങ്കാളിക്ക് സ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് അജിത്. പുരോഗമന ചിന്താഗതിക്കാരനാണ് അജിത്. പങ്കാളിക്ക് സ്വാതന്ത്ര്യം നൽകിയാൽ ദാമ്പത്യം ഏറെ സുന്ദരമാകുമെന്ന് ഇരുവരും വിശ്വസിക്കുന്നു. അവരിൽ നിന്നും ഞാൻ പഠിച്ചതും അതാണ്. അവരുടെ ദാമ്പത്യത്തിന്റെ വിജയ രഹസ്യവും അതാണ്.” ശ്യാമിലി പറഞ്ഞു.
അജിത്ത് നല്ലൊരു വ്യക്തിയാണെന്നും ലക്ഷ്യം നേടുന്നതിന് ഏതറ്റം വരെയും പോകുമെന്നും ശ്യാമിലി പറഞ്ഞു.
‘അമ്മമാഗരില്ലു’ എന്ന തെലുങ്ക് സിനിമയാണ് ശ്യാമിലിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. മലയാളത്തിൽ വളളിയും തെറ്റി പുള്ളിയും തെറ്റി എന്ന ചിത്രത്തിലും തമിഴിൽ വീര ശിവജി എന്ന ചിത്രത്തിലും ശ്യാമിലി അഭിനയിച്ചിരുന്നു. ഇവ രണ്ടും ബോക്സ്ഓഫിസിൽ വിജയം കണ്ടില്ല.