കൊറോണ വ്യാപനത്തെ തുടർന്ന് രാജ്യം ലോക്ക്‌ഡൗണിലായിരിക്കുന്നതിനിടയിൽ തമിഴകത്തിന്റെ സ്വന്തം തല അജിത്തും ഭാര്യ ശാലിനിയും ആശുപത്രി സന്ദർശനം നടത്തിയത് ആരാധകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. അടുത്തിടെ ഇരുവരും ഒന്നിച്ച് ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ സന്ദർശനം നടത്തുന്നതിന്റെ വീഡിയോ ആണ് ഇപ്പോൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നത്.

മാസ്ക് അണിഞ്ഞാണ് ഇരുവരും ആശുപത്രിയിൽ എത്തിയത്. നിരവധി ആരാധകരാണ് വീഡിയോ പങ്കുവെച്ചു കൊണ്ട് താരത്തിന്റെയും ശാലിനിയുടെയും ആരോഗ്യകാര്യത്തിലുള്ള ജാഗ്രത പങ്കുവയ്ക്കുന്നത്. എന്നാൽ ഭയപ്പെടാൻ ഒന്നുമില്ലെന്നും റെഗുലർ ചെക്കപ്പിനു എത്തിയതാണ് താരമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

മേയ് ഒന്നിനായിരുന്നു അജിത്ത് തന്റെ 49-ാം പിറന്നാൾ ആഘോഷിച്ചത്. തമിഴകത്തു മാത്രമല്ല മലയാളത്തിലും ഏറെ ആരാധകരുള്ള താരമാണ് അജിത്ത്. മലയാളികളുടെ പ്രിയപ്പെട്ട മാമാട്ടിക്കുട്ടി ശാലിനിയെ വിവാഹം ചെയ്തതോടെ മലയാളി പ്രേക്ഷകർക്ക് അജിത്തിനോടുള്ള പ്രിയം കൂടിയെന്നു വേണം പറയാൻ. 1999 ല്‍ ‘അമര്‍ക്കള’ത്തില്‍ തുടങ്ങിയ അജിത്- ശാലിനി പ്രണയം വിവാഹത്തില്‍ എത്തിയത് 2000 ഏപ്രില്‍ മാസത്തിലാണ്. ബാലതാരമായി സിനിമയില്‍ എത്തി നായികയായ വളര്‍ന്ന ശാലിനി അതോടെ സിനിമയോട് വിട പറയുകയായിരുന്നു. അനൗഷ്ക, ആദ്വിക് എന്നിങ്ങനെ ഒരു മകളും മകനുമാണ് ഈ ദമ്പതികൾക്ക് ഉള്ളത്.

സംവിധായകൻ എച്ച്.വിനോദിന്റെ ‘വാലിമൈ’ എന്ന ചിത്രമാണ് അജിത്തിന്റേതായി ഇനി റിലീസിനെത്താനുള്ള സിനിമ. ചിത്രത്തിന്റെ ഷൂട്ടിങ് ലോക്ക്ഡൗൺ കാരണം നിർത്തിവച്ചിരിക്കുകയാണ്. വിനോദ്, ബോളിവുഡിലെ പ്രശസ്ത നിർമാതാവ് ബോണി കപൂർ എന്നിവർക്കൊപ്പം ചേർന്നുള്ള അജിത്തിന്റെ രണ്ടാമത്തെ സംരംഭമാണ് ‘വാലിമൈ’. ‘പിങ്കി’ന്റെ തമിഴ് റീമേക്ക് ആയ ‘നേർകൊണ്ട പാർവൈ’ എന്ന ചിത്രത്തിനു വേണ്ടി കഴിഞ്ഞ വർഷം മൂവരും ഒന്നിച്ചിരുന്നു. ‘വാലിമൈ’യിൽ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് അജിത്ത് എത്തുന്നത്.

Read more: അജിത്-ശാലിനി പ്രണയത്തിലെ ഹംസം ഞാനായിരുന്നു: ശ്യാമിലി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook