തല അജിത്തുമായി സംവിധായകൻ ശിവ വീണ്ടുമെത്തുകയാണ്. തെന്നിന്ത്യയാകെ ഇളക്കിമറിക്കാൻ ലക്ഷ്യമിട്ട് ഒരുക്കുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. “വിശ്വാസം” എന്ന് പേരിട്ട സിനിമ അജിത്ത് – ശിവ കൂട്ടുകെട്ടിന്റെ തുടർച്ചയായ നാലാമത്തെ ചിത്രമാണ്. കഴിഞ്ഞ മൂന്ന് വർഷങ്ങളിലും ശിവ സംവിധാനം ചെയ്ത അജിത്ത് ചിത്രങ്ങൾ ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ചതിനാൽ നാലാമത്തെ ചിത്രത്തിനും പ്രതീക്ഷകൾ ഏറെയാണ്.

വ്യാഴാഴ്ച ഭാഗ്യദിനമായാണ് ശിവ കരുതുന്നത്. അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളും പ്രഖ്യാപിച്ചതും തിയേറ്ററിലെത്തിയതും വ്യാഴാഴ്ചകളിലാണ്. ഈ തവണയും പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിക്കാൻ വ്യാഴാഴ്ച തന്നെയാണ് തമിഴകത്തെ സ്റ്റാർ സംവിധായകൻ തിരഞ്ഞെടുത്തത്.

വിവേഗത്തിന്റെ നിർമ്മാതാക്കളായ സത്യജ്യോതി ഫിലിംസ് തന്നെയാകും ഈ ചിത്രത്തിനും പണം മുടക്കുക. 2018 ജനുവരിയിൽ ചിത്രീകരണം ആരംഭിക്കുമെന്നാണ് സത്യജ്യോതി ഫിലിംസ് എക്സിക്യുട്ടീവ് ഡയറക്ടർ സായി സിദ്ധാർത്ഥ് ട്വിറ്ററിൽ കുറിച്ചത്.

ശിവയും അജിത്തും ഒന്നിച്ച ആദ്യ ചിത്രം 2014 ൽ പുറത്തിറങ്ങിയ വീരം ആയിരുന്നു. ബോക്സ് ഓഫീസിൽ വൻ കളക്ഷൻ നേടിയ ചിത്രം പുതിയ കൂട്ടുകെട്ടിന് ബലം നൽകി. പിന്നീട് വന്ന വേതാളവും വിജയം ആവർത്തിച്ചു. കൂട്ടുകെട്ടിലെ മൂന്നാമത്തെ ചിത്രം വിവേഗം പൂർണ്ണമായും യൂറോപ്പിലാണ് ചിത്രീകരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ