Thunivu OTT: എച്ച് വിനോദ് സംവിധാനം ചെയ്ത അജിത്ത് – മഞ്ജു വാര്യർ ചിത്രമാണ ‘തുനിവ്’.പൊങ്കലിനോടനുബന്ധിച്ച് റിലീസിനെത്തിയ ചിത്രം ഒടിടിയിലെത്തുകയാണ്. ഫെബ്രുവരി 8 മുതൽ ചിത്രം നെറ്റ്ഫ്ലിക്‌സിൽ സ്ട്രീം ചെയ്യാൻ ആരംഭിക്കും. മഞ്ജു വാര്യരുടെ രണ്ടാമത്തെ തമിഴ് ചിത്രമാണ് ‘തുനിവ്’. ധനുഷ് നായകനായ ‘അസുരന്‍’ ആയിരുന്നു മഞ്ജു വാര്യരുടെ ആദ്യ തമിഴ് ചിത്രം. ഒരു ബാങ്ക് കൊള്ളയുടെ കഥയാണ് തുനിവ് പറയുന്നത്. ഒരു ഹൈസ്റ്റ് (heist) ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് തുനിവ്.
നേര്‍ക്കൊണ്ട പാര്‍വൈ’, ‘വലിമൈ’ എന്നീ ചിത്രങ്ങൾക്ക് ശേഷം എച്ച് വിനോദും അജിത്തും വീണ്ടും ഒന്നിച്ചിരിക്കുകയാണ് ’തുനിവി’ൽ. ബോണി കപൂറാണ് ചിത്രത്തിന്റെ നിർമാതാവ്. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെന്‍, തെലുങ്ക് നടന്‍ അജയ് എന്നിവരും ചിത്രത്തിലുണ്ട്. നീരവ് ഷാ ചിത്രത്തിന്റെ ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. സുപ്രീം സുന്ദര്‍ ആണ് ചിത്രത്തിന്റെ ആക്ഷന്‍ സംവിധായകന്‍. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് ജിബ്രാന്‍ ആണ്.
അജിത്തിന്റെ ആക്ഷൻ പ്രകടനങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ചിത്രത്തിലെ മഞ്ജുവിന്റെ ആക്ഷൻ രംഗങ്ങൾക്കും പ്രേക്ഷകരുടെ കൈയ്യടി നേടിയിരുന്നു.
“തുണീവിന്റെ ആദ്യ ഫ്രെയിമിൽ തന്നെ, ചിത്രത്തിന്റെ കഥ സജ്ജീകരിക്കാൻ തുടങ്ങുകയാണ് സംവിധായകൻ വിനോദ്, കാരണം കുറച്ച് സങ്കീർണ്ണമായൊരു കഥയാണ് സംവിധായകന് പറയാനുള്ളത്. ഒരു സംഘം, ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ, ഒരു ബാങ്കിൽ അനധികൃതമായി സൂക്ഷിച്ചിരിക്കുന്ന ഭീമമായ തുക മോഷ്ടിക്കാൻ ബാങ്ക് കവർച്ചയ്ക്ക് പദ്ധതിയിടുന്നു. പ്ലാൻ ഹൈജാക്ക് ചെയ്യുന്ന ഡാർക്ക് ഡെവിൾസ് എൻട്രി വരെ എല്ലാം പ്ലാൻ പോലെ തന്നെ നടക്കുന്നു. ‘എന്തുകൊണ്ട് ഇത്തരമൊരു കൊള്ള’ എന്നത് സിനിമയിലുടനീളം സസ്പെൻസായി സൂക്ഷിച്ചിരിക്കുന്നു, ഇവിടെയാണ് വിനോദ് വിജയിക്കുന്നത്. പലപ്പോഴും പ്രേക്ഷകരെ ഇരുട്ടിൽ നിർത്തുന്നുവെങ്കിലും, എല്ലാ ഫ്രെയിമിലും എന്തെങ്കിലും സംഭവിക്കുന്നു എന്നതിനാൽ തുനിവ് പ്രേക്ഷകരെ അക്ഷമരാക്കുന്നില്ല,” ഇന്ത്യൻ എക്സ്‌പ്രസ് റിവ്യൂവിൽ കിരുഭക്കർ പുരുഷോത്തമന്റെ നിരീക്ഷണമിങ്ങനെ.