നടൻ അജിത്തിന്റെ പിതാവ് പി എസ് മണി അന്തരിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. 85 വയസ്സായിരുന്നു. അജിത്തിന്റെ സുഹൃത്തുക്കളായ സിനിമാപ്രവർത്തകർ, ആരാധകർ സോഷ്യൽ മീഡിയയിലൂടെ അനുശോചനം അറിയിച്ചിട്ടുണ്ട്.
ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാര ചടങ്ങുകൾ ബസന്ത് നഗറിൽ വച്ച് നടക്കും. അജിത്തിന്റെ വളരെ അടുത്ത പ്രതിനിധിയാണ് ഔദ്യോഗികമായി വാർത്ത പുറത്തുവിട്ടത്.
“ഞങ്ങളുടെ പിതാവ് ഇന്ന് രാവിലെ മരണമടഞ്ഞു. 85 വയസ്സായിരുന്നു. അദ്ദേഹത്തെയും ഞങ്ങളുടെ കുടുംബത്തെയും നല്ല രീതിയിൽ ശുശ്രൂഷിച്ച എല്ലാ ആരോഗ്യ പ്രവർത്തകർക്കും നന്ദി. ഞങ്ങളുടെ സങ്കടത്തിൽ കൂടെ നിന്ന എല്ലാവരെയും ഈ നിമിഷം ഓർക്കുന്നു” കുറിപ്പിൽ പറയുന്നു. താരങ്ങളായ ശരത് കുമാർ, ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ള എന്നിവരും അനുശോചനം അറിയിച്ചു.
അജിത്തും ഭാര്യ ശാലിനിയും ഒന്നിച്ച് പോയ ദുബായ് ട്രിപ്പിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അജിത്തിന്റെ 62-ാമത്ത് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കാനിരിക്കെയാണ് അച്ഛന്റെ മരണം.