ബൈക്കിൽ ലോകം ചുറ്റികറങ്ങുക, കാർ റേസിംഗിലും ഷൂട്ടിംഗിലുമെല്ലാം ചാമ്പ്യനാവുക എന്നിങ്ങനെ സാഹസികമായ കാര്യങ്ങളോട് ഏറെ ഇഷ്ടമുള്ള താരമാണ് അജിത്. ഓരോ സിനിമകളും പൂർത്തിയാക്കി കഴിയുമ്പോൾ തന്റെ ബൈക്കുമെടുത്ത് അജിത് ഇറങ്ങും. സിനിമയോളം തന്നെ തന്റെ പാഷനെയും ജീവിതത്തോട് ചേർത്തുനിർത്തുന്ന താരമാണ് അജിത്.
അജിത്തും കൂട്ടുകാരും ലഡാക്കിലേക്ക് നടത്തിയ സാഹസികമായ ബൈക്ക് യാത്രയുടെ വീഡിയോകളും ചിത്രങ്ങളുമാണ് ഇപ്പോൾ വൈറലാവുന്നത്. Tso Moriri ഓഫ് റോഡിലൂടെ കൂളായി ബൈക്ക് ഓടിച്ചുപോവുന്ന അജിത്തിന്റെ ഒരു വീഡിയോയും ഇപ്പോൾ ശ്രദ്ധ നേടുന്നുണ്ട്.
‘എകെ 61’ എന്ന് താത്കാലികമായി പേരു നൽകിയിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തിൽ അജിത്തിന്റെ നായികയായി എത്തുന്നത് മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യർ ആണ്. കഴിഞ്ഞ ദിവസം, അജിതിനും മറ്റു സഹപ്രവര്‍ത്തകരോടും ഒന്നിച്ചു നടത്തിയ യാത്രാ ചിത്രങ്ങളും മഞ്ജു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.
സംവിധായകൻ എച്ച് വിനോദിന്റെ വാലിമൈ ആണ് ഏറ്റവും ഒടുവിൽ റിലീസിനെത്തിയ അജിത് ചിത്രം. എകെ 61 പൂർത്തിയാക്കാൽ ഉടൻ തന്നെ അജിത് വിഘ്നേഷ് ശിവൻ ചിത്രത്തിൽ ജോയിൻ ചെയ്യും.