തല അജിത്തിന്റെ ‘വിവേഗം’ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിന്റെ ടീസറിന് വൻ വരവേൽപ്പാണ് ആരാധകരിൽനിന്നും ലഭിച്ചത്. ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങളും പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കുളളിലാണ് വൈറൽ ആകുന്നത്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ഇന്നലെ തിരുപ്പതി ക്ഷേത്രത്തിലെത്തി ദർശനം നടത്തിയിരിക്കുകയാണ് അജിത്. ഇതിന്റെ ചിത്രങ്ങളും വിഡിയോയും ഇതിനോടകം വൈറലായിട്ടുണ്ട്.

തലയെ കണ്ട ആരാധകർ അദ്ദേഹത്തിനോടൊപ്പം ഫോട്ടോയെടുക്കാനും കൈ കൊടുക്കാനും അടുത്തെത്തി. ആരാധകർ ആരെയും നിരാശരാക്കാതെ കൈ കൊടുത്തും ഒപ്പം സെൽഫി ചിത്രങ്ങൾ പകർത്തിയതിനുശേഷമാണ് ക്ഷേത്ര ദർശനം പൂർത്തിയാക്കി അജിത് മടങ്ങിയത്.

അജിത്തിന്റെ 57-ാം ചിത്രമാണ് വിവേഗം. ആദ്യം തല 57 എന്ന പേരിലാണ് ചിത്രം അറിയപ്പെട്ടത്. പിന്നീടാണ് വിവേഗം എന്ന പേരിട്ടത്. ഇതുവരെയുളള തന്റെ ചിത്രങ്ങളിൽനിന്നും വ്യത്യസ്ത ഗെറ്റപ്പിലാണ് അജിത് ഈ ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ