കമല്‍ കെ എം സംവിധാനം ചെയ്ത ഐ ഡി

കമല്‍ കെ എം സംവിധാനം ചെയ്ത ഐ ഡി

കളക്ക്റ്റീവ് ഫേസ് വണ്‍ എന്ന നിര്‍മാണ കമ്പനി മലയാള സിനിമയില്‍ അറിയപ്പെടുന്നത് വേറിട്ട സിനിമാ ചിന്തകളുടെയും പരീക്ഷണങ്ങളുടെയും, സര്‍വ്വോപരി നാച്ചുറല്‍ ആക്ടിംങ്ങിന്‍റെയും ഈറ്റില്ലമായാണ്. രാജീവ്‌ രവി – ബി അജിത്‌ കുമാര്‍ – മധു നീലകണ്ഠന്‍ – കമല്‍ കെ എം എന്നിവരും ഉള്‍പ്പെടുന്ന കളക്ക്റ്റീവ് ഫേസ് വണ്‍ ഇത് വരെ ഐ ഡി, ഞാന്‍ സ്റ്റീവ് ലോപസ്, Liar’s Dice, കിസ്മത്ത്, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങള്‍ മലയാളത്തിനു സമ്മാനിച്ചു. ഇവയില്‍ പലതും ദേശീയ – രാജ്യാന്തര പുരസ്കാരങ്ങള്‍ നേടിയവയുമാണ്.

ജീവിതത്തിനോടടുത്ത് നില്‍ക്കുന്ന സിനിമകള്‍ സമ്മാനിച്ചിട്ടുള്ള ഇവര്‍ക്കൊപ്പം സഹകരിക്കുക എന്നത് നല്ല സിനിമയോടൊപ്പം നില്‍ക്കാനാഗ്രഹിക്കുന്ന എല്ലാവരുടെയും വിഷ് ലിസ്റ്റില്‍ ഉള്ള ഒന്നാണ്.

കമ്മട്ടിപ്പാടം ചിത്രീകരണത്തിനിടെ രാജീവ്‌ രവിയും ദുല്‍ഖര്‍ സല്‍മാനും

കമ്മട്ടിപ്പാടം ചിത്രീകരണത്തിനിടെ രാജീവ്‌ രവിയും ദുല്‍ഖര്‍ സല്‍മാനും

കമ്മട്ടിപ്പാടം ചിത്രീകരണത്തിനിടയില്‍ ദുല്‍ഖര്‍ സല്‍മാന്‍ രാജീവ്‌ രവിയെ ആരാധനയോടെ നോക്കി നില്‍ക്കുന്ന ചിത്രം മലയാളി മറക്കാന്‍ സമയമായിട്ടില്ല. ഫഹദ് തന്‍റെ പ്രിയപ്പെട്ട അനുജന്‍റെ കന്നി ചിത്രത്തിനായി സമീപിച്ചതും ഇവരെ തന്നെ.

ഇവരുടെ നിഘണ്ടുവില്‍ ആക്ടിംഗ് എന്ന പദമില്ല; being natural എന്ന ആശയമേയുള്ളൂ. അത് കൊണ്ട് തന്നെ, വിനായകനും അലെന്‍സിയറും, ഗീതാഞ്ജലി താപയുമെല്ലാം പ്രേക്ഷക മനസ്സിലേക്ക് അനായാസം നടന്നു കയറി.

പുതിയ ചിത്രത്തിന്‍റെ അറിയിപ്പുമായി കളക്ക്റ്റീവ് ഫേസ് വണ്‍ ഇന്ന് ഫേസ്ബുക്കില്‍ സജീവമായപ്പോള്‍ അത് കേരളമാകെയുള്ള സിനിമാപ്രേമികള്‍ ഏറ്റെടുത്തു. ദേശീയ പുരസ്കാരം നേടിയ ബി അജിത്‌ കുമാര്‍ സ്വതന്ത്ര സംവിധായകനാകുന്ന ചിത്രത്തിന്‍റെ നായികയെ തിരഞ്ഞുള്ള അറിയിപ്പായിരുന്നു അത്. അജിത്തിന്‍റെ തന്നെ കഥക്ക് നായകനാകുന്നത് ഷെയിന്‍ നിഗം.

ബി അജിത്‌ കുമാര്‍

ബി അജിത്‌ കുമാര്‍

ഇന്ത്യയിലെ തന്നെ മികച്ച സിനിമാ സാങ്കേതിക പ്രവര്‍ത്തകരിലൊരാളായ അജിത്‌, പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും എഡിറ്റിംഗ് പഠിച്ചു. മൂന്ന് തവണ ദേശീയ പുരസ്കാരവും, രണ്ടു തവണ സംസ്ഥാന അവാര്‍ഡും നേടിയ അജിത്‌ എഡിറ്റിംഗിനോടൊപ്പം എഴുത്തിലും സജീവമാണ്. കൌണ്ടര്‍ കറന്‍ട്സ് എന്ന വെബ്‌ സൈറ്റിന്റെ അസോസിയെറ്റ് എഡിറ്റും കൂടിയാണ് അജിത്‌.

അത് കൊണ്ട് തന്നെ അജിത്തിന്‍റെ സിനിമാ സംരംഭം ഒന്നു കൂടി പ്രസക്തമാകുന്നു. സമകാലിക കേരളത്തിലെ കത്തുന്ന വിഷയങ്ങള്‍ക്കെല്ലാം ഒപ്പം നിന്നിട്ടുള്ള, ചിന്തയും പ്രതികരണ ശേഷിയുമുള്ള ഒരാള്‍ കൂടി അങ്ങനെ സിനിമയിലേക്ക് ചുവടു വക്കുന്നു.

ഈ വര്‍ഷം പകുതിയോടെ സിനിമ തിയേറ്ററുകളില്‍ എത്തുമെന്നാണ് ഇപ്പോള്‍ അറിയുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ