‘വലിമൈ’ ബോക്സോഫിസിൽ ഹിറ്റായതിന്റെ സന്തോഷത്തിലാണ് അജിത്. തിയേറ്ററുകളിൽ ചിത്രം വിജയകരമായി മുന്നേറുകയാണ്. അജിത്തിന്റെ കുടുംബ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡാവുന്നത്. ശാലിനിക്കും മക്കളായ അനൗഷ്കയ്ക്കും ആദ്വിക്കിനും ഒപ്പമുള്ള അജിത്തിന്റെ ഫൊട്ടോയാണ് പുറത്തുവന്നിട്ടുള്ളത്.
ഇന്നലെ അജിത്തിന്റെ മകൻ ആദ്വിക്കിന്റെ ബെർത്ത്ഡേ ആയിരുന്നു. കുടുംബാംഗങ്ങളെല്ലാം ചേർത്ത് ആദ്വിക്കിന്റെ 7-ാം ജന്മദിനം ആഘോഷമാക്കിയിരുന്നു. ഇതിന്റെ നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയം അജിത്തിന്റെ കുടുംബ ചിത്രമാണ്. ശാലിനിക്കും മക്കൾക്കുമൊപ്പം സന്തോഷത്തോടെ പുഞ്ചിരിക്കുന്ന അജിത്തിന്റെ ഫൊട്ടോ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡായത്.


താടി നീട്ടി വളർത്തിയ അജിത്തിനെയാണ് ഫൊട്ടോയിൽ കാണാനാവുക. തന്റെ അടുത്ത ചിത്രത്തിനായാണ് അജിത്തിന്റെ ഈ രൂപമാറ്റമെന്നാണ് റിപ്പോർട്ടുകൾ. ‘വലിമൈ’ ആണ് അജിത്തിന്റെ തിയേറ്ററുകളിൽ എത്തിയ പുതിയ സിനിമ. എച്ച്.വിനോദ് ആയിരുന്നു സംവിധായകൻ. ചിത്രം നിർമ്മിച്ചത് ബോണി കപൂറാണ്.
അജിത്തിന്റെ അടുത്ത ചിത്രവും എച്ച്.വിനോദിനും നിർമ്മാതാവ് ബോണി കപൂറിനും ഒപ്പമാണ്. മൂന്നാം തവണയാണ് ഈ ടീം ഒന്നിക്കുന്നത്. ഇതിനു മുൻപ് ‘നേർകൊണ്ട പാർവൈ’, ‘വലിമൈ’ എന്നീ ചിത്രങ്ങൾക്കായി അജിത് ഇവർക്കൊപ്പം ഒന്നിച്ചിരുന്നു. ഉടൻ തന്നെ പുതിയ സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിലെ മറ്റു താരങ്ങളെക്കുറിച്ചും അണിയറ പ്രവർത്തകരെ കുറിച്ചുമുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
Read More: അത് ശാലിനിയല്ല; വിശദീകരണവുമായി അജിത്തിന്റെ മാനേജർ