മമ്മൂട്ടി എന്ന നടനെക്കുറിച്ച് അധികമാർക്കും അറിയാത്ത ഒരു കാര്യം ആരാധകരോട് പങ്കുവച്ചിരിക്കുകയാണ് അജിത് കൊല്ലം. തൊണ്ണൂറുകളിൽ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് അജിത്. ‘മമ്മൂക്ക ആരാധകർക്ക് എന്റെ പെരുന്നാൾ സമ്മാനം’ എന്നു പറഞ്ഞാണ് അജിത് തന്റെ ഫെയ്സ്ബുക്ക് പേജിൽ മനോഹരമായ ഒരു കുറിപ്പ് എഴുതിയിരിക്കുന്നത്. സിനിമയിലേക്ക് മമ്മൂട്ടി പലരെയും ഉയർത്തിക്കൊണ്ടു വന്നിട്ടുണ്ടെന്നും ഈ സത്യം തുറന്ന് പറയാൻ മടിക്കുന്നവരാണ് പലരുമെന്നും അജിത് പറയുന്നു.

അജിത് കൊല്ലത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
ലക്ഷ കണക്കിനുവരുന്ന മമ്മൂക്ക ആരാധകർക്ക് എന്റെ പെരുനാൾ സമ്മാനം.
1984 ലാണ് ഞാൻ മമ്മുക്കയോടൊപ്പം ആദ്യമായി അഭിനയിക്കുന്നത്. ചിത്രം – “ഈ ലോകം ഇവിടെ കുറെ മനുഷ്വർ”. 50 ഓളം ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിക്കാൻ എനിക്ക് ഭാഗ്യം കിട്ടി. എന്റെ 35 വർഷത്തെ അഭിനയ ജീവിതത്തിലെ നിരവധി അനർഘനിമിഷങ്ങൾ !
അതിലേറ്റവും പ്രധാനമായ ഒരു അനുഭവം ആരാധകർക്ക് പെരുനാൾ ദിനത്തിൽ സമ്മാനിക്കുന്നു ……

ഫാസിൽ സാറിന്റെ “പൂവിനു പുതിയ പൂന്തെന്നൽ” എന്ന ചിത്രത്തിൽ അഭിനയിക്കാൻ ചെന്നപ്പോൾ എന്നെ കണ്ട ആ ചിത്രത്തിലെ അസോസിയേറ്റ് ഡയറക്ടർ ഇന്നത്തെ വലിയ സംവിധായകൻ സിദ്ദിഖ് പറഞ്ഞു, മമ്മൂക്ക അജിത്തിനെ കുറിച്ച വലിയ അഭിപ്രായമാണല്ലോ പറഞ്ഞിരിക്കുന്നത്. അത് കേട്ട എനിക്കുണ്ടായ സന്തോഷത്തിനതിരില്ലായിരുന്നു . എന്നാൽ അതേ സെറ്റിൽ എന്റെ കണ്ണുനിറഞ്ഞ ഒരു അനുഭവമുണ്ടായി ……
കഥയിൽ, മമ്മൂക്കയുടെ കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതായിരുന്നു എന്റെ വേഷം. പിന്തുടർന്ന് വരുന്ന മമ്മൂക്ക പട്ടണത്തിലെ നടു റോഡിലിട്ടു എന്നെ തല്ലുന്നു.
ആ വേഷം ചെയ്യാൻ അതിരാവിലെ എഴുന്നേറ്റ് റെഡി ആയ ഞാൻ കേൾക്കുന്നത് ആ വേഷം അവനു കൊടുക്കണ്ട എന്ന് മമ്മൂക്ക പറഞ്ഞതായിട്ടാണ് ഞാൻ അറിഞ്ഞത്. ഇത് കേട്ടപ്പോൾ എനിക്ക് വലിയ വിഷമം തോന്നി. കണ്ണുകൾ നിറഞ്ഞു. ഈ വിവരം പറഞ്ഞത് മണിയൻ പിള്ള രാജു ആണ്.
രാത്രി ഏതാണ്ട് പന്ത്രണ്ടു മണി സമയം. അഞ്ചു ചിത്രങ്ങളിൽ ഒരേ സമയം നായകനായി അഭിനയിച്ചുകൊണ്ടിരിക്കുന്ന മമ്മൂക്ക കൊച്ചിൻ ഹനീഫയോടൊപ്പം യാത്ര ചെയ്‌ത്‌ ഏതാണ്ട് 15 km കഴിഞ്ഞപ്പോൾ ഹനീഫയ്ക്ക എന്റെ വിഷമം മമ്മൂക്കയെ അറിയിച്ചു. അത് കേട്ടതും പെട്ടെന്ന് മമ്മൂക്ക വണ്ടി തിരിച്ചു ഉദയ സ്റ്റുഡിയോയിലേക്ക് വിട്ടു.
അർദ്ധമയക്കത്തിലായിരുന്ന ഞാൻ മമ്മൂക്കയുടെ ഗർജ്ജിക്കുന്ന ശബ്ദമാണ് എന്റെ റൂമിനു പുറത്തു കേട്ടത്. കതക് തുറന്നതും മമ്മൂക്കയെ കണ്ടു ഞാൻ ഞെട്ടി. എന്നോടായി മമ്മൂക്ക “ഞാൻ നിന്റെ നന്മക്ക് വേണ്ടീട്ടാണ് ആ വേഷം നീ ചെയ്യണ്ട എന്ന പറഞ്ഞത്. നിനക്ക് അഭിനയിക്കാൻ അറിയാം അതിനു വേണ്ടതെല്ലാം ഉണ്ട്. ഈ തല്ലു കൊള്ളുന്ന വേഷം നീ ചെയ്താൽ ജീവിതകാലം മുഴുവൻ സിനിമയിൽ തല്ലുകൊള്ളേണ്ടി വരും. അതുകൊണ്ടാണ് ഞൻ അങ്ങനെ പറഞ്ഞത് “…. ഓർക്കുമ്പോൾ എത്ര സത്യമായിരുന്നു മമ്മൂക്ക പറഞ്ഞത്. അതിൽ നിന്നും ഇതുവരെയും എനിക്ക് മോചനം കിട്ടിയിട്ടില്ല..,,
മലയാളത്തിലെ വലിയ സംവിധായകൻ ജോഷി സാറിനെ സ്വന്തം കാറിൽ കൊണ്ടുപോയാണ് മമ്മൂക്ക എനിക്ക് പരിചയപെടുത്തിത്തന്നത്. തുടർന്ന് ജോഷിയേട്ടന്റെ നിരവധി സിനിമകളിൽ എനിക്ക് അഭിനയിക്കാൻ കഴിഞ്ഞു. ഇതാണ് മമ്മൂക്കയുടെ മനസ്സ്.
അടുത്തറിയുന്നവർക്ക് മാത്രമേ അതിന്റെ വില അറിയൂ..
കഴിവുള്ള കലാകാരന്മാരെ അംഗീകരിക്കാനുള്ള മനസ്സ്…..
അങ്ങനെയുള്ളവരെ പലരെയും മമ്മൂക്ക സിനിമയിലേക്ക് ഉയർത്തിക്കൊണ്ടു വന്നിട്ടുണ്ട്. ഈ സത്യം തുറന്ന് പറയാൻ മടിക്കുന്നവരാണ് പലരും. സംവിധായകൻ, ക്യാമറാമാൻ തുടങ്ങി ആ നിര അങ്ങനെ നീണ്ടു കിടക്കുന്നു.
വെളിപ്പെടുത്താൻ ഇഷ്ടപെടാത്ത ഒരുപാട് സൽകർമങ്ങൾ ചെയ്യുന്ന ഒരു വലിയ മനുഷ്യൻകൂടിയാണ് മമ്മൂക്ക….
എത്ര എഴുതിയാലും തീരില്ല ആ വലിയ നടനെ കുറിച്ച്. എന്റെ ഈ ഒരു അനുഭവം ഞൻ മമ്മൂക്കയുടെ ആരാധകരുമായി പങ്കു വെക്കാൻ ഈ പെരുനാൾ ദിനത്തിൽ ഞാൻ ആഗ്രഹിക്കുന്നു
മമ്മൂക്കയ്ക്കും കുടുംബാംഗങ്ങൾക്കും ആയുസ്സും ആരോഗ്യവും ഞൻ നേരുന്നു …
എല്ലാ ആരാധകർക്കും എന്റെ പിറന്നാൾ ആശംസകൾ നേരുന്നു….
by അജിത് കൊല്ലം (actor)

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook