തമിഴിലെ പ്രശസ്ത സംവിധായകനാണ് കെ.എസ്.രവികുമാർ. രജനീകാന്ത്, കമൽഹാസൻ, അജിത്, സൂര്യ തുടങ്ങി തമിഴിലെ വൻനിര താരങ്ങളെല്ലാം രവികുമാറിന്റെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. രവികുമാറിന്റെ ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് ജയ് സിംഹ, നന്ദമൂരി ബാലകൃഷ്ണ (ബാലയ്യ), നയൻതാര എന്നിവരാണ് സിനിമയിലെ പ്രധാന താരങ്ങൾ. അടുത്തിടെ നടന്ന സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങിനിടയിൽ രവികുമാർ തല അജിത്തിനെക്കുറിച്ച് ചില കാര്യങ്ങൾ പങ്കുവച്ചു.

”എന്റെ കൂടെ വർക്ക് ചെയ്തിട്ടുളള നടന്മാർ എല്ലാവരും ചില നിർദേശങ്ങളൊക്കെ പറയാറുണ്ട്. ആ ഡയലോഗ് ഇങ്ങനെ പറഞ്ഞാലോ, ആ സീൻ ഇങ്ങനെ പറഞ്ഞാലോ എന്നൊക്കെ ചോദിക്കാറുണ്ട്. അവരുടെ നിർദേശങ്ങൾ ഞാനെപ്പോഴും പോസിറ്റീവായാണ് എടുക്കാറുണ്ട്. ചിലപ്പോൾ അവ തലവേദനയായും മാറാറുണ്ട്. പക്ഷേ രണ്ടേ രണ്ടു നടന്മാർ മാത്രം ഇതുവരെ ഒരു നിർദേശവും പറഞ്ഞിട്ടില്ല. ഞാൻ പറയുന്നതെന്താണോ അതു മാത്രമാണ് അവർ ചെയ്തിട്ടുളളത്. തമിഴിൽ അജിത്തും തെലുങ്കിൽ ബാലയ്യയുമാണ് അത്”- രവികുമാർ പറഞ്ഞു.

തല അജിത്തിനൊപ്പം വർക്ക് ചെയ്തിട്ടുളള സംവിധായകർക്കെല്ലാം അദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും പോസിറ്റീവ് കാര്യം പറയാനുണ്ടാവും. വില്ലൻ, വരലാറു എന്നീ രണ്ടു സിനിമകളിലാണ് രവികുമാറും അജിത്തും ഒന്നിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ