ഷൂട്ടിങ്ങിനിടെ നടൻ അജിത്തിന് പരുക്ക്. പുതിയ ചിത്രമായ ‘വാലിമൈ’യുടെ ചിത്രീകരണത്തിനിടയിലാണ് താരത്തിന് പരുക്കേറ്റത്. ബൈക്ക് സ്റ്റണ്ട് സീനുകളുടെ ചിത്രീകരണത്തിനിടയിലാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. പരുക്ക് വകവയ്ക്കാതെ ചിത്രത്തിന്റെ ചെന്നൈ ഷെഡ്യൂൾ ഷൂട്ടിങ് അജിത്ത് പൂർത്തിയാക്കിയെന്നാണ് ലൊക്കേഷനിൽനിന്നുള്ള വിവരം.

പരുക്ക് സാരമുള്ളതല്ല. എന്നാൽ പരുക്ക് പൂർണമായും മാറുംവരെ താരം ബ്രേക്ക് എടുത്തിരിക്കുകയാണെന്നു ചിത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. പരുക്ക് ഭേദമായാൽ ഉടൻ താരം ചിത്രത്തിന്റെ ഹൈദരാബാദ് ഷെഡ്യൂളിൽ ജോയിൻ ചെയ്യും.

Read Also: ഗ്ലാമറസായി ബോളിവുഡ് താരങ്ങൾ; വൈറലായി ചിത്രങ്ങൾ

മോട്ടോർ ബൈക്കുകളോടും കാർ റേസിനോടുമൊക്കെ അജിത്തിനുള്ള ഇഷ്ടം പരസ്യമാണ്. സിനിമയിൽ ആയാലും ബൈക്ക് സ്റ്റഡുകളും മറ്റും ഏറെ ആസ്വദിച്ചു ചെയ്യുന്ന താരമാണ് അജിത്ത്. മുൻപും ചിത്രീകരണത്തിനിടെ നിരവധി തവണ താരത്തിന് അപകടമുണ്ടായിട്ടുണ്ട്. ‘ആരംഭം’ ചിത്രത്തിന്റെ ഫൈറ്റ് സീനുകളുടെ ചിത്രീകരണസമയത്തും അജിത്തിന് പരുക്കേറ്റിരുന്നു. ‘വേതാള’ത്തിന്റെ ചിത്രീകരണത്തിനിടയിലുണ്ടായ അപകടത്തെത്തുടർന്ന് താരത്തെ ശസ്ത്രക്രിയയ്ക്കു വിധേയമാക്കിയിരുന്നു.

സംവിധായകൻ വിനോദ്,ബോളിവുഡിലെ പ്രശസ്ത നിർമാതാവ് ബോണി കപൂർ എന്നിവർക്കൊപ്പം ചേർന്നുള്ള അജിത്തിന്റെ രണ്ടാമത്തെ സംരംഭമാണ് ‘വാലിമൈ’. ‘പിങ്കി’ന്റെ തമിഴ് റീമേക്ക് ആയ ‘നേർകൊണ്ട പാർവൈ’ എന്ന ചിത്രത്തിനു വേണ്ടി കഴിഞ്ഞ വർഷം മൂവരും ഒന്നിച്ചിരുന്നു. ‘വാലിമൈ’യിൽ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് അജിത്ത് എത്തുന്നത്. ദീപാവലിയ്ക്ക് ചിത്രം തിയറ്ററുകളിൽ എത്തും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook