തല അജിത്തിന് തമിഴകത്തെങ്ങും ആരാധകരുടെ വലിയൊരു കൂട്ടം തന്നെയുണ്ട്. പൊതു ഇടങ്ങളിൽ വളരെ അപൂർവ്വമായിട്ടേ അജിത്തിനെ കാണാൻ ആരാധകർക്ക് അവസരം ലഭിക്കാറുളളൂ. അങ്ങനെയൊരു അവസരം വീണു കിട്ടിയാൽ പിന്നെ ആരാധകർ അത് വിട്ടുകളയുകയുമില്ല. സിനിമയുമായി ബന്ധപ്പെട്ട പരിപാടികളിൽ അജിത്തിനെ കാണാനേ സാധിക്കില്ല. പക്ഷേ മകൾ അനൗഷ്കയുടെയും മകൻ അദ്വിക്കിന്റെയും സ്കൂൾ പരിപാടികളൊന്നും അജിത് മിസ് ചെയ്യാറില്ല.

മകൻ അദ്വിക്കിന്റെ സ്കൂൾ കായിക മേളയിൽ അജിത് പങ്കെടുക്കാൻ എത്തിയപ്പോഴുളള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. താരജാഡകളൊന്നുമില്ലാതെ ഒരു സാധാരണക്കാരനെന്നപോലെയാണ് അജിത് മകന്റെ കായിക മൽസരങ്ങൾ കണ്ടുനിന്നത്. ഇപ്പോഴിതാ വീണ്ടും ഒരു സ്കൂൾ പരിപാടിയിൽ അജിത് പങ്കെടുക്കാൻ എത്തിയതിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

ഇത്തവണ അജിത് തനിച്ചല്ല ഭാര്യ ശാലിനിയും മകൾ അനൗഷ്കയും ഒപ്പമുണ്ട്. അനൗഷ്കയുടെ സ്കൂൾ പരിപാടിയിൽ പങ്കെടുക്കാനായാണ് അജിത് ഭാര്യയ്ക്കൊപ്പം എത്തിയതെന്നാണ് സൂചന. എന്നാൽ ഇക്കാര്യം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നുമില്ല.

സാൾട്ട് ആന്റ് പെപ്പർ ലുക്കിലാണ് അജിത് എത്തിയത്. അജിത്തിനെ കണ്ടതും നിരവധി ആരാധകരാണ് ചുറ്റും തടിച്ചുകൂടിയത്. ആരാധകരെ ഒട്ടും നിരാശപ്പെടുത്താതെ തല അവർക്കെല്ലാം ഒപ്പം നിന്ന് ഫോട്ടോയും എടുത്തു.

വിസ്വാസം സിനിമയിലാണ് അജിത് ഇപ്പോൾ അഭിനയിക്കുന്നത്. നയൻതാരയാണ് ചിത്രത്തിലെ നായിക. ബില്ല, ഏകൻ, ആരംഭം എന്നീ സിനിമകളിൽ അജിത്തിന്റെ നായികയായിരുന്നു നയൻതാര.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ