കോവിഡിന് എതിരെയുള്ള പോരാട്ടത്തിലാണ് ലോകമെമ്പാടുമുള്ള ജനങ്ങൾ. കോവിഡ് 19നെതിരെയുള്ള പോരാട്ടങ്ങൾക്ക് സഹായകമായിരിക്കുകയാണ് നടൻ അജിത്തും ടീമും വികസിപ്പെടുത്ത അത്യാധുനിക ഡ്രോൺ ടെക്നോളജി. വലിയ പ്രദേശങ്ങൾ അണുവിമുക്തമാക്കാൻ സഹായിക്കുകയാണ് ഈ ഡ്രോൺ ടെക്നോളജി ഇപ്പോൾ. തലയുടെ തലയിൽ വിരിഞ്ഞ ഐഡിയയ്ക്ക് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് കർണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായൺ. ട്വിറ്ററിലൂടെയാണ് അദ്ദേഹം തല അജിത്തിനെ അഭിനന്ദിച്ചിരിക്കുന്നത്.

2018ൽ മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അജിത്തിനെ സിസ്റ്റം അഡ്‌വൈസറും ഹെലികോപ്റ്റർ ടെസ്റ്റ് പൈലറ്റുമായി നിയമിച്ചിരുന്നു. പുത്തൻ സാങ്കേതികതയിൽ ഉള്ള ഒരു യുഎവി(unarmed aerial vehicle) ഡ്രോൺ നിർമ്മിക്കാൻ അജിത്ത് ഒരു കൂട്ടം വിദ്യാർത്ഥികളെ പരിശീലിപ്പിച്ചിരുന്നു. ദക്ഷ എന്നു പേരിട്ട അജിത്തിന്റെയും ടീമിന്റെയും ഡ്രോൺ ആറുമണിക്കൂറിലേറെ സമയം നിർത്താതെ പറന്ന് മെഡിക്കൽ എക്സ്പ്രസ് 2018 യുഎവി ചലഞ്ചിൽ വിജയിക്കുകയും ചെയ്തിരുന്നു.

കോറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ദക്ഷിണേന്ത്യയിൽ പലയിടത്തും വലിയ പ്രദേശങ്ങളിൽ അണുനാശിനി തളിക്കാൻ ദക്ഷ ഡ്രോൺ ഉപയോഗിച്ചു. അണുനാശിനികൾ തളിക്കാൻ സഹായിക്കുന്ന ഈ സ്മാർട്ട് ഡ്രോൺ നിർമ്മിച്ച അജിത്തിനെയും സംഘത്തെയും അഭിനന്ദിക്കുകയാണ് കർണാടക ഉപമുഖ്യമന്ത്രി സിഎൻ അശ്വത് നാരായൺ.

ബഹുമുഖ വ്യക്തിത്വമാണ് അജിത്ത്. അഭിനയത്തിനു പുറമേ, കാർ റേസിംഗ് ബൈക്ക് റേസിംഗ് എന്നിവയിലെല്ലാം താൽപ്പര്യമുള്ള അജിത്ത് പരിശീലനം ലഭിച്ച പൈലറ്റും റൈഫിൾ ഷൂട്ടറും നല്ലൊരു ഫോട്ടോഗ്രാഫറുമൊക്കെയാണ്. എയറോ മോഡലിംഗ്, റിമോർട്ട് ഉപയോഗിച്ച് വാഹനങ്ങൾ നിയന്ത്രിക്കുക തുടങ്ങിയവയിൽ ഒക്കെ അതീവ തൽപ്പരനാണ് അജിത്ത്.

Read more: കൊറോണ പോരാട്ടത്തിനായി സംഭാവനകളുമായി ആമിർഖാനും അജിത്തും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook