scorecardresearch
Latest News

കിച്ച സുധീപ്-അജയ് ദേവ്ഗൺ ഹിന്ദി വിവാദം; മനോജ് ബാജ്പേയ് മുതൽ രാംഗോപാൽ വർമ വരെ പറഞ്ഞത്

കിച്ച സുദീപുമായി ട്വിറ്ററിൽ തർക്കം നടത്തിയതിന് പിന്നാലെയാണ് ഹിന്ദിയാണ് ഇന്ത്യയുടെ ദേശീയ ഭാഷ എന്ന ചർച്ചയ്ക്ക് അജയ് ദേവ്ഗൺ തുടക്കമിട്ടത്. രാഷ്ട്രീയ, സിനിമാ രംഗങ്ങളിൽ നിന്നുള്ള നിരവധി പേർ ഈ വിഷയത്തിൽ പിന്നീട് അഭിപ്രായം അറിയിച്ചു

കിച്ച സുധീപ്-അജയ് ദേവ്ഗൺ ഹിന്ദി വിവാദം; മനോജ് ബാജ്പേയ് മുതൽ രാംഗോപാൽ വർമ വരെ പറഞ്ഞത്

ഹിന്ദി ഭാഷയെച്ചൊല്ലിയാണ് ഇപ്പോൾ ഇന്ത്യൻ സിനിമാ ലോകത്ത് പുതിയ ഒരു വിവാദം. ബോളിവുഡ് താരം അജയ് ദേവ്ഗൺ കന്നഡ താരം കിച്ച സുധീപിന്റെ ഒരു ട്വീറ്റിന് മറുപടി നൽകിയതോടെയാണ് ഹിന്ദി ഭാഷാ വിവാദം സിനിമാ ലോകത്തേക്കും കത്തിപ്പടർന്നത്.

കിച്ച സുധീപിനെതിരെ അജയ് ദേവ്ഗൺ ട്വീറ്റ് ചെയ്യുകയും ഹിന്ദി ദേശീയ ഭാഷയാണെന്ന് തെറ്റായി പ്രഖ്യാപിക്കുകയും ചെയ്തു. കന്നഡ ചിത്രം കെജിഎഫ്: ചാപ്റ്റർ 2 ന്റെ ബോക്‌സ് ഓഫീസ് വിജയത്തെക്കുറിച്ച് അടുത്തിടെ സുദീപ് അഭിപ്രായപ്പെട്ടിരുന്നു. ഹിന്ദി ചലച്ചിത്ര വ്യവസായം ബുദ്ധിമുട്ടിലാണെന്ന് ട്വീറ്റിൽ സുധീപ് പറഞ്ഞിരുന്നു.

നോർത്ത്-സൗത്ത് ചർച്ചകൾ പുതിയതല്ലെങ്കിലും, ദക്ഷിണേന്ത്യൻ ഹിറ്റുകളായ പുഷ്പ: ദി റൈസ്, ആർആർആർ, കെജിഎഫ് 2 എന്നിവയുടെ വിജയത്തിന് ശേഷം കഴിഞ്ഞ ആഴ്‌ചകളിൽ ഇത് വീണ്ടും ഉയർന്നുവന്നിട്ടുണ്ട്. ബോളിവുഡിയ ബച്ചൻ പാണ്ഡേയും അടുത്തിടെ ജേഴ്സിയും പരാജയപ്പെട്ടിരുന്നു.

ഹിന്ദി സിനിമകൾക്ക് തിരിച്ചുവരാൻ കഴിയുമോ ഇല്ലയോ എന്നതിനെക്കുറിച്ച് സിനിമാ ഇൻഡസ്ട്രിക്കുള്ളിൽ നടന്നുകൊണ്ടിരിക്കുന്ന ചർച്ചകൾക്കിടയിൽ ഈ വിഷയത്തെക്കുറിച്ച് ആരെല്ലാം, എന്തെല്ലാം പറഞ്ഞെന്ന് പരിശോധിക്കാം.

സുദീപ് പറഞ്ഞത്: ‘എന്റെ പ്രതികരണം കന്നഡയിൽ ടൈപ്പ് ചെയ്തിരുന്നെങ്കിൽ…’

കെജിഎഫ് 2വിന്റെ വിജയത്തെ അഭിസംബോധന ചെയ്യുമ്പോൾ അടുത്തിടെ നടന്ന ഒരു പരിപാടിയിൽ സുദീപ് പറഞ്ഞു: “ഒരു പാൻ ഇന്ത്യ സിനിമ കന്നഡയിൽ നിർമ്മിച്ചതാണെന്ന് നിങ്ങൾ പറഞ്ഞു. ഒരു ചെറിയ തിരുത്തൽ വരുത്താൻ ഞാൻ ആഗ്രഹിക്കുന്നു. ഹിന്ദി ഇനി ഒരു ദേശീയ ഭാഷയല്ല. അവർ (ബോളിവുഡ്) ഇന്ന് പാൻ-ഇന്ത്യ സിനിമകൾ ചെയ്യുന്നു. തെലുങ്കിലും തമിഴിലും ഡബ്ബ് ചെയ്തുകൊണ്ട് (വിജയം കണ്ടെത്താൻ) അവർ പാടുപെടുകയാണ്, പക്ഷേ അത് നടക്കുന്നില്ല. ഇന്ന് ഞങ്ങൾ എല്ലായിടത്തും പോകുന്ന സിനിമകൾ നിർമ്മിക്കുന്നു.”

ഒരു സിനിമ പ്രൊമോട്ട് ചെയ്യാൻ ഉള്ള അജയ് ദേവ്ഗൺ ഹിന്ദിയിൽ അതിന് മറുപടി ട്വീറ്റ് ചെയ്തു, “എന്റെ സഹോദരാ, നിങ്ങളുടെ അഭിപ്രായത്തിൽ ഹിന്ദി ഞങ്ങളുടെ ദേശീയ ഭാഷയല്ലെങ്കിൽ പിന്നെ എന്തിനാണ് നിങ്ങളുടെ സിനിമകൾ ഹിന്ദിയിൽ ഡബ്ബ് ചെയ്ത് നിങ്ങളുടെ മാതൃഭാഷയിൽ റിലീസ് ചെയ്യുന്നത്? ഹിന്ദി അന്നും ഇന്നും എന്നും നമ്മുടെ മാതൃഭാഷയും ദേശീയ ഭാഷയുമായിരിക്കും. ജൻ ഗൺ മൻ,” എന്നായിരുന്നു അജയ് ദേവ്ഗണിന്റെ ട്വീറ്റ്.

തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്ന് സുധീപ് മറുപടി നൽകി,. “സർ, നിങ്ങൾ ഹിന്ദിയിൽ അയച്ച സന്ദേശം എനിക്ക് മനസ്സിലായി. അത് നമ്മളെല്ലാവരും ഹിന്ദിയെ ബഹുമാനിക്കുകയും സ്നേഹിക്കുകയും പഠിക്കുകയും ചെയ്തതുകൊണ്ട് മാത്രമാണ്. വിരോധമില്ല സർ, എന്നാൽ എന്റെ പ്രതികരണം കന്നഡയിൽ ടൈപ്പ് ചെയ്താൽ എന്തായിരിക്കും അവസ്ഥ എന്നായിരുന്നു ആശ്ചര്യം!! ഞങ്ങളും ഇന്ത്യയുടേതല്ലേ സർ,” എന്നായിരുന്ന കിച്ച സുധീപിന്റെ മറുപടി.

സിദ്ധരാമയ്യ പറഞ്ഞത്: ‘ഹിന്ദി ഒരിക്കലും നമ്മുടെ ദേശീയ ഭാഷയാകില്ല’

ഒരു തെറ്റിദ്ധാരണയുണ്ടെന്ന് അജയ് സമ്മതിച്ചു, എന്നാൽ കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ അദ്ദേഹത്തിന് മറുപടിയായി ട്വീറ്റ് ചെയ്തു.“ഹിന്ദി ഒരിക്കലും ഞങ്ങളുടെ ദേശീയ ഭാഷയല്ല. നമ്മുടെ രാജ്യത്തിന്റെ ഭാഷാ വൈവിധ്യത്തെ മാനിക്കുക എന്നത് ഓരോ ഇന്ത്യക്കാരന്റെയും കടമയാണ്. ഓരോ ഭാഷയ്ക്കും അതിന്റെ ജനങ്ങൾക്ക് അഭിമാനിക്കാൻ സമ്പന്നമായ ചരിത്രമുണ്ട്. ഒരു കന്നഡിഗനായതിൽ ഞാൻ അഭിമാനിക്കുന്നു!!” എന്നായിരുന്നു സിദ്ധരാമയ്യയുടെ ട്വീറ്റ്.

ഡബ് ചെയ്യരുത് എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് എച്ച് ഡി കുമാരസ്വാമി .

മറ്റൊരു മുൻ കർണാടക മുഖ്യമന്ത്രി എച്ച്‌ഡി കുമാരസ്വാമി വിഷയത്തിൽ ഒരു ട്വിറ്റർ ത്രെഡ് പോസ്റ്റ് ചെയ്തു. ഹിന്ദി ദേശീയ ഭാഷയല്ലെന്ന് നടൻ കിച്ച സുധീപ് പറഞ്ഞത് ശരിയാണെന്ന് അദ്ദേഹം എഴുതി. “അദ്ദേഹത്തിന്റെ പ്രസ്താവനയിൽ തെറ്റ് കാണേണ്ട കാര്യമില്ല. നടൻ അജയ്‌ദേവ്ഗൻ പരിഹാസ്യമായ പെരുമാറ്റവും കാണിക്കുന്നു. കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, മറാത്തി എന്നിവ പോലെ ഹിന്ദിയും പല ഭാഷകളിൽ ഒന്നാണ്. ഇന്ത്യ പല ഭാഷകളുടെ പൂന്തോട്ടമാണ്. ബഹുസ്വര സംസ്കാരങ്ങളുടെ നാട്. ഇത് തകർക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകരുത്. ഒരു വലിയ ജനവിഭാഗം ഹിന്ദി സംസാരിക്കുന്നതുകൊണ്ട് അത് ദേശീയ ഭാഷയാകില്ല. 9-ൽ താഴെ സംസ്ഥാനങ്ങൾ, കാശ്മീർ-കന്യാകുമാരി, 2-ഉം 3-ഉം ഭാഷയായി ഹിന്ദിയുണ്ട് അല്ലെങ്കിൽ അതുപോലുമില്ല. ഈ സാഹചര്യത്തിൽ അജയ് ദേവ്ഗന്റെ പ്രസ്താവനയിലെ സത്യമെന്ത്? ഡബ്ബ് ചെയ്യരുതെന്ന് നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്?” കുമാരസ്വാമി ചോദിച്ചു.

‘വടക്കൻ താരങ്ങൾ സുരക്ഷിതരല്ല…’: ആർജിവി

ഈ വിഷയത്തിൽ സംവിധായകൻ രാം ഗോപാൽ വർമ്മയും ട്വീറ്റ് ചെയ്തു, “ ഒരു കന്നഡ ഡബ്ബിംഗ് ചിത്രമായ കെജിഎഫ്2വിന് 50 കോടി നേടിയതിനാൽ വടക്കൻ താരങ്ങൾ ദക്ഷിണേന്ത്യയിലെ താരങ്ങളോട് അരക്ഷിതരായിരിക്കുന്നു അസൂയയും കാണിക്കുന്നു എന്നതാണ് നിഷേധിക്കാനാവാത്ത അടിസ്ഥാന സത്യം,” ആർജിവി ട്വീറ്റ് ചെയ്തു

“ഇന്ത്യയ്ക്ക് ഒരു ഭാഷയുണ്ട്… എന്റർടൈൻമെന്റ്”

ഇന്ത്യയിലെ പല ഭാഷകളിലും ഉള്ള സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന സോനു സൂദ് വ്യത്യസ്തമായ അഭിപ്രായം പറഞ്ഞു. “ഹിന്ദിയെ ദേശീയ ഭാഷ എന്ന് വിളിക്കാമെന്ന് ഞാൻ കരുതുന്നില്ല. ഇന്ത്യയ്ക്ക് ഒരു ഭാഷയുണ്ട്, അത് എന്റർടൈൻമെന്റ് ആണ്. നിങ്ങൾ ഏത് ഇൻഡസ്‌ട്രിയിൽ പെട്ടവരാണെന്നത് പ്രശ്‌നമല്ല. നിങ്ങൾ ആളുകളെ രസിപ്പിക്കുകയാണെങ്കിൽ, അവർ നിങ്ങളെ സ്നേഹിക്കുകയും ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യും,” സോനു പറഞ്ഞു.

ചിരഞ്ജീവിക്ക് അപമാനിതനായി തോന്നിയപ്പോൾ

തന്റെ വരാനിരിക്കുന്ന ചിത്രമായ ആചാര്യയുടെ സമീപകാല പത്രസമ്മേളനത്തിൽ, ചിരഞ്ജീവി 1989-ലെ അപമാനകരമായ ഒരു സംഭവം അനുസ്മരിച്ചു. ഇന്ത്യൻ സിനിമകളെക്കുറിച്ചുള്ള സർക്കാർ ചുവർച്ചിത്രത്തിൽ ദക്ഷിണേന്ത്യൻ ചലച്ചിത്ര വ്യവസായങ്ങൾ അവഗണിച്ചെന്ന് ഡൽഹിയിലേക്കുള്ള യാത്രയിൽ സൂചിപ്പിച്ച സംഭവം ആയിരുന്നു അത്.

“ദക്ഷിണേന്ത്യൻ സിനിമകളിലെഎന്തെങ്കിലും കാണുമെന്ന പ്രതീക്ഷയിൽ ഞാൻ നടന്നുകൊണ്ടിരുന്നു. എന്നാൽ, ജയലളിതയ്‌ക്കൊപ്പമുള്ള എംജിആറിന്റെ ഒരു സ്റ്റില്ലും പ്രേം നസീറിന്റെ ഫോട്ടോയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. സൗത്ത് ഫിലിംസ് എന്നാണ് അവർ അതിന് പേരിട്ടിരിക്കുന്നത്. അത് തന്നെ. രാജ് കുമാറിനെയോ വിഷ്ണുവർദ്ധനെയോ എൻ ടി രാമറാവുവിനെയോ നാഗേശ്വര റാവുവിനെയോ ശിവാജി ഗണേശനെയോ പോലെയോ നമ്മുടെ വ്യവസായ രംഗത്തെ ഇതിഹാസ ചലച്ചിത്ര പ്രവർത്തകരെയോ പോലും അവർ തിരിച്ചറിഞ്ഞില്ല. ആ നിമിഷം എനിക്ക് വളരെ അപമാനം തോന്നി. അതൊരു അപമാനം പോലെയായിരുന്നു. അവർ ഹിന്ദി സിനിമയെ ഇന്ത്യൻ സിനിമയായി ചിത്രീകരിച്ചു. മറ്റ് സിനിമകളെ ‘പ്രാദേശിക സിനിമകൾ’ എന്ന് തരംതിരിക്കുമ്പോൾ അവർക്ക് ബഹുമാനം നൽകിയില്ല,” ചിരഞ്ജവി പറഞ്ഞു.

ഈ വർഷമാദ്യം, ബോളിവുഡ് ബബിളിന് നൽകിയ അഭിമുഖത്തിൽ നാഗാർജുന പറഞ്ഞത്, തനിക്ക് ഇപ്പോഴും സ്വന്തം രാജ്യത്ത് വിവേചനം അനുഭവപ്പെടുന്നുണ്ടെന്നും എന്നാൽ തന്റെ വേരുകളിൽ അഭിമാനിക്കുന്നതിനാൽ വിഷമിക്കുന്നില്ലെന്നും ആയിരുന്നു.
“ഇപ്പോഴും, ഞാൻ ഡൽഹിയിലോ മുംബൈയിലോ എവിടെയെങ്കിലും ഒരു റെസ്റ്റോറന്റിൽ നടക്കുമ്പോൾ, അവർ പറയും, ‘സൗത്ത് കാ ആക്ടർ ഹേ’. വിമാനത്താവളങ്ങളിൽ സിഐഎസ്‌എഫുകാരും പറയുന്നു. ഞാൻ അത് കേൾക്കുന്നു, “ നാഗാർജു പറഞ്ഞു.

മനോജ് ബാജ്‌പേയി പറഞ്ഞത്

തെന്നിന്ത്യൻ സിനിമകളുടെ വിജയത്തെക്കുറിച്ച് മനോജ് ബാജ്‌പേയി ഡൽഹി ടൈംസിനോട് അടുത്തിടെ ഒരു അഭിമുഖത്തിൽ സംസാരിച്ചു. പുഷ്പ, കെജിഎഫ് തുടങ്ങിയ ഹിറ്റുകൾ ‘മുംബൈ സിനിമാ വ്യവസായത്തിലെ എല്ലാ മുഖ്യധാരാ സംവിധായകരുടെയും നട്ടെല്ലിന് വിറയലുണ്ടാക്കി’ എന്ന് അദ്ദേഹം പറഞ്ഞു. തെന്നിന്ത്യൻ ചലച്ചിത്ര പ്രവർത്തകർ പ്രേക്ഷകരോട് താഴ്ത്തി സംസാരിക്കാറില്ലെന്നും അവരുടെ സൃഷ്ടികൾ കുറ്റമറ്റതാണെന്നും താരം പറഞ്ഞു. മുഖ്യധാരാ സിനിമ എങ്ങനെ നിർമ്മിക്കാം എന്നതിനെക്കുറിച്ചുള്ള മുംബൈ വ്യവസായത്തിലെ മുഖ്യധാരാ സംവിധായകർക്ക് ഇതൊരു പാഠമാണ്, അദ്ദേഹം ഉപസംഹരിച്ചു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Ajay devgn vs kiccha sudeep on hindi as national language debate manoj bajpayee kumaraswamy