എസ്എസ് രാജമൗലിയുടെ ഏറ്റവും പുതിയ ചിത്രം ‘ആർആർആറി’ൽ ബോളിവുഡ് താരം അജയ് ദേവ്ഗൺ അതിഥിയായെത്തുന്നു. ബാഹുബലിയ്ക്ക് ശേഷം രാജമൗലിയൊരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘ആർആർആർ’. ചിത്രത്തിൽ വളരെ രസകരമായൊരു കഥാപാത്രത്തെയാണ് അജയ് അവതരിപ്പിക്കുന്നതെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങൾ പിടിഐയോട് പ്രതികരിച്ചത്. മുൻപ് കമലഹാസന്റെ ‘ഇന്ത്യൻ 2’ വിലേക്ക് പ്രധാന കഥാപാത്രങ്ങളിൽ ഒരാളായി അജയ് ദേവ്ഗണിനെ ക്ഷണിച്ചിരുന്നെങ്കിലും താരം ആ ഓഫർ നിരസിക്കുകയായിരുന്നു.
ഇതു രണ്ടാമത്തെ തവണയാണ് രാജമൗലിയ്ക്ക് ഒപ്പം അജയ് ദേവ്ഗൺ സഹകരിച്ചു പ്രവർത്തിക്കുന്നു. 49 കാരനായ അജയ് മുൻപ് രാജമൗലിയുടെ തെലുങ്ക് ചിത്രം ‘ഈഗ’യുടെ ഹിന്ദി റീമേക്കിന് വോയിസ് ഓവർ നൽകിയിരുന്നു. അതിഥിവേഷമായതിനാലാണ് അജയ് ദേവ്ഗൺ ഈ ഓഫർ സ്വീകരിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതര ഭാഷാ ചിത്രങ്ങളിൽ അഭിനയിക്കാൻ പൊതുവെ വിമുഖത കാണിക്കുന്ന ബോളിവുഡ് താരങ്ങളിലൊരാളാണ് അജയ് ദേവ്ഗൺ. ‘തനാജി: ദ അൺസങ്ങ് വാരിയർ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായ ഉടനെ അജയ് ദേവ്ഗൺ ‘ആർആർആറി’ൽ ജോയിൻ ചെയ്യും.
ബാഹുബലിയെ പോലെ തന്നെ ‘ആർആർആർ’ എന്ന ചിത്രവും ഇന്ത്യൻ പിരീഡ് ആക്ഷൻ ഫിലിം ആണ്. ബാഹുബലി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. എൻടിആർ ജൂനിയറും റാം ചരണുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. 300 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് റിപ്പോർട്ടുകൾ.
തന്റെ പുതിയ ചിത്രം ‘ടോട്ടൽ ധമാലി’ന്റെ പ്രമോഷനുമായി തിരക്കുകളിലാണ് അജയ് ദേവ്ഗൺ ഇപ്പോൾ. മാധുരി ദീക്ഷിത്, അനിൽ കപൂർ, ജാവേദ് ജാഫെറി, അർഷാജ് വാർസി, റിഥേഷ് ദേശ്‌മുഖ് തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിലുണ്ട്. ഫെബ്രുവരി 22 നാണ് ചിത്രം റിലീസിനെത്തുന്നത്.