‘ആട് 2’ന് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്’ റിലീസിന് ഒരുങ്ങുകയാണ്. മിഥുന്‍ മാനുവല്‍ തോമസിനെ കഴിഞ്ഞാല്‍ പിന്നെ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം, തൊട്ടതെല്ലാം പൊന്നാക്കിയ ഐശ്വര്യ ലക്ഷ്മിയും, യുവതാരം കാളിദാസ് ജയറാമും, ‘കരിക്ക്’ ഫെയിം ജോര്‍ജുമാണ്. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്.

ചിത്രത്തിന്റെ പ്രചാരണ പരിപാടികളുടെ ഭാഗമായി ടീം ‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്’ കഴിഞ്ഞ ദിവസം കേരളത്തിലെ നാല് കോളേജുകള്‍ സന്ദര്‍ശിക്കുകയുണ്ടായി. ടികെഎം ആര്‍ട്‌സ് ആൻഡ് സയന്‍സ്, എസ്എന്‍ പോളിടെക്‌നിക്, പെരുമണ്‍ കോളേജ് ഓഫ് എൻജിനീയറിങ്, ടികെഎം കോളേജ് ഓഫ് എൻജിനീയറിങ്. നാലിടത്തും ഇരുകൈകളും നീട്ടിയാണ് വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പ്രിയ താരങ്ങളെ സ്വീകരിച്ചത്.

കോളേജിന്റെ സ്‌റ്റേജില്‍ ആര്‍ത്തിരമ്പുന്ന ആരാധകരെ സാക്ഷിയാക്കി നായകനും നായികയും അരങ്ങ് തകര്‍ത്ത് ചുവടുകള്‍ വച്ചപ്പോള്‍ കൂടെ കൈയ്യടിച്ചും നൃത്തം ചവിട്ടിയും വിദ്യാര്‍ത്ഥികളും പരിപാടി ഓളമാക്കി.

മാര്‍ച്ച് ഒന്നിന് റിലീസ് ചെയ്യാനിരുന്ന ചിത്രം പരീക്ഷകള്‍ കണക്കിലെടുത്ത്, റിലീസ് തീയതി മാര്‍ച്ച് 22ലേക്ക് മാറ്റി. വേൾഡ് വൈഡായാണ് മാർച്ച് 22 ന് ചിത്രം റിലീസിന് എത്തുന്നത്.

ജിത്തു ജോസഫിന്റെ ‘മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി’ക്ക് ശേഷം കാളിദാസ് ജയറാമും ജിസ് ജോയുടെ ‘വിജയ് സൂപ്പറും പൗര്‍ണമിയും’ എന്ന ചിത്രത്തിന് ശേഷം ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്’.

കാട്ടൂര്‍കടവിലെ അര്‍ജന്റീന ആരാധകരുടെ കഥ പറയുന്ന ചിത്രം അശോകന്‍ ചെരുവിലിന്റെ കഥയെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. കാല്‍പ്പന്തു കളിയുടെ ആരവത്തിനൊപ്പം പ്രണയവും സൗഹൃദവും നിറഞ്ഞൊരു സിനിമയായിരിക്കും അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ്. കാളിദാസിനും ഐശ്വര്യയ്ക്കുമൊപ്പം നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ആഷിഖ് ഉസ്മാനാണ് സിനിമ നിര്‍മ്മിക്കുന്നത്. മിഥുന്‍ മാനുവലും ജോണ്‍ മന്ത്രിക്കലും ചേര്‍ന്ന് ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നു. രണദിവെ ഛായാഗ്രഹണവും ഗോപി സുന്ദര്‍ സംഗീതവും ഒരുക്കിയിരിക്കുന്നു. സെന്‍ട്രല്‍ പിക്ചേഴ്സാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ