സിനിമയ്ക്ക് അപ്പുറം ജീവിതത്തിൽ യാതൊരുവിധ മേക്കപ്പുമില്ലാതെ പൊതുവിടങ്ങളിൽ പ്രത്യക്ഷപ്പെടുന്ന നടനാണ് രജനീകാന്ത്. വിഗ്ഗു വയ്ക്കാതെ, താടിയോ മുടിയോ കറുപ്പിക്കാതെ, കാലമേൽപ്പിച്ച പ്രായത്തിന്റെ അടയാളങ്ങളെല്ലാം അതേപടി തന്നെ പ്രദർശിപ്പിച്ചുകൊണ്ട് ആൾക്കൂട്ടത്തിനു മുന്നിൽ പ്രത്യക്ഷപ്പെടാൻ ഒരിക്കലും രജനീകാന്ത് മടിച്ചിട്ടില്ല. തലൈവരുടെ ജീവിതത്തിലെ ഈ ലാളിത്യവും കാപട്യമില്ലായ്മയും പലപ്പോഴും ആരാധകരെയും വലിയ രീതിയിൽ സ്വാധീനിച്ചിട്ടുള്ള കാര്യമാണ്.
രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. താരത്തിന്റെ മൂത്തമകൾ ഐശ്വര്യയാണ് ഈ ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. “ഒരു ഫിൽറ്ററും ആവശ്യമില്ല, വ്യാജമായതൊന്നുമില്ല, കുറ്റമറ്റത്… ഒരിക്കലും തെറ്റാൻ സാധിക്കാത്ത ഒരു ഫ്രെയിം. .ഒരിക്കലും തെറ്റായൊരു ആംഗിൾ ഉണ്ടാകാത്ത മുഖം.. പിതൃസ്നേഹം. അമൂല്യമായ പോസിറ്റീവ് ചിത്രം. നിങ്ങളുടെ എല്ലാ ദിവസവും മുകളിൽ പറഞ്ഞിരിക്കുന്ന വരികൾ പോലെ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാവർക്കും വിജയദശമി ആശംസകൾ,” ഐ ഫോൺ 14 പ്രോ മാക്സിൽ ഷൂട്ട് ചെയ്ത ചിത്രം ഷെയർ ചെയ്ത് ഐശ്വര്യ കുറിക്കുന്നു.
അടുത്തിടെ സൂപ്പർസ്റ്റാർ രജനികാന്തിന്റെ കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി എത്തിയിരുന്നു. സംവിധായികയും സൂപ്പർസ്റ്റാർ രജനികാന്തിന്റെ ഇളയമകളുമായ സൗന്ദര്യയാണ് രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയിരിക്കുന്നത്. വീർ രജനികാന്ത് എന്നാണ് കുഞ്ഞിന് സൗന്ദര്യ പേരു നൽകിയിരിക്കുന്നത്.
സൗന്ദര്യയുടെ മൂത്തമകൻ വേദിനെയും ഭർത്താവ് വിശാഖനെയും ചിത്രങ്ങളിൽ കാണാം. “ദൈവത്തിന്റെ സമൃദ്ധമായ കൃപയോടും ഞങ്ങളുടെ മാതാപിതാക്കളുടെ അനുഗ്രഹത്തോടും കൂടി, വേദിന്റെ ചെറിയ സഹോദരൻ വീർ രജനീകാന്ത് വനങ്ങാമുടിയെ സ്വാഗതം ചെയ്യുന്നതിൽ വിശാഗനും വേദും ഞാനും അഭിമാനിക്കുന്നു,” സൗന്ദര്യ കുറിച്ചതിങ്ങനെ.
മുൻപ് വ്യവസായിയായ അശ്വിൻ രാം കുമാറിനെ സൗന്ദര്യ വിവാഹം ചെയ്തിരുന്നു, അതിലുള്ള മകനാണ് വേദ്. സൗന്ദര്യ രജനികാന്തും വിശാഗനും 2019ലാണ് വിവാഹിതരായത്.
അസിസ്റ്റന്റ് ഡയറക്ടറായി കരിയർ ആരംഭിച്ച സൗന്ദര്യ പിന്നീട് രജനികാന്തിന്റെ ചിത്രമായ കൊച്ചടൈയാൻ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്ത് അരങ്ങേറ്റം കുറിച്ചിരുന്നു.