അഭിനയം കൊണ്ട് ശ്രദ്ധ നേടിയ തെന്നിന്ത്യൻ നടികളിൽ ഒരാളാണ് ഐശ്വര്യ രാജേഷ്. കാക്കാ മുട്ടൈ, കന തുടങ്ങി നിരവധി ചിത്രങ്ങളിൽ മികച്ച പ്രകടനമാണ് ഐശ്വര്യ കാഴ്ച വച്ചത്. ജോമോന്റെ സുവിശേഷം, സഖാവ് എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്കും പരിചിതയാണ് ഐശ്വര്യ.

ഏറെ സങ്കടങ്ങൾക്കും കഷ്ടപ്പാടുകൾക്കും ശേഷം ജീവിതവിജയം നേടിയ തന്റെ കഥ പറയുകയാണ് ഐശ്വര്യ. ചെന്നൈയിലെ ചേരിയില്‍ ജനിച്ച് വളര്‍ന്ന് മികച്ച നടിയ്ക്കുള്ള തമിഴ്‌നാട് സർക്കാരിന്റെ മികച്ച നടിയ്ക്കുള്ള അവാർഡ് വരെ നേടിയ ഐശ്വര്യയുടെ ജീവിതം പ്രതിസന്ധികളിൽ പെട് ഉഴലുന്നവർക്ക് ഒരു പാഠപുസ്തകമാണ്. ദുരന്തങ്ങളെ അതിജീവിച്ചാണ് താൻ ഇന്നിവിടെ എത്തിയത് എന്നാണ് ഐശ്വര്യ പറയുന്നത്. ടിഇഡിഎക്സ് ടോക്സിൽ സംസാരിക്കുകയായിരുന്നു ഐശ്വര്യ.

“വേദനയും സന്തോഷവും സ്‌നേഹവും വിജയവും നിറഞ്ഞതായിരുന്നു എന്റെ യാത്ര. ചെന്നൈയിലെ ഒരു ചേരിയിലാണ് ഞാന്‍ ജനിച്ചു വളര്‍ന്നത്. മൂന്ന് സഹോദരങ്ങളായിരുന്നു എനിക്ക്. അച്ഛനും അമ്മയുമടക്കം ഞങ്ങള്‍ ആറു പേരാണ് ഒരു ചെറിയ വീട്ടില്‍ താമസിച്ചിരുന്നത്.

എട്ടു വയസ്സുള്ളപ്പോൾ അച്ഛന്‍ മരിച്ചു. അച്ഛന്റെ കുറവ് അറിയിക്കാതെ അമ്മ ഞങ്ങളെ വളര്‍ത്തി. അമ്മയൊരു പോരാളിയായിരുന്നു. എന്റെ വിജയങ്ങൾക്ക് പിറകിൽ അമ്മയുടെ കഠിനാധ്വാനം ഉണ്ട്. അമ്മയുടെ മാതൃഭാഷ തെലുങ്കാണ്, ഇംഗ്ലിഷോ ഹിന്ദിയോ അറിയില്ല. ഏറെ കഷ്ടപ്പെട്ടാണ് അമ്മ ഞങ്ങളെ നാലുപേരെയും വളര്‍ത്തിയത്.

ബോംബെയില്‍ നിന്ന് സാരികള്‍ വാങ്ങി ചെന്നൈയില്‍ കൊണ്ടു വന്ന് വിൽക്കുകയായിരുന്നു അമ്മയുടെ ജോലി. ഒപ്പം എല്‍ഐസി ഏജന്റായും റിയല്‍ എസ്‌റ്റേറ്റ് മേഖലയിലുമെല്ലാം അമ്മ ജോലി ചെയ്തു. കഷ്ടപ്പെട്ടിട്ടാണെങ്കിലും അമ്മ ഞങ്ങൾക്ക് നല്ല വിദ്യാഭ്യാസം തന്നു, നല്ല സ്കൂളുകളിൽ പഠിപ്പിച്ചു.

എനിക്ക് പന്ത്രണ്ട് വയസ്സുള്ളപ്പോഴാണ് എന്റെ ചേട്ടൻ രാഘവേന്ദ്ര മരിക്കുന്നത്, ചേട്ടനൊരു പ്രണയമുണ്ടായിരുന്നു. എല്ലാവരും പറയുന്നത് ചേട്ടൻ​ ആത്മഹത്യ ചെയ്തതാണ് എന്നാണ്. ചേട്ടന്റെ മരണം അമ്മയെ തളർത്തിയെങ്കിലും അമ്മ വീണ്ടും കഷ്ടപ്പാട് തുടർന്നു. രണ്ടാമത്തെ ചേട്ടൻ ഹോട്ടൽ മാനേജ്മെന്റ് പഠനം പൂർത്തിയായി നല്ല ശബളമുള്ള ജോലി കിട്ടിയപ്പോൾ അമ്മയേറെ സന്തോഷിച്ചു. എന്നാൽ ദുരന്തം വീണ്ടുമെത്തി, വാഹനാപകടത്തിൽ ചേട്ടൻ മരിച്ചു. അതോടെ അമ്മ തളർന്നു, ജോലി ചെയ്യാൻ അമ്മയ്ക്ക് വയ്യാതെയായി. അപ്പോഴാണ് മകളെന്ന രീതിയിൽ അമ്മയെ സംരക്ഷിക്കണമെന്ന് ഞാൻ തീരുമാനിച്ചത്. പതിനൊന്നാം ക്ലാസിൽ പഠിക്കുമ്പോൾ ഞാനാദ്യമായി ജോലി ചെയ്തു തുടങ്ങി.”

സൂപ്പർ മാർക്കറ്റിലെ ജോലിയും ആങ്കറിംഗും എല്ലാമായി ഉപജീവനമാർഗം നേടിയ ഐശ്വര്യ ഒരു റിയാലിറ്റി ഷോയിലൂടെയാണ് സിനിമയിലെത്തുന്നത്. ആദ്യകാലത്ത് മികച്ച അവസരങ്ങൾ വന്നില്ലെങ്കിലും പിന്നീട് നല്ല കഥാപാത്രങ്ങളിലൂടെ ഐശ്വര്യ തന്റെ കരിയറിൽ വിജയം നേടുകയായിരുന്നു.

Read more: പെയിന്റിങ് പോലെ സുന്ദരം; രവിവർമ്മ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന മേക്ക് ഓവറിൽ താരങ്ങൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook