ഐശ്വര്യ റായുടേയും അഭിഷേക് ബച്ചന്റേയും മകൾ ആരാധ്യ ബച്ചന്റെ ഒൻപതാം ജന്മദിനമായിരുന്നു കഴിഞ്ഞദിവസം. മകളുടെ ജന്മദിനാഘോഷങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ച് വളരെ വൈകാരികമായൊരു കുറിപ്പാണ് ഐശ്വര്യ പോസ്റ്റ് ചെയ്തിരിക്കുന്നത്.
“എന്റെ ജീവിതത്തിന്റെ പരിപൂർണ സ്നേഹത്തിന്, എന്റെ മാലാഖക്കുട്ടിയായ ആരാധ്യയ്ക്ക്, സന്തോഷകരമായ ഒൻപതാം ജന്മദിനം നേരുന്നു. ഉപാധികളില്ലാതെ, പറഞ്ഞറിയിക്കാനാകാത്ത അളവിൽ എന്നെന്നും ഞാൻ നിന്നെ സ്നേഹിക്കുന്നു. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. നിനക്കായി ശ്വസിക്കുന്ന ഓരോ ശ്വാസത്തിനും ഞാൻ എന്നും ദൈവത്തോട് നന്ദി പറയുന്നു. സ്നേഹം, സ്നേഹം.. ഞാൻ നിന്നെ സ്നേഹിക്കുന്നു,” എന്നാണ് ഐശ്വര്യ കുറിച്ചത്.
View this post on Instagram
ആരാധ്യയുടെ ജനനത്തിനു ശേഷം ഐശ്വര്യ റായുടെ ജീവിതം പൂർണമായും മകൾക്ക് ചുറ്റുമാണ്. സിനിമാ അഭിനയത്തിനും തന്റെ കരിയറിനും പോലും പലപ്പോഴും രണ്ടാം സ്ഥാനം മാത്രം കൊടുക്കുന്ന ഒരു ഐശ്വര്യയെ ആണ് ഇപ്പോൾ കാണാനാവുന്നത്. പരസ്യചിത്രങ്ങളുടെ ഷൂട്ടിംഗുകൾക്കും ബ്രാന്‍ഡ് എന്‍ഡോര്‍സ്മെന്റ് ചടങ്ങുകൾക്കുമൊക്കെ മകളെയും കൊണ്ടാണ് മിക്കപ്പോഴും ഐശ്വര്യ വേദിയിലെത്തുന്നത്. തന്റെ സ്റ്റാർഡമോ തിരക്കുകളോ മകൾ ആരാധ്യയെ ഒരും തരത്തിലും ബാധിക്കാതിരിക്കാൻ ഏറെ ശ്രദ്ധ ചെലുത്തുന്ന ഒരു സെലബ്രിറ്റി മദർ എന്ന രീതിയിൽ എപ്പോഴും മാധ്യമശ്രദ്ധ നേടുന്ന താരം കൂടിയാണ് ഐശ്വര്യ.
ഐശ്വര്യ റായ് ഒരു ‘ഒബ്സസീവ് മദര്‍’ ആണെന്ന് മുൻപ് ഇന്ത്യന്‍ എക്സ്പ്രസിന്റെ പ്രതിവാര മുഖാമുഖം പരിപാടിയായ ‘ഐഡിയ എക്സ്ചേഞ്ചി’ല്‍ പങ്കെടുത്ത് സംസാരിക്കവേ ജയാ ബച്ചനും അഭിപ്രായപ്പെട്ടിരുന്നു. “ഐശ്വര്യ ഒരു ‘ഒബ്സസീവ് മദര്‍’ ആണ്. ഒരു നിമിഷം പോലും ആ കുഞ്ഞിനെ ഒറ്റയ്ക്ക് വിടില്ല. കുഞ്ഞിന്റെ എല്ലാ കാര്യങ്ങളും അവള്‍ക്കു തന്നെ ചെയ്യണം. അതുകൊണ്ട് ജോലി ചെയ്യാന്‍ സാധിക്കുമ്പോള്‍ മാത്രമേ ചെയ്യുന്നുള്ളൂ. ഐശ്വര്യ മാത്രമല്ല, ഈ തലമുറയില്‍ പെട്ട എല്ലാ അമ്മമാരും ഇങ്ങനെ ‘ഒബ്സസീവ്’ ആണെന്നാണ് ഞാന്‍ വിചാരിക്കുന്നത്”, മരുമകള്‍ ഐശ്വര്യ റായ് ഒരു മുഴുവന്‍ സമയ സിനിമാ ജീവിതം ‘മിസ്’ ചെയ്യുന്നുണ്ട് എന്ന് താങ്കള്‍ കരുതുന്നുണ്ടോ എന്ന ചോദ്യത്തിനുള്ള ഉത്തരമായിട്ടായിരുന്നു ജയ ബച്ചന്റെ ഈ പ്രതികരണം.
Read More: പ്രിയപ്പെട്ടവർക്കൊപ്പം പിറന്നാൾ ആഘോഷിച്ച് ഐശ്വര്യ; ചിത്രങ്ങൾ