ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മനോഹരമായ പ്രണയചിത്രമാണ് ‘ദേവദാസ്’. പലകാലങ്ങളിലായി നിരവധി തവണ ‘ദേവദാസി’ന് ചലച്ചിത്രാവിഷ്കാരമുണ്ടായിട്ടുണ്ട്. സഞ്ജയ് ലീല ബന്‍സാലിയുടെ സംവിധാനത്തില്‍ ഷാരൂഖ് ഖാന്‍- ഐശ്വര്യ റായ് ജോഡികൾ ഒന്നിച്ചെത്തിയ ദേവദാസിന്റെ 20-ാം വാർഷികമാണ് ഇന്ന്. 2002 ൽ ഇറങ്ങിയ ദേവദാസിന്റെ ബഡ്ജറ്റ് 50 കോടി ആയിരുന്നു. അതുവരെ ബോളിവുഡിൽ പിറവി കൊണ്ട ചിത്രങ്ങളെ വച്ചു നോക്കുമ്പോൾ ഏറ്റവും പണച്ചെലവേറിയ ചിത്രവും ദേവദാസ് ആയിരുന്നു.
വലിയ ക്യാൻവാസിൽ, കോടികളുടെ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രത്തിലെ കോസ്റ്റ്യൂമുകളും ഏറെ രാജകീയമായിരുന്നു. ചിത്രത്തിൽ മാധുരി ദീക്ഷിത് അണിഞ്ഞ ഓരോ വസ്ത്രവും 15 ലക്ഷം രൂപയ്ക്ക് അടുത്ത് വില വരുന്നവയായിരുന്നു. ഡിസൈനർമാരായ അബു ജാനിയും സന്ദീപ് ഖോസ്‌ലയും ചേർന്നാണ് മാധുരിയുടെ വസ്ത്രങ്ങൾ രൂപകൽപ്പന ചെയ്തത്.

വില കൊണ്ടു മാത്രമല്ല, ഭാരം കൊണ്ടും അമ്പരപ്പിക്കുന്നവയായിരുന്നു ചിത്രത്തിൽ മാധുരി ധരിച്ച വസ്ത്രങ്ങൾ. ‘കാഹെ ചേഡ് ചേഡ് മൊഹെ’ എന്ന ഗാനത്തിൽ മാധുരി ധരിച്ച ഗാഗ്ര ചോളിയ്ക്ക് 30 കിലോഗ്രാമിന് അടുത്ത് ഭാരമുണ്ടായിരുന്നു. അതണിഞ്ഞ് നൃത്തം ചെയ്യുക എന്നത് മാധുരിയെ സംബന്ധിച്ച് തികച്ചും വെല്ലുവിളിയായിരുന്നു. തുടർന്ന് ഭാരം കുറഞ്ഞ മറ്റൊരു കോസ്റ്റ്യൂം ഡിസൈനർമാർ മാധുരിയ്ക്കായി രൂപകൽപ്പന ചെയ്തു, അതും ഏകദേശം 16 കിലോഗ്രാമോളം ഭാരമുള്ളതായിരുന്നു.മാധുരി ചിത്രത്തിൽ ധരിച്ച മറ്റൊരു വസ്ത്രത്തിന് 10 കിലോയോളമാണ് ഭാരം, നെയ്ത്തുതൊഴിലാളികൾ രണ്ട് മാസമെടുത്താണ് ഈ വസ്ത്രങ്ങൾ തയ്യാറാക്കിയത്.

‘ദേവദാസി’ൽ ഐശ്വര്യയ്ക്കായി 600 സാരികളാണ് കൊൽക്കത്തയിൽ നിന്നും മറ്റിടങ്ങളിൽ നിന്നുമായി ഡിസൈനർ നീത ലുല്ലയും സംവിധാകൻ സഞ്ജയ് ലീല ബൻസാലിയും കൂടെ പർച്ചെയ്സ് ചെയ്തത്. വ്യത്യസ്തമായ സാരികൾ മിക്സ് ചെയ്ത് ഐശ്വര്യയുടെ കഥാപാത്രത്തിന് വേണ്ടി ഉപയോഗിക്കുകയായിരുന്നു ഡിസൈനർ നീത ലുല്ല. വ്യത്യസ്ത സ്റ്റൈലിലായിരുന്നു ഈ സാരികൾ ഐശ്വര്യയെ അണിയിപ്പിച്ചതും. ഇതിനായി ഓരോ ദിവസവും മൂന്നു മണിക്കൂറോളം ചെലവഴിക്കേണ്ടി വന്നിരുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു. സാധാരണ സാരികളുടെ നീളം ആറു മീറ്റർ ആണെങ്കിൽ ചിത്രത്തിൽ ഐശ്വര്യ ഉപയോഗിച്ച സാരികൾ 8 മുതൽ 9 മീറ്റർ വരെ നീളമുള്ളതായിരുന്നു.

20 കോടിയോളം രൂപ ചെലവഴിച്ച് 9 മാസം കൊണ്ടാണ് ദേവദാസിന്റെ സെറ്റ് ഒരുക്കിയത്. ചന്ദ്രമുഖിയുടെ കോട്ട നിർമ്മിക്കാൻ മാത്രം 12 കോടി രൂപയാണ് ചെലവഴിച്ചത്. ഐശ്വര്യയുടെ കഥാപാത്രം പാറുവിന്റെ വീട് നിർമ്മിച്ചത് സ്റ്റെയിൻഡ് ഗ്ലാസ്സിലായിരുന്നു. ഷൂട്ടിംഗിനിടയിൽ മഴ വില്ലനായപ്പോൾ ഗ്ലാസുകൾ പലയാവർത്തി പെയിന്റ് ചെയ്തെടുക്കേണ്ടി വന്നു. 1.2 ലക്ഷം സ്റ്റെയിൻഡ് ഗ്ലാസ് പീസുകൾ കൊണ്ടാണ് മൂന്നു കോടി രൂപ ചിലവിൽ ഈ വീട് നിർമ്മിച്ചത്.

2500 ലൈറ്റുകളും 700 ലെറ്റ്മാനും ദേവദാസിന്റെ ലൊക്കേഷനിലുണ്ടായിരുന്നു. ഇത്രയേറെ ലൈറ്റുകൾ പ്രവർത്തിപ്പിക്കേണ്ടതിനാൽ തന്നെ 42 ഓളം ജനറേറ്ററുകളാണ് ഷൂട്ടിംഗ് ആവശ്യത്തിനായി ഉപയോഗിച്ചത്.