ഇന്ത്യയുടെ സ്വന്തം മീ ടൂ മൂവ്മെന്റ് കാണുന്നത് സന്തോഷം നൽകുന്നുവെന്ന് ഐശ്വര്യ റായ് ബച്ചൻ. ലൈംഗിക അതിക്രമങ്ങളെ കുറിച്ചുള്ള അനുഭവങ്ങൾ തുറന്നു പറയുന്ന സ്ത്രീകൾക്ക് ഏറെ പിന്തുണയും കരുത്തും പകരേണ്ടതുണ്ടെന്നും ഇന്നലെ ഒരു അഭിമുഖത്തിനിടെ താരം വ്യക്തമാക്കി.
തനുശ്രീ ദത്ത- നാനാ പടേക്കർ വിവാദത്തോടെയാണ് ബോളിവുഡിന്റെ മീ ടൂ മൂവ്മെന്റ് ശക്തി പ്രാപിച്ചത്. തുടർന്ന് ലോക്‌നാഥ്, രാജ് കപൂർ, വികാസ് ബഹൽ, കോമഡി ഗ്രൂപ്പായ എഐബി തുടങ്ങിയവയുമായി ബന്ധപ്പെട്ടും ലൈംഗിക അതിക്രമ സംഭവങ്ങൾ തുറന്നു പറഞ്ഞ് നിരവധി സ്ത്രീകൾ രംഗത്തു വന്നിരുന്നു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, മീ ടൂവിനെ എങ്ങനെ നോക്കി കാണുന്നു എന്നുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയുകയായിരുന്നു ഐശ്വര്യ.
“ഇന്ന് മീ ടൂ മൂവ്മെന്റിന് കൂടുതൽ ശ്രദ്ധ ലഭിക്കുകയാണ്. സോഷ്യൽ മീഡിയയുടെ സാന്നിധ്യം ലോകത്തെ വളരെ ചെറിയൊരു സ്‌പെയ്സായി ചുരുക്കുകയാണ്, ഒരാളുടെ ശബ്ദം പോലും വലിയ ശബ്ദമായി മാറുന്നു. സോഷ്യൽ മീഡിയയെ ആളുകൾ അവർക്ക് പറയാനുള്ളത് ഉറക്കെ പറയാനുള്ള ഒരു പ്ലാറ്റ്‌ഫോമായി ഉപയോഗപ്പെടുത്തുന്നത് കാണുമ്പോൾ സന്തോഷമുണ്ട്. രാജ്യത്തെ നിയമ വ്യവസ്ഥ അർഹിക്കുന്നവർക്ക് നീതി നൽകട്ടെ. ഇത്തരം തുറന്നു പറച്ചിലുകൾക്ക് ഏറെ കരുത്തും പിന്തുണയും വേണം, ദൈവം അവർക്ക് കരുത്തും അനുഗ്രഹവും പകരട്ടെ,” ഐശ്വര്യ റായ് കൂട്ടിച്ചേർത്തു.