/indian-express-malayalam/media/media_files/uploads/2018/08/aishwarya-2.jpg)
അഭിഷേക് ബച്ചനും ഐശ്വര്യ റായ് ബച്ചനും വെളളിത്തിരയിൽ ഒന്നിക്കുന്നത് കാണാൻ ഇനി അധികം കാത്തിരിക്കേണ്ട. എട്ടു വർഷങ്ങൾക്കുശേഷം അനുരാഗ് കശ്യപിന്റെ 'ഗുലാബ് ജമുൻ' എന്ന ചിത്രത്തിലൂടെ ഇരുവരും ഒന്നിക്കുകയാണ്. അഭിഷേകിനു മുൻപേ താൻ ഈ ചിത്രത്തിനുവേണ്ടി സമ്മതം മൂളിയെന്നാണ് ഐശ്വര്യ പറഞ്ഞിരിക്കുന്നത്.
''കഴിഞ്ഞ വർഷം ആദ്യമേ തന്നെ ഈ ചിത്രത്തിൽ അഭിനയിക്കാൻ ഞാൻ സമ്മതം മൂളി. ഈ സമയം അഭിഷേക് സിനിമയിൽനിന്നും ചെറിയൊരു ബ്രേക്ക് എടുത്തിരിക്കുകയായിരുന്നു. തന്റെ അതുവരെയുളള സിനിമാ ജീവിതത്തിലേക്കുള്ളൊരു തിരിഞ്ഞുനോട്ടമായിരുന്നു അഭിഷേക് നടത്തിയത്. അതൊരു നല്ല തീരുമാനമായിരുന്നു. എല്ലാ പ്രൊഫഷണലുകളും അത് ചെയ്യണമെന്നാണ് എന്റെ അഭിപ്രായം. കുറച്ചു കാലം മാറിയിരുന്ന് അടുത്ത് ഞാനെന്താണ് ചെയ്യേണ്ടതെന്ന് ചിന്തിക്കുകയായിരുന്നു അഭിഷേക്'', ഡിഎൻഎയ്ക്ക് നൽകിയ അഭിമുഖത്തിൽ ഐശ്വര്യ പറഞ്ഞു.
''അതിനുശേഷമാണ് മൻമർസിയാനിൽ അഭിനയിക്കാൻ അഭിഷേക് തീരുമാനിച്ചത്. ഇപ്പോൾ അനുരാഗ് കശ്യപിന്റെ (ഗുലാബ് ജാമുൻ) ചിത്രത്തിലും. എന്നാൽ ആളുകൾ ഇത് രണ്ടിനെയും ഒന്നിച്ചു ചേർക്കുകയും അതിനെക്കുറിച്ച് പലയിടങ്ങളിൽ പരാമർശിക്കുകയുമാണ്'', ഐശ്വര്യ പറഞ്ഞു. ഗുലാബ് ജാമുനിനു മുൻപ് മറ്റൊരു ചിത്രത്തിൽ ഇരുവർക്കും ഒന്നിച്ച് അഭിനയിക്കാൻ സാഹചര്യം വന്നുവെന്നും പക്ഷേ അഭിഷേകിന് ആ സിനിമയുടെ ആശയം ഇഷ്ടമാകാത്തതിനാലാണ് അത് വേണ്ടെന്നുവച്ചതെന്നും ഐശ്വര്യ വെളിപ്പെടുത്തി.
ഐശ്വര്യയുമായി വീണ്ടും അഭിനയിക്കുന്നതിനെക്കുറിച്ച് അഭിഷേക് മുൻപ് പറഞ്ഞത് ഇതാണ്, ''ഗുലാബ് ജമുൻ മനോഹരമായൊരു സിനിമയാണ്. പിന്നെ ഭാര്യയ്ക്കൊപ്പം അഭിനയിക്കുകയെന്നത് സന്തോഷം നൽകുന്ന കാര്യമാണ്. ഞങ്ങൾ എപ്പോഴൊക്കെ ഒരുമിച്ചൊരു ചിത്രം ചെയ്തുവോ അപ്പോഴൊക്കെ അത് സ്പെഷ്യൽ ആയി മാറിയിട്ടുണ്ട്''.
ഞങ്ങൾ രണ്ടുപേരും അവരവരുടേതായ സ്വാതന്ത്ര്യമുളള കലാകാരന്മാരാണ്. അഭിഷേകിന് ഈ സിനിമ ഇഷ്ടമില്ലെങ്കിൽ അതിൽ ഞാൻ ഉണ്ടാകില്ല എന്നല്ലെ അതെന്നും ഐശ്വര്യ പറഞ്ഞു.
മൻമർസിയാൻ എന്ന ചിത്രമാണ് അഭിഷേക് ബച്ചന്റേതായി പുറത്തിറങ്ങാനിരിക്കുന്നത്. രണ്ടു വര്‍ഷത്തിനു ശേഷം അഭിഷേക് ബച്ചന്‍ അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട് ‘മന്‍മര്‍സിയാന്’. 2016ല്‍ അക്ഷയ് കുമാറിനും റിതേഷ് ദേശ്‌മുഖിനൊപ്പവുമുള്ള ഹൗസ്ഫുള്‍ 3 ആയിരുന്നു അഭിഷേകിന്റെ അവസാന ചിത്രം. അഭിഷേക് ബച്ചന്‍, തപ്സി പന്നു, വിക്കി കൗശല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മന്‍മര്‍സിയാൻ’ ചിത്രം സെപ്റ്റംബര്‍ 14ന് തിയേറ്ററുകളിലെത്തും. ഫന്നെ ഖാൻ ആയിരുന്നു ഐശ്വര്യയുടേതായി അവസാനം പുറത്തിറങ്ങിയ സിനിമ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.