2023 ലെ കാൻ ചലച്ചിത്ര മേളയിൽ പങ്കെടുക്കാനായി വ്യാഴാഴ്ച്ചയാണ് നടി ഐശ്വര്യ റായ് ബച്ചനെത്തിയത്. ഒരുപാട് വർഷങ്ങളായി മേളയിലെ സ്ഥിര സാന്നിധ്യമായ ഐശ്വര്യയ്‌ക്കൊപ്പം മകൾ ആരാധ്യയുമുണ്ട്. തന്റെ അമ്മയുമായി ഒരിക്കലെത്തിയിരുന്ന നഗരത്തിലേക്ക് വർഷങ്ങൾക്കു ശേഷം മകൾക്കൊപ്പമെത്തുമ്പോൾ എന്തു തോന്നുന്നു എന്ന ചോദ്യത്തിനു മറുപടി നൽകുകയാണ് താരം. കാൻ ചലച്ചിത്രം മേളയോട് അനുബന്ധിച്ചു നടന്ന അഭിമുഖത്തിൽ പങ്കെടുക്കുകയായിരുന്നു ഐശ്വര്യ.
ഈ നഗരത്തെ കുറിച്ച് നല്ല ധാരണയുള്ള വ്യക്തിയാണ് ആരാധ്യയെന്നും കാൻ മേളയിൽ പങ്കെടുക്കാനെത്തുമ്പോൾ സ്വന്തമിടത്തിലേക്ക് തിരികെ വരുന്നതു പോലെയാണ് മകൾക്കു തോന്നുന്നതെന്നും ഐശ്വര്യ പറയുന്നു. ആരാധ്യയ്ക്ക് ഈ അനുഭവങ്ങളിൽ നിന്ന് ലഭിക്കുന്ന സന്ദേശമെന്തെന്ന ചോദ്യത്തിന് അതിനുത്തരം പറയേണ്ടത് അവളല്ലേയെന്നായിരുന്നു താരത്തിന്റെ മറുപടി.
“എപ്പോഴും ഒരുമിച്ചുണ്ടാകുക എന്നതിലാണ് കാര്യമെന്നാണ് തോന്നുന്നത്. അത് അവൾക്കു വളരെ അടുത്തറിയുന്ന കാര്യവുമാണ്. അവൾക്കിവിടെയുള്ള എല്ലാവരെയും അറിയാം. പ്രിയപ്പെട്ടവരെ വീണ്ടും കണ്ടുമുട്ടാനുള്ള അവസരമാണിത്. അവൾ കൂടുതലും എന്നെ പോലെയാണ്. ഈ സ്ഥലവും ഇവിടുത്തെ വൈബും അവൾക്ക് ഒത്തിരി ഇഷ്ടമാണ്. ഞങ്ങളിതു വരെ ഇതിനെക്കുറിച്ച് ചർച്ചകളൊന്നും ചെയ്തിട്ടില്ല. പക്ഷെ ഇതൊരു ചലച്ചിത്ര മേളയാണെന്നും സിനിമയുടെ ലോകമാണെന്നും അവൾക്കു നല്ലവണ്ണം അറിയാം” ഐശ്വര്യ പറഞ്ഞു.
സിനിമാലോകത്തോട് ആരാധ്യ കാണിക്കുന്ന ബഹുമാനം കാണുമ്പോൾ സന്തോഷം തോന്നിയിട്ടുണ്ടെന്ന് ഐശ്വര്യ പറയുന്നു. അമ്മയ്‌ക്കൊപ്പം കുറച്ചധികം വർഷങ്ങായി ആരാധ്യയും കാൻ ചലച്ചിത്ര മേളയിൽ പങ്കെടുക്കുന്നുണ്ട്.
ഐശ്വര്യയ്‌ക്കൊപ്പം വിവിധ പരിപാടികളിൽ പങ്കെടുക്കാൻ ആരാധ്യയും എത്താറുണ്ട്. പൊന്നിയിൻ സെൽവന്റെ രണ്ടാം ഭാഗത്തിന്റെ പ്രീമിയറിനും ആരാധ്യ അമ്മയ്‌ക്കൊപ്പം എത്തി.