ഐശ്വര്യ റായിയും സൽമാൻ ഖാനും നായികാ നായകന്മാരായി എത്തിയ സൂപ്പർ ഹിറ്റ് റൊമാന്റിക് ചിത്രമാണ് ‘ഹം ദിൽ ദേ ചുകേ സനം’. സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ചിത്രം 1999 ജൂൺ 18നാണ് പുറത്തിറങ്ങിയത്. ചിത്രത്തിന്റെ 22-മത് വാർഷികം ആഘോഷിക്കുന്ന ഇന്ന് സിനിമയുടെ ഓർമ്മകൾ പങ്കുവച്ച് എത്തിയിരിക്കുകയാണ് ഐശ്വര്യ റായി.
സിനിമയുടെ സെറ്റിൽ നിന്നുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ടാണ് ഐശ്വര്യ ഇൻസ്റ്റഗ്രാമിലൂടെ ഓർമ്മകൾ പങ്കുവച്ചിരിക്കുന്നത്. ഒപ്പം സംവിധായകനോടും ആരാധകരോടും നന്ദിയും ഐശ്വര്യ പറയുന്നുണ്ട്. “ഹം ദിൽ ദേ ചുകേ സനത്തിന്റെ 22 വർഷങ്ങൾ, അത്തരമൊരു സ്നേഹ പ്രവാഹം കാരണം ഞാൻ ഓർക്കുന്നു, പക്ഷേ എന്റെ പ്രിയപ്പെട്ട സഞ്ജയ്, ഇത് നിത്യഹരിതമായ ചിത്രമാണ്.. എപ്പോഴും.. നന്ദി.. ലോകമെമ്പാടുമുള്ള എന്റെ ആരാധകർക്കും നന്ദി.. എന്നെ ഏറ്റവും സ്നേഹിക്കുന്ന കുടുംബത്തിനും എന്റെ സുഹൃത്തുകൾക്കും നന്ദി.. എല്ലാവരുടെയും സ്നേഹത്തിനും എപ്പോഴും നന്ദി” ഐശ്വര്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
Read Also: ഷാരൂഖ് തന്ന ആ പണം ഞാനിപ്പോഴും സൂക്ഷിച്ചുവച്ചിട്ടുണ്ട്: പ്രിയാമണി പറയുന്നു
ഐശ്വര്യയ്ക്കും സൽമാനും പുറമെ അജയ് ദേവ്ഗണും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. മൈട്രേയ് ദേവിയുടെ ബംഗാളി നോവലായ ‘നാ ഹാനിയേറ്റി’നെ ആസ്പദമാക്കിയുള്ള ഒരു ത്രികോണ പ്രണയകഥ പറയുന്ന സിനിമയായിരുന്നു ഇത്. 1999 ലെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ പനോരമ വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രത്തിന് ദേശിയ അവാർഡുകൾ ഉൾപ്പടെ നിരവധി അവാർഡുകൾ ലഭിച്ചിരുന്നു.