scorecardresearch

ആരാധ്യ കഴിഞ്ഞേ എനിക്ക് മറ്റെന്തുമുള്ളൂ: ഐശ്വര്യ റായ് ബച്ചൻ

ആരാധ്യ ആദ്യമായി കാണുന്ന അവളുടെ അമ്മയുടെ സിനിമ ഏതാണെന്നറിയാവോ? അത് ഫന്നെ ഖാൻ ആണ്

ആരാധ്യ ആദ്യമായി കാണുന്ന അവളുടെ അമ്മയുടെ സിനിമ ഏതാണെന്നറിയാവോ? അത് ഫന്നെ ഖാൻ ആണ്

author-image
WebDesk
New Update
ആരാധ്യ കഴിഞ്ഞേ എനിക്ക് മറ്റെന്തുമുള്ളൂ: ഐശ്വര്യ റായ് ബച്ചൻ

ലോകസുന്ദരി എന്ന തന്റെ ഐക്കോണിക് സ്റ്റാറ്റസ് അമ്മയെന്നോ, ഭാര്യയെന്നോ, മകളെന്നോ മരുമകളെന്നോ ഉള്ള തന്റെ ഉത്തരവാദിത്വങ്ങളെയൊന്നും ബാധിക്കാത്ത രീതിയിൽ കൊണ്ടു പോകുന്ന താരമാണ് ഐശ്വര്യ റായ് ബച്ചൻ. തന്റെ സ്റ്റാർഡമോ തിരക്കുകളോ മകൾ ആരാധ്യയെ ഒരും തരത്തിലും ബാധിക്കാതിരിക്കാൻ ഏറെ ശ്രദ്ധ ചെലുത്തുന്ന ഒരു സെലബ്രിറ്റി മദർ എന്ന രീതിയിൽ പല തവണ ഐശ്വര്യ മാധ്യമശ്രദ്ധ നേടിയിരുന്നു.

Advertisment

തന്റെ എല്ലാ ഉത്തരവാദിത്വങ്ങളും മനോഹരമായി നിർവ്വഹിക്കുകയും അതേ സമയം തന്നെ ഇന്ത്യയിലെ ഏറ്റവും പോപ്പുലറായ സെലിബ്രിറ്റിയെന്ന തന്റെ റോളിന് യാതൊരു ഇളക്കവും തട്ടാതെ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്ന ഐശ്വര്യ പലപ്പോഴും ബി ടൗണിന് ഒരു അത്ഭുതമാണ്.

"ഞാൻ വളർന്ന രീതിയങ്ങനെയാണ്. 18 വയസ്സു മുതൽ ധാരാളം ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തു ചെയ്യുന്ന ഒരാളാണ് ഞാൻ. രാവിലെ 5:30 ഓടെയാണ് എന്റെ ഒരു ദിവസം തുടങ്ങുന്നത്. എനിക്കോർമ്മ വച്ച നാൾ മുതൽ അതങ്ങനെയാണ്. ആരാധ്യയുടെ വരവോടെ അവൾ കഴിഞ്ഞേ എനിക്ക് മറ്റെന്തുമുള്ളൂ. അവളാണ് എന്റെ പ്രഥമ പരിഗണന, ബാക്കിയെല്ലാം സെക്കൻഡറിയാണ്" ഐഎഎൻഎസിനു നൽകിയ അഭിമുഖത്തിൽ ഐശ്വര്യ റായ് പറഞ്ഞു.

Advertisment

"ആരാധ്യ ആദ്യമായി കാണുന്ന അവളുടെ അമ്മയുടെ സിനിമ ഏതാണെന്നറിയാവോ? അത് ഫന്നെ ഖാൻ ആണ്." ചിരിയോടെ ഐശ്വര്യ പറയുന്നു. "മുൻപ് ടെലിവിഷനിലും പാട്ടുകളിലുമൊക്കെ അവളെന്നെ കണ്ടിട്ടുണ്ടെങ്കിലും അവൾ മുഴുവനായി ഇരുന്നു കാണുന്ന എന്റെ ആദ്യചിത്രം എന്ന വിശേഷണം ഫന്നെ ഖാനുള്ളതാണ്." ഐശ്വര്യ കൂട്ടിച്ചേർത്തു.

Read More: ആരാധ്യ എന്നെ ഒരുക്കുന്നതാണ് എനിക്കിഷ്ടം: ഐശ്വര്യ റായ്

സിനിമ കണ്ട ആരാധ്യയുടെ പ്രതികരണം എന്തായിരുന്നുവെന്നു ചോദിച്ചപ്പോൾ ഐശ്വര്യയുടെ മറുപടി ഇങ്ങനെ, "അവളുടെ ചിരിക്കുന്ന കണ്ണുകളിലുണ്ട് ആ പ്രതികരണം. ഫന്നെ ഖാനിലെ ഒരു പാട്ടുസീൻ അവൾ കണ്ടിരുന്നു. സിനിമയുടെ സ്ക്രീനിങ് ഉണ്ടെന്നറിഞ്ഞപ്പോൾ അവളുടെ കൂട്ടുകാർക്കും അവരുടെ രക്ഷിതാക്കൾക്കുമൊപ്പം സിനിമ കാണാനുള്ള ആഗ്രഹം ആരാധ്യ ഇങ്ങോട്ട് പ്രകടിപ്പിക്കുകയായിരുന്നു. അവളുടെ കൂട്ടുകാരും അവരുടെ രക്ഷിതാക്കളുമൊക്കെ ചേർന്ന് തീർത്തും ആസ്വാദ്യകരമായൊരു സിനിമാകാഴ്ചയായിരുന്നു അത്."

"ആരാധ്യ ആദ്യമായി കണ്ട എന്റെ സിനിമ ഫന്നെ ഖാൻ ആണെന്നതിൽ എനിക്കും സന്തോഷമുണ്ട്. ഏതു പ്രായത്തിലുള്ള കാഴ്ചക്കാർക്കും ആസ്വദിക്കാവുന്ന, പോസിറ്റീവ് മെസേജ് നൽകുന്നൊരു സിനിമയാണ് ഇത്. കുട്ടികൾ കാണാൻ പാടില്ലാത്ത ഒരു സീൻ പോലും സിനിമയിൽ ഇല്ല."

"വീടിനകത്ത് എപ്പോഴും പാട്ടുപാടാനും ഡാൻസ് ചെയ്യാനുമൊക്കെ ഇഷ്ടപ്പെടുന്ന കുട്ടിയാണ് ആരാധ്യ. ചിലപ്പോൾ എന്റെ പാട്ടുകളാവും തിരഞ്ഞെടുക്കുന്നത്. മറ്റു ചിലപ്പോൾ അവളുടെ അച്ഛന്റെയോ മുത്തശ്ശന്റെയോ പാട്ടുകൾക്ക് അനുസരിച്ചാവും ചുവടുകൾ. ഒരു 'സാധാരണക്കാരി കുട്ടി'യുടെ അന്തരീക്ഷം അവൾക്കു ചുറ്റും ഉണ്ടാക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ട്."

ആയമാർക്കൊപ്പം കൂടുതൽ സമയം കുഞ്ഞുങ്ങളെ വിടുന്ന സെലിബ്രിറ്റി അമ്മമാരിൽ നിന്നും വ്യത്യസ്തയാണല്ലോ ഐശ്വര്യ എന്ന ചോദ്യത്തിന് ആരാധ്യയ്ക്കും ആയയുണ്ടെന്നായിരുന്നു താരത്തിന്റെ മറുപടി. ''ഞാൻ തിരക്കിലാകുമ്പോൾ ആരാധ്യയുടെ കാര്യങ്ങൾ ആയ തന്നെയാണ് ശ്രദ്ധിക്കുന്നത്. എന്നാലും, ആരാധ്യയ്ക്ക് വേണ്ടതെല്ലാം സ്വയം ചെയ്തു കൊടുക്കണം എന്നാഗ്രഹിക്കുന്ന ഒരമ്മയാണ് ഞാൻ. എന്റെ തിരക്കുകൾ എപ്പോഴും അതിന് അനുവദിക്കാറില്ലെങ്കിലും കഴിയാവുന്നിടത്തോളം കാര്യങ്ങൾ ഞാൻ തനിയെ ചെയ്യാൻ ശ്രമിക്കാറുണ്ട്. "

"കരിയറും വീട്ടിലെ ഉത്തരവാദിത്വങ്ങളും ഒരേ പ്രാധാന്യത്തോടെ കൊണ്ടുപോകുന്ന എല്ലാ സ്ത്രീകളും ഹീറോ ആണ്. സമയത്തിന്റെ മേൽ നല്ല കൈയ്യടക്കവും കഠിനാധ്വാനവും വേണം കരിയറും വീടും ബാലൻസ് ചെയ്ത് കൊണ്ട് പോകാൻ. മികച്ച പിന്തുണ നൽകുന്ന പാർട്ണർ ആണ് മറ്റൊരു ഭാഗ്യം."

വളരെ കരുതലോടെയാണ് ഐശ്വര്യ ഇപ്പോൾ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നത്. കരൺ ജോഹറിന്റെ ഏ ദിൽ ഹേ മുഷ്കിലേയും ഫന്നെ ഖാനിലെയും കഥാപാത്രങ്ങളാണ് ഇതിൽ ശ്രദ്ധേയം.

"ഫന്നെ ഖാനിൽ വളരെ ചെറിയ ഒരു വേഷമാണ് എന്റേത്. സിനിമയുടെ പ്രമോഷനിലും മറ്റും ഞാനത് വ്യക്തമാക്കാറുണ്ട്. രാകേഷ് മെഹ്റയും അദ്ദേഹത്തിന്റെ ഭാര്യയും കോ പ്രൊഡ്യൂസറുമായ പി.എസ്.ഭാരതിയും സിനിമയുടെ കഥ പറഞ്ഞപ്പോൾ തന്നെ എനിക്ക് ഇഷ്ടമായി. റോളിന്റെ ദൈർഘ്യത്തേക്കാൾ കഥാപാത്രമാണ് എന്നെ ആകർഷിച്ചത്. "

"ഒരു പ്ലോട്ടിലേക്ക് വരുന്പോൾ പൂർണ്ണമായും ആ കഥാപാത്രത്തെ മനസ്സിലാക്കാൻ ശ്രമിക്കാറുണ്ട് ഞാൻ. കഥാപാത്രം വികസിക്കുന്ന കഥാവഴികൾ, മറ്റു കഥാപാത്രങ്ങളുമായി എന്റെ കഥാപാത്രത്തിനുള്ള ബന്ധം, വസ്ത്രരീതി, പാട്ടുകൾ എല്ലാം ഇതിൽ പ്രധാനമാണ്. ഫന്നെ ഖാന്റെ ആശയം എനിക്കേറെ ഇഷ്ടപ്പെട്ട ഒന്നാണ്. ചിത്രത്തിലെ അനിൽ കപൂറിന്റെ അച്ഛൻവേഷവും ഏറെ ഹൃദയസ്പർശിയാണ്. ഏറെ സത്യസന്ധമായാണ് അദ്ദേഹം കഥാപാത്രത്തെ സമീപിച്ചിരിക്കുന്നത്.''

Aishwarya Rai Bachchan Bollywood Abhishek Bachchan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: