പതിനാറു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് സഞ്ജയ് ലീലാ ഭന്‍സാലി ‘ദേവ്ദാസ്’ എന്ന തന്റെ മാഗ്നം ഒപസ് ചിത്രമൊരുക്കുന്നത്. വലിയ കാന്‍വാസില്‍ ഒരുങ്ങിയ ചിത്രത്തില്‍ ദേവ്ദാസായി ഷാരൂഖ് ഖാനും പാര്‍വ്വതിയായി ഐശ്വര്യാ റായും വേഷമിട്ടു. മാധുരി ദീക്ഷിതും മറ്റൊരു പ്രധാന കഥാപാത്രമായ ചന്ദ്രമുഖിയെ അഭിനയിച്ചവിസ്മരണീയമാക്കി. ആ വര്‍ഷം ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പണം വാരിയ ചിത്രം കാന്‍ ചലച്ചിത്ര മേളയിലും പ്രദര്‍ശിപ്പിച്ചു. ആ വര്‍ഷം കാനില്‍ പ്രത്യേക അതിഥിയായിരുന്നു ഐശ്വര്യാ റായ്. അപ്പോള്‍ മുതല്‍ കാന്‍ ചലച്ചിത്ര മേളയുടെ റെഡ് കാര്‍പ്പറ്റില്‍ ഐശ്വര്യ ലോറിയേലിന്റെ അംബാസിഡര്‍ ആയ സ്ഥിരസാന്നിധ്യമായി.
സഞ്ജയ് ലീലാ ഭന്‍സാലിയോടൊപ്പമുള്ള ഐശ്വര്യയുടെ രണ്ടാമത്തെ ചിത്രമാണ് ‘ദേവ്ദാസ്’. ആദ്യ ചിത്രമായ ‘ഹം ദില്‍ ദേ ചുകേ സനം’ അവരെ ബോളിവുഡിന്റെ ബിഗ് ലീഗിലേക്ക് കൈപിടിച്ചുയര്‍ത്തി. അപ്പോഴേക്കും സഞ്ജയ് ലീലാ ഭന്‍സാലിയുടെ ‘മ്യൂസ്’ ആയി മാറിക്കഴിഞ്ഞിരുന്നു ഐശ്വര്യാ റായ്.
‘ദേവ്ദാസി’ന് വേണ്ടി ഐശ്വര്യ നടത്തിയ ലുക്ക് ടെസ്റ്റിന്റെ ചിത്രമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഡിസൈനര്‍ നീതാ ലുല്ലയാണ് തന്റെ ഇന്‍സ്റ്റാഗ്രമിലൂടെ ചിത്രം പങ്കു വച്ചത്. ബംഗാളി രീതിയില്‍ സാരിയുടുത്ത് നില്‍കുന്ന ഐശ്വര്യാ റായ് ചിത്രം ‘നൊസ്റ്റാള്‍ജിയ’ എന്ന അടിക്കുറിപ്പോടെയാണ് നീത പങ്കു വച്ചിരിക്കുന്നത്.
‘ദേവ്ദാസി’ലെ വസ്ത്രാലങ്കാരത്തിന് നീതാ ലുല്ല, അബൂ ജാനി, സന്ദീപ് ഖോസ്ല, റീസ ശരിഫ്ഫി എന്നിവര്‍ക്ക് ആ വര്‍ഷത്തെ ദേശീയ പുരസ്‌കാരം ലഭിച്ചു. ജനപ്രിയ ചിത്രം (സഞ്ജയ് ലീലാ ഭന്‍സാലി, ഭരത് ഷാ), പ്രൊഡക്ഷന്‍ ഡിസൈന്‍ (നിതിന്‍ ദേശായ്), പിന്നണി ഗായിക (ശ്രേയാ ഘോഷാല്‍), നൃത്തസംവിധാനം (സരോജ് ഖാന്‍) എന്നിവയ്ക്കുള്ള ദേശീയ പുരസ്കാരങ്ങളില്‍ മറ്റനേകം അന്താരാഷ്‌ട്ര പുരസ്കാരങ്ങള്‍ക്കും അര്‍ഹമായിട്ടുണ്ട് ഈ ചിത്രം.