ഉസ്താദ് അംജദ് അലി ഖാൻ, മക്കളായ അമൻ, അയാൻ അലി ബാഗാഷ് , ചെറുമക്കളായ സോഹൻ, അബീർ എന്നിവരുടെ കച്ചേരി കാണാൻ ഒന്നിച്ചെത്തി ബച്ചൻ കുടുംബം. അഭിഷേക് ബച്ചനൊപ്പം കച്ചേരി കാണാനായി ഭാര്യ ഐശ്വര്യ റായ്, മകൾ ആരാധ്യ ബച്ചൻ എന്നിവരെത്തി. വ്യാഴായ്ച മുംബൈയിൽ വച്ചാണ് സരോദ് കച്ചേരി നടന്നത്.
ഉസ്താദിനും കുടുംബാംഗങ്ങൾക്കുമൊപ്പം ചിത്രങ്ങൾക്കായി പോസ് ചെയ്യുന്ന അഭിഷേകിനെയും ഐശ്വര്യയെയും കാണാനാകും. അംജദ് അലി ഖാനൊപ്പം വേദിയിൽ സമയം ചെലവഴിക്കുകയും ചെയ്തു താരകുടുംബം. സോഹൻ, അബീർ എന്നിവർക്ക് പൂച്ചെണ്ടുകൾ നൽകാനും താരങ്ങൾ മറന്നില്ല.
“എന്റെ സഹോദരങ്ങളായ അമാൻ അലി ബാഗാഷ്, അയാൻ അലി എന്നിവർക്കൊപ്പം അംജദ് അലി സാഹബിന്റെ വൈദഗ്ധ്യം, വൈഭവം, സംസ്കാരം, പാരമ്പര്യം എന്നിവയ്ക്ക് സാക്ഷ്യം വഹിക്കാനായതിൽ തികഞ്ഞ സന്തോഷവും ബഹുമാനവും തോന്നുന്നു. ചെറുമക്കളായ സോഹനും അബീറും അതേ പാത പിന്തുടരുന്നതിലും പ്രത്യേക സന്തോഷം തന്നെ. കലാ കുടുംബത്തിന്റെ പാരമ്പര്യം നിലനിർത്താൻ അവർക്കു സാധിക്കട്ടെ” അഭിഷേക് ചിത്രങ്ങൾ പങ്കുവച്ച് കുറിച്ചു.
“അംജദ് അങ്കിളിനു കീഴിൽ അയാനും അമനുമൊപ്പം ഞാനും സരോദ് പഠിച്ചിരുന്നു. ബോർഡിങ്ങ് സ്കൂളിലേക്ക് മാറിയതിനാൽ എനിക്കു തുടർന്ന് പഠിക്കാനായില്ല. അമാനും അയനും ഇത്ര നല്ല ശിഷ്യരായി വളർന്ന് അവരുടെ മാതാപിതാക്കൾക്ക് അഭിമാനമായി മാറിയതിൽ , സന്തോഷം തോന്നുന്നുണ്ട്. സംഗീതത്തിന്റെ ഭാവി അവരുടെ കൈയ്യിൽ സുരക്ഷിതമാണ്” അഭിഷേക് കൂട്ടിച്ചേർത്തു.