തങ്ങളുടെ കബഡി ടീമായ ജയ്പൂർ പിങ്ക് പാന്തേഴ്സ് വിജയിച്ചതിന്റെ ആഹ്ളാദത്തിലായിരുന്നു അഭിഷേക് ബച്ചനും ഐശ്വര്യ റായിയും. വിജയിച്ചതിന്റെ സന്തോഷം സോഷ്യൽ മീഡിയയിലൂടെ താരങ്ങൾ ആരാധകരുമായി പങ്കുവച്ചിരുന്നു. വിക്ടറി ചിഹ്നം കാണിച്ച് നൃത്തം ചെയ്യുന്ന ഐശ്വര്യയുടെയും മകൾ ആരാധ്യയുടെയും വീഡിയോ ശ്രദ്ധ നേടുന്നുണ്ട്. അഭിഷേകും ആവേശത്തിൽ നൃത്തം ചെയ്യുന്നു.
നടൻ റൺവീർ സിങ്ങ് പുതിയ ചിത്രമായ സർക്കസിന്റെ പ്രമോഷന്റെ ഭാഗമായി മത്സരം കാണാനെത്തിയിരുന്നു. തന്റെ കൈയിൽ ചുംബിക്കുന്ന റൺവീറിന്റെ കവിളിൽപിടിച്ച് വലിക്കുന്ന ഐശ്വര്യയുടെ വീഡിയോയും വൈറലാകുന്നുണ്ട്.
“ജയ്പൂർ പിങ്ക് പാന്തേഴ്സ് പ്രോ കബഡി സീസൺ 2 ചാമ്പിയൻസ്. എത്ര മനോഹരമായ സീസണായിരുന്നു ഇത്. ഞങ്ങളുടെ ടീമിൽ ഇത്ര കഠിനാധ്വാനികളായ സ്പോർട്സ് താരങ്ങളുള്ളതിൽ ഞാൻ അഭിമാനിക്കുന്നു. അവർക്കെന്റെ അഭിനന്ദനങ്ങൾ” എന്നാണ് വിജയികളെ അഭിനന്ദിച്ച് ഐശ്വര്യ കുറിച്ചത്. കുറിപ്പിനൊപ്പം ചിത്രങ്ങളും ഐശ്വര്യ പങ്കുവച്ചിട്ടുണ്ട്.അഭിഷേകും ട്വിറ്ററിലൂടെ ടീമിനൊപ്പമുള്ള ചിത്രങ്ങൾ ഷെയർ ചെയ്തു.
അമിതാഭ് ബച്ചനും ടീമിനു അഭിനന്ദനം അറിയിച്ച് സോഷ്യൽ മീഡിയയിലെത്തിയിട്ടുണ്ട്. “വീ മിസ്ഡ് യൂ പാ” എന്നാണ് അഭിഷേക് അതിനു മറുപടിയായി നൽകിയത്.പുനേരി പൽതാനെ 33-39 നു തോൽപിച്ച് അഭിഷേകിന്റെ ടീം ജയ്പൂർ പിങ്ക് പാന്തേഴ്സ് വിജയികളാവുകയായിരുന്നു.