17 വര്‍ഷമായി കാന്‍ ചലച്ചിത്ര മേളയിലെ റെഡ്കാര്‍പെറ്റിലെ സ്ഥിര സാന്നിധ്യമാണ് മുന്‍ ലോക സുന്ദരിയും ബോളിവുഡ് താരവുമായ ഐശ്വര്യ റായ്. ഐശ്വര്യയുടെ മേക്കപ്പ്, വേഷങ്ങള്‍ തുടങ്ങിയവ കാനിന്‍റെ പാശ്ചാത്തലത്തിലും അല്ലാതെയുമായി ലോകം ചര്‍ച്ച ചെയ്തു തുടങ്ങിയിട്ടും കാലങ്ങള്‍ ഏറെയായി. മികച്ച മേക്കപ്പ് ആർട്ടിസ്റ്റുകള്‍ പോലും ഒരുക്കാന്‍ അവസരം കാത്തുനില്‍ക്കുന്ന ലോക സുന്ദരിയ്ക്ക് പക്ഷേ പ്രിയം മകള്‍ അഞ്ചു വയസുകാരി ആരാധ്യ ഒരുക്കുന്നതാണ്. കാന്‍ ചലച്ചിത്ര മേളയില്‍ പങ്കടുക്കവേ ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഐശ്വര്യ ഇത് പറഞ്ഞത്. ആര് സ്റ്റൈല്‍ ചെയ്യുന്നതാണ് നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടം എന്ന ചോദ്യത്തിനാണ് ഐശ്വര്യ ആരാധ്യയുടെ പേര് പറഞ്ഞത്.
“അവള്‍ ഭാവനാ സമ്പന്നയാണ്. അതുകൊണ്ട് തന്നെ അവള്‍ ഒരുക്കുമ്പോള്‍ ‘ഒറിജിനല്‍’ ആയിരിക്കും.” കാന്‍ ചലച്ചിത്ര മേളയില്‍ തന്നോടൊപ്പം എത്തിയ മകളെക്കുറിച്ച് അമ്മ അഭിമാനം കൊണ്ടു.
കാനില്‍ ആദ്യ ദിനം ഐശ്വര്യ ധരിച്ച പൂമ്പാറ്റയെ അനുസ്മരിപ്പിക്കുന്ന ‘മൈക്കേല്‍ സിന്‍കോ ഗൗണ്‍’ കണ്ട ആരാധ്യ അമ്മയെ കാണാന്‍ ഒരു മയിലിനെപ്പോലെയുണ്ട് എന്ന് പറഞ്ഞതായും ഐശ്വര്യ ഇന്ത്യാ ടുഡേ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
“മേക്കപ്പ് ആർട്ടിസ്റ്റ് നീല കളറിലെ തിളക്കമുള്ള ലൈന്‍അപ്പ് ഉപയോഗിച്ചു കഴിഞ്ഞപ്പോഴാണ് അവള്‍ ഇത് പറഞ്ഞത്. നിറങ്ങള്‍ വലിയ ഇഷ്ടമാണ് അവള്‍ക്ക്”, ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.
ആരാധ്യയെ ഒരു സാധാരണ കുട്ടിയായാണ് വളര്‍ത്തുന്നത് എന്ന് ഇതിനു മുന്‍പും ഐശ്വര്യ പലവട്ടം പറഞ്ഞിട്ടുണ്ട്.
“ഞാന്‍ പറയുന്നത് വിശ്വസിക്കാന്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് പ്രയാസമുണ്ടായിരിക്കും. പക്ഷേ കഴിയുന്നതും ആരാധ്യയുടെ കാര്യങ്ങളെല്ലാം സ്വാഭാവികമായി, ജീവിതത്തിന്‍റെ ഒഴിക്കിനനുസരിച്ച് കൊണ്ട് പോകാന്‍ ശ്രമിക്കാറുണ്ട്”
കാനില്‍ പോകുന്നതിനു മുന്നോടിയായി ഐശ്വര്യ ആദ്യമായി സോഷ്യല്‍ മീഡിയയിലും എത്തി. മദേഴ്സ് ഡേ പ്രമാണിച്ച് ആരാധ്യയുമൊത്തുള്ള ചിത്രവും പോസ്റ്റ് ചെയ്തു. ലോകത്തിൽവച്ച് എറ്റവും സന്തോഷവതിയായ അമ്മയാണ് താനെന്ന് ഐശ്വര്യ അതില്‍ എഴുതി.
വര്‍ഷങ്ങളായി കാന്‍ ചലച്ചിത്ര മേളയുടെ സജീവസാന്നിദ്ധ്യമാണ് ഐശ്വര്യ റായ് ബച്ചന്‍. ‘ദേവ്ദാസ്’ എന്ന തന്റെ ചിത്രത്തിന്‍റെ സ്‌ക്രീനിങ്ങുമായി ബന്ധപ്പെട്ടും അല്ലാതെയുള്ള ബ്രാന്‍ഡ് എന്‍ഡോര്‍സ്‌മെന്റുകള്‍ക്കുമായി കാനില്‍ ഐശ്വര്യ എത്തിയപ്പോഴെല്ലാം ലോക സിനിമയുടെ ആഘോഷ നഗരി അവരെ അത്യുത്സാഹത്തോടെ വരവേറ്റിരുന്നു. ഐശ്വര്യ മാത്രമല്ല, അമ്മയ്‌ക്കൊപ്പം കാനില്‍ തിളങ്ങാന്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി കുഞ്ഞു ആരാധ്യയും എത്താറുണ്ട്.
ഐശ്വര്യ റായ് ഒരു ‘ഒബ്സസീവ് മദര്‍’ ആണെന്ന് നേരത്തെ ഇന്ത്യന്‍ എക്സ്പ്രസിന്‍റെ പ്രതിവാര മുഖാമുഖം പരിപാടിയായ ‘ഐഡിയ എക്സ്ചേഞ്ചി’ല്‍ പങ്കെടുത്ത് സംസാരിക്കവേ ജയാ ബച്ചന്‍ പറഞ്ഞിരുന്നു. മരുമകള്‍ ഐശ്വര്യ റായ് ഒരു മുഴുവന്‍ സമയ സിനിമാ ജീവിതം ‘മിസ്’ ചെയ്യുന്നുണ്ട് എന്ന് താങ്കള്‍ കരുതുന്നുണ്ടോ എന്ന ചോദ്യത്തിനാണ് ജയ ഇങ്ങനെ മറുപടി പറഞ്ഞത്.
“ഐശ്വര്യ ഒരു ‘ഒബ്സസീവ് മദര്‍’ ആണ്. ഒരു നിമിഷം പോലും ആ കുഞ്ഞിനെ ഒറ്റയ്ക്ക് വിടില്ല. കുഞ്ഞിന്‍റെ എല്ലാ കാര്യങ്ങളും അവള്‍ക്കു തന്നെ ചെയ്യണം. അതുകൊണ്ട് ജോലി ചെയ്യാന്‍ സാധിക്കുമ്പോള്‍ മാത്രമേ ചെയ്യുന്നുള്ളൂ. ഐശ്വര്യ മാത്രമല്ല, ഈ തലമുറയില്‍ പെട്ട എല്ലാ അമ്മമാരും ഇങ്ങനെ ‘ഒബ്സസീവ്’ ആണെന്നാണ് ഞാന്‍ വിചാരിക്കുന്നത്.”, എന്നാണ് മരുമകളെക്കുറിച്ച് ജയാ ബച്ചന്‍ പറഞ്ഞത്.
“കൂട്ടുകുടുംബങ്ങളില്‍, വളരെ സുരക്ഷിതമായ ഒരന്തരീക്ഷത്തിലാണ് ഞങ്ങള്‍ ജീവിച്ചു പോന്നത്. എന്താവശ്യത്തിനും ആളുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ കാലം മാറി, കാര്യങ്ങളും മാറി. പല തരത്തിലുള്ള ‘ഇന്‍സെക്യൂരിറ്റി’ (അരക്ഷിതാവസ്ഥ) കളുണ്ട്. അക്കാര്യത്തില്‍ ഐശ്വര്യയ്ക്ക് വലിയ ‘ചോയ്സ്’ ഇല്ല. ഞാന്‍ ഉണ്ട്, പക്ഷേ അവളുടെ അമ്മ എപ്പോഴും കൂടെയില്ല. ഇന്ന് കൂട്ടുകുടുംബങ്ങള്‍ ഇല്ലല്ലോ, അതുകൊണ്ട് അമ്മമാര്‍ തന്നെ കുട്ടികളുടെ എല്ലാ ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കേണ്ടി വരുന്നു”, ജയ വ്യക്തമാക്കി.

2007 ഏപ്രിൽ 20 നാണ് അമിതാഭ് ബച്ചന്‍-ജയാ ബച്ചന്‍ ദമ്പതികളുടെ മകന്‍ അഭിഷേക് ബച്ചനും നടിയും മുന്‍ ലോക സുന്ദരിയുമായ ഐശ്വര്യ റായും വിവാഹിതരായത്. ഇവര്‍ക്ക് ഒരു ഒരേയൊരു മകളാണുള്ളത് – ആറു വയസുകാരി ആരാധ്യ ബച്ചന്‍.