അഭിനയത്തിൽ മാത്രമല്ല കൃത്യനിഷ്ഠതയുടെ കാര്യത്തിലും മറ്റു ബോളിവുഡ് നടികളെക്കാൾ മുന്നിലാണ് ലോകസുന്ദരി ഐശ്വര്യ റായ്‌. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഒരു ഷോപ്പ് ഉദ്ഘാടനത്തിനായി ഐശ്വര്യ ദുബായിലെത്തിയിരുന്നു. നീല ഗൗണണിഞ്ഞ് രാജകുമാരിയെപ്പോലെയാണ് ഐശ്വര്യ എത്തിയത്. ഐശ്വര്യയുടെ സൗന്ദര്യത്തെക്കാൾ ആരാധകരുടെ മനം കവർന്നത് താരത്തിന്റെ കൃത്യനിഷ്ഠതയാണ്.

വൈകിട്ട് 4 മണിക്കായിരുന്നു ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. ഐശ്വര്യയെ കാണാനായി ആരാധകർ കാത്തുനിന്നു. മറ്റെല്ലാ താരങ്ങളെയും പോലെ ഐശ്വര്യയും വൈകി എത്തുമെന്നാണ് ആരാധകർ കരുതിയത്. പക്ഷേ എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട് കൃത്യസമയത്ത് ഐശ്വര്യ എത്തി. ഐശ്വര്യ വരുന്നുണ്ടെന്ന് നിർദേശം ലഭിച്ച ഉടൻ സുരക്ഷാ ജീവനക്കാർ താരസുന്ദരിക്കുളള സുരക്ഷയൊരുക്കി. കൃത്യം 4 മണിക്ക് രാജകുമാരിയെ പോലെ ഐശ്വര്യ ഉദ്ഘാടനവേദിയിലേക്ക് എത്തി.

കൂടി നിന്ന ആരാധകകൂട്ടം ‘ആഷ്’ എന്നു ആർത്തുവിളിച്ചു. ആരാധകരെ നോക്കി അവരുടെ പ്രിയപ്പെട്ട ആഷ് ഫ്ലൈയിങ് കിസ് നൽകുകയും നമസ്തേ പറയുകയും ചെയ്തു.

താരങ്ങൾ വൈകിവരുന്നതിനെക്കുറിച്ചുളള മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ഐശ്വര്യയുടെ മറുപടി ഇങ്ങനെ: ”വൈകി വരുന്നതിനെ ഫാഷനായിട്ട് ഞാൻ കരുതുന്നില്ല. ഞാനെപ്പോഴെങ്കിലും വൈകി വന്നിട്ടുണ്ടെങ്കിൽ അതൊരിക്കലും നേരത്തെ പ്ലാൻ ചെയ്തതോ കരുതിക്കൂട്ടിയതോ അല്ല. കൃത്യനിഷ്ഠത ലോകം മുഴുവൻ ബഹുമാനിക്കുന്ന ഒന്നാണ്. ഞാനും വർഷങ്ങളായി അത് പാലിക്കുകയാണ്. കൃത്യനിഷ്ഠത പാലിക്കുന്നത് തികച്ചും വെല്ലുവിളി നിറഞ്ഞതാണ്”.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook