scorecardresearch

ശക്തയായ സ്ത്രീ, നല്ല അമ്മ, പക്ഷേ വിളിച്ചാൽ തിരിച്ചു വിളിക്കില്ല; ഐശ്വര്യയെക്കുറിച്ച് ശ്വേതാ ബച്ചൻ പറഞ്ഞത്

ഐശ്വര്യയുടെ ടൈം മാനേജ്‌മെന്റ് താൻ സഹിക്കുന്നുവെന്നും എന്നാൽ വിളിച്ചാൽ ഫോൺ എടുക്കാനും മെസേജുകൾക്ക് മറുപടി തരാനും വൈകുന്ന ഐശ്വര്യയുടെ ശീലമാണ് താൻ ഏറ്റവും വെറുക്കുന്നതെന്നും ശ്വേത പറയുന്നു.

ഐശ്വര്യയുടെ ടൈം മാനേജ്‌മെന്റ് താൻ സഹിക്കുന്നുവെന്നും എന്നാൽ വിളിച്ചാൽ ഫോൺ എടുക്കാനും മെസേജുകൾക്ക് മറുപടി തരാനും വൈകുന്ന ഐശ്വര്യയുടെ ശീലമാണ് താൻ ഏറ്റവും വെറുക്കുന്നതെന്നും ശ്വേത പറയുന്നു.

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Aishwarya rai birthday, Aishwarya Rai Bachchan, Aishwarya Rai, Aishwarya Rai Bachchan age, Aishwarya Rai Bachchan family

മൂന്നു പതിറ്റാണ്ടോളമായി ലോകസുന്ദരി എന്നു കേൾക്കുമ്പോൾ ഏതൊരു ഇന്ത്യക്കാരന്റെയും മനസ്സിൽ ആദ്യം തെളിയുക ഐശ്വര്യാ റായുടെ മുഖമാണ്. ലോകത്തെ അതിസുന്ദരിയായ സ്ത്രീകളിലൊരാൾ എന്ന ഇമേജിനെ അതിന്റെ എല്ലാ പ്രൗഢിയോടെയും ഗ്രേസോടെയും കൊണ്ടുനടക്കുന്ന ഐശ്വര്യ റായി ഇന്ന് അമ്പതാം വയസ്സിലേക്ക് കടക്കുകയാണ്. സാധാരണ ഗതിയിൽ, അമ്പത് വയസ്സുള്ള ഒരു സ്ത്രീയുടെ സോഷ്യൽ സ്റ്റാറ്റസിൽ പാകതയുടെ, പ്രായത്തിന്റെ ജരാനരങ്ങൾ കൽപ്പിച്ചുകൊടുക്കും സമൂഹം. മനസ്സിൽ അവൾ യുവത്വം പേറുന്നുണ്ടെങ്കിലും ആൺകാഴ്ചകൾ അവളുടെ ഉടലിൽ നിന്നും മനസ്സിൽ നിന്നും യുവത്വത്തെ റദ്ദ് ചെയ്യും. അവിടെയാണ് അമ്പതിലേക്ക് കടക്കുമ്പോഴും താരുണ്യം കൈവിടാതെ, ലോകസുന്ദരിയെന്ന വിശേഷണത്തിന് ഒട്ടും ഇടിവു തട്ടാതെ ഐശ്വര്യ തലയുയർത്തി മുന്നോട്ട് നടക്കുന്നത്.

Advertisment
ponniyin selvan 1, oomai rani, mandakini devi, who is oomai rani, aishwarya rai

ഇന്ത്യൻ സിനിമയിൽ മറ്റു സുന്ദരിമാരില്ലാഞ്ഞിട്ടല്ല, മണിരത്നം 49കാരിയായ ഐശ്യര്യയെ പൊന്നിയിൻ സെൽവനിലെ നന്ദിനിയാക്കിയത്, ഇന്ത്യൻ സിനിമയ്ക്ക് അന്നുമിന്നും സ്ക്രീൻ പ്രസൻസ് കൊണ്ട് മാജിക് കാണിക്കാൻ കെൽപ്പുള്ള ഒരൊറ്റ ലോകസുന്ദരിയേ ഉള്ളൂ എന്നതുകൊണ്ടാണ്, മിഴിയിളക്കങ്ങൾ കൊണ്ട്, മുഖഭാവങ്ങൾ കൊണ്ട്, ചിരിയിലൊളിപ്പിച്ച നിഗൂഢതകൾ കൊണ്ട്, കവിതപോലെ സ്ക്രീനിലൊഴുകി പരക്കുന്ന സൗന്ദര്യത്തികവുകൊണ്ട്, ചോളരാജ്യത്തെ സൗന്ദര്യാരാധകർക്കൊപ്പം തന്നെ പ്രേക്ഷകരെയും നിശബ്ദയാക്കാൻ മാത്രം കെൽപ്പുള്ള മറ്റൊരാൾ നമുക്കില്ല എന്നതുകൊണ്ട് കൂടിയാണത്. നന്ദിനിയെ ഓർത്തപ്പോഴൊന്നും മണിരത്നത്തിന്റെ മനസ്സിലേക്ക് ഐശ്വര്യയല്ലാതെ മറ്റൊരു മുഖം തെളിഞ്ഞില്ല, രാവണിലെ രാഗിണിയെ ഓർത്തപ്പോഴും. സൗന്ദര്യം കൊണ്ടുമാത്രമല്ല, അതുല്യമായ വ്യക്തിത്വം കൊണ്ടുകൂടിയാണ് ഐശ്വര്യ കോടിക്കണക്കിന് ആരാധകരുടെ മനസ്സിൽ തന്നെ രേഖപ്പെടുത്തിയത്.

ഐശ്വര്യയെ കുറിച്ച് അഭിഷേകിന്റെ സഹോദരി ശ്വേത ബച്ചൻ മുൻപു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഐശ്വര്യയുടെ അർപ്പണബോധത്തെയും കഠിനാധ്വാനത്തെയും അഭിനന്ദിക്കുകയായിരുന്നു ശ്വേത "അവൾ സ്വയം നിർമ്മിച്ച, ശക്തയായ സ്ത്രീയാണ്," ശ്വേത പറയുന്നു. ഐശ്വര്യയുടെ ടൈം മാനേജ്‌മെന്റ് താൻ സഹിക്കുന്നുവെന്നും എന്നാൽ വിളിച്ചാൽ ഫോൺ എടുക്കാനും മെസേജുകൾക്ക് മറുപടി തരാനും വൈകുന്ന ഐശ്വര്യയുടെ ശീലമാണ് താൻ ഏറ്റവും വെറുക്കുന്നതെന്നും ശ്വേത പറയുന്നു.

Advertisment

1973 നവംബർ ഒന്നിനാണ് ഐശ്വര്യയുടെ ജനനം. അച്ഛൻ മറൈൻ ബയോളജിസ്റ്റായ കൃഷ്ണരാജ് റായ്. അമ്മ എഴുത്തുകാരി വൃന്ദ റായ്. മോഡലിങ്ങിലൂടെയായിരുന്നു ഐശ്വര്യ കരിയർ ആരംഭിച്ചത്. 1994 ൽ ലോകസുന്ദരി പട്ടം നേടിയതോടെ ഐശ്വര്യ ഇന്ത്യക്കാർക്കൊന്നാകെ സുപരിചിതയായി.

1997ൽ മണിരത്നം സംവിധാനം ചെയ്ത ‘ഇരുവർ’ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായിട്ടായിരുന്നു ഐശ്വര്യയുടെ സിനിമാ അരങ്ങേറ്റം. ‘ഇരുവറി’ൽ കൽപന, പുഷ്പവല്ലി എന്നിങ്ങനെ ഇരട്ട കഥാപാത്രങ്ങളായി എത്തി ഐശ്വര്യ ശ്രദ്ധ നേടി. മോഹൻലാലിന്റെ ആദ്യഭാര്യയുടെ വേഷത്തിലും ജയലളിതയോട് സാമ്യമുള്ള ഒരു സിനിമാതാരത്തിന്റെ വേഷത്തിലുമാണ് ‘ഇരുവറി’ൽ ഐശ്വര്യയെ കണ്ടത്. എംജി ആറിന്റേയും കരുണാനിധിയുടെയും ജയലളിതയുടെയും ജീവിതം 'ഇരുവറി'ലൂടെ അഭ്രപാളിയിലെത്തിയപ്പോള്‍ ഇന്ത്യന്‍ സിനിമലോകത്ത് പിറന്നത് എവര്‍ഗ്രീന്‍ ക്ലാസിക് ചിത്രമായിരുന്നു. ആദ്യചിത്രം നേടിയ പ്രശസ്തി ഐശ്വര്യയുടെ കരിയറിനും ഗുണകരമായി.

1998 ൽ പുറത്തിറങ്ങിയ ‘ജീൻസ്’ ആണ് ഐശ്വര്യയെ ശ്രദ്ധേമാക്കിയ മറ്റൊരു ചിത്രം. 'ജീൻസ്' ഐശ്വര്യയിലെ അഭിനേത്രിയ്ക്ക് ഒപ്പം നർത്തകിയുടെയും കഴിവു തെളിയിച്ച ചിത്രങ്ങളിലൊന്നായിരുന്നു. ആദ്യ ചിത്രം 'ഇരുവറി'ൽ നടി രോഹിണിയായിരുന്നു ഐശ്വര്യയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തിരുന്നത്. എന്നാൽ 'ജീൻസി'ൽ തന്റെ കഥാപാത്രത്തിനു ഡബ്ബ് ചെയ്യത് ഐശ്വര്യ തന്നെയായിരുന്നു.

publive-image

‘ഓർ പ്യാർ ഹോ ഗെയാ’ ആണ് ഐശ്വര്യയുടെ ആദ്യ ബോളിവുഡ് ചിത്രം. പക്ഷേ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് സഞ്ജയ് ലീല ബൻസാലിയുടെ ‘ഹം ദിൽ ദേ ചുകേ സനം’ എന്ന സിനിമയിലൂടെയാണ് ഐശ്വര്യ ബോളിവുഡിൽ ശ്രദ്ധ നേടുന്നത്. ഈ സിനിമയിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച നടിക്കുള്ള ഫിലിം ഫെയർ പുരസ്കാരം ലഭിച്ചു. തുടർന്ന് വലുതും ചെറുതുമായ നിരവധിയേറെ ചിത്രങ്ങളിലൂടെ ഐശ്വര്യ ബോളിവുഡിൽ തന്റെ സ്ഥാനം ഉറപ്പിച്ചു.

സഞ്ജയ് ലീലാ ബൻസാലിയുടെ 'ദേവദാസ്'ആണ് അന്തർദ്ദേശീയ തലത്തിൽ ഐശ്വര്യയെ ശ്രദ്ധേയയാക്കിയ ചിത്രങ്ങളിലൊന്ന്. 2002 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കപ്പെട്ട 'ദേവദാസി'നെ മില്ലേനിയത്തിലെ മികച്ച പത്ത് ചിത്രങ്ങളായി ടൈം മാഗസിൻ തിരഞ്ഞെടുത്തിരുന്നു. 'ചോക്കർ ബാലി', 'ബ്രൈഡ് & പ്രെജ്യുഡിസ്', 'റെയിൻകോട്ട്', 'ശബ്ദ്', 'ദ മിസ്ട്രസ് ഓഫ് സ്പൈസസ്', 'ഉമ്റാവോ ജാൻ', 'ഗുരു', 'ജോധാ അക്ബർ', 'ഗുസാരിഷ്', 'രാവൺ', 'എന്തിരൻ' തുടങ്ങി നിരവധിയേറെ ശ്രദ്ധേയമായ ചിത്രങ്ങളിൽ ഐശ്വര്യ അഭിനയിച്ചു. അഴക് മാത്രമേയുള്ളൂ, അഭിനയമികവില്ലെന്ന് ആദ്യകാലത്ത് വിമർശിച്ചവർക്ക് തന്റെ സിനിമകളിലൂടെ തന്നെ ഐശ്വര്യ ഉത്തരം കൊടുക്കുകയായിരുന്നു.

ബോളിവുഡിൽ തിരക്കിലായിരിക്കുമ്പോഴും തമിഴ്, ബംഗാളി സിനിമകളിലും ഐശ്വര്യ അഭിനയിച്ചു. തമിഴിൽ 2010 ൽ പുറത്തിറങ്ങിയ ‘രാവണ’നും ‘യന്തിര’നും ഐശ്വര്യയുടെ വിജയ ചിത്രങ്ങളാണ്. ‘ബ്രൈഡ് ആൻ പ്രിജുഡിസ്’ (2003), ‘മിസ്‌ട്രസ് ഓഫ് സ്പൈസസ്’ (2005), ‘ലാസ്റ്റ് ലിജിയൻ(2007) എന്നിവ ഐശ്വര്യയെ അന്തർദ്ദേശീയ തലത്തിൽ പ്രശസ്തയാക്കിയ ചിത്രങ്ങളാണ്. മോഹൻലാലിനൊപ്പം മാത്രമല്ല മലയാളത്തിലെ മറ്റു പ്രമുഖ നടന്മാരായ മമ്മൂട്ടി, പൃഥ്വിരാജ്, കലാഭവൻ മണി എന്നിവർക്കൊപ്പവും ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്.

publive-image

സിനിമയോടുള്ള പോസിറ്റീവായ സമീപനവും സ്ഥിരോത്സാഹവുമെല്ലാം അണുവിട വ്യത്യാസം വരാതെ ഐശ്വര്യ ഇപ്പോഴും കൊണ്ടു നടക്കുകയാണ്. മുന്നിലെത്തുന്ന ആരവങ്ങളെയും ആരാധകവൃന്ദത്തേയും സ്‌നേഹത്തോടെയും സന്തോഷത്തോടെയും വരവേല്‍ക്കുന്നു. പതിറ്റാണ്ടുകള്‍കൊണ്ട് സ്‌നേഹവും കരുതലുമുള്ള ഭാര്യ, വാത്സല്യവതിയായ അമ്മ തുടങ്ങിയ വിശേഷണങ്ങള്‍ കൂടി ആ വ്യക്തിത്വത്തിന്റെ ഭാഗമായി മാറി എന്നു മാത്രം.

ലോകമെമ്പാടും ആരാധകരുള്ള, സൂപ്പര്‍താരങ്ങളേക്കാള്‍ ആഘോഷിക്കപ്പെടുന്ന അഭിനേത്രി, രാജ്യാന്തര വേദികളിലെ റെഡ് കാര്‍പെറ്റില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന സൗന്ദര്യബിംബം, ലോറിയലിന്റെ ബ്രാന്‍ഡ് അംബാസിഡര്‍, അസൂയാവഹമായ രീതിയില്‍ ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്ന 'ബ്യൂട്ടി ക്വീന്‍' എന്നിങ്ങനെ വിശേഷണങ്ങള്‍ ഏറെയാണ് ബോളിവുഡിന്റെ ഈ പ്രിയപ്പെട്ട 'ഐക്കണിന്'. പഴകും തോറും വീര്യമേറുന്ന വീഞ്ഞിനെപ്പോലെയാണ് ഐശ്വര്യ എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാം. സൗന്ദര്യത്തിന്റെ പര്യായമായി ഐശ്വര്യ നിലകൊള്ളാന്‍ തുടങ്ങിയിട്ട് മൂന്നു ദശാബ്ദങ്ങളാകുന്നു. റാമ്പിലും സ്ക്രീനിലും ഇന്നും ഐശ്വര്യ തന്നെയാണ് ‘ഷോ-സ്റ്റോപ്പര്‍’.

“സൗന്ദര്യമോ ഫിറ്റ്‌നസോ ഒന്നും അനായാസേന നേടാവുന്നതോ പരിപാലിക്കാവുന്നതോ ആയ കാര്യങ്ങളല്ല. ഓരോന്നും അതിന്റേതായ അധ്വാനം ആവശ്യമാണ്. ജോലി ചെയ്യുന്ന സ്ത്രീകളെയും അമ്മമാരെയുമെല്ലാം സംബന്ധിച്ച്, ശരീരവും സൗന്ദര്യവുമെല്ലാം പരിപാലിക്കുക എന്നത് കൂടുതല്‍ അധ്വാനം വേണ്ടി വരുന്ന കാര്യമാണ്. പക്ഷേ, എല്ലാ കാര്യങ്ങളുടെയും വിജയം അതിനെ നമ്മള്‍ എങ്ങനെ നോക്കി കാണുന്നു എന്നതിന് അനുസരിച്ചാണ്. ആരോഗ്യപരിപാലനവും സൗന്ദര്യപരിപാലനവുമൊക്കെ ഞാനേറെ ഇഷ്ടത്തോടെയാണ് ചെയ്യുന്നത്. അതുപോലെ തന്നെയാണ്, ജോലിയില്‍ ആനന്ദം കണ്ടെത്തുന്നതും. അമ്മ എന്ന റോളിലും ഞാനേറെ സന്തോഷവതിയാണ്. മകളുമെന്നെ ഒരുപാട് സ്‌നേഹിക്കുന്നുണ്ട്. പ്ലാനിങ്ങും ചെയ്യുന്ന കാര്യങ്ങളോടുള്ള പോസിറ്റീവ് മനോഭാവവുമാണ് ഏതു കാര്യത്തെയും സാധ്യമാക്കുന്നത്," വ്യക്തമായ ജീവിതവീക്ഷണങ്ങളും ഐശ്വര്യയ്ക്കുണ്ട്.

publive-image

2007ൽ നടൻ അഭിഷേക് ബച്ചനെ വിവാഹം കഴിച്ചതോടെ അഭിനയത്തിൽ നിന്നും തൽക്കാലികമായി വിട്ടു നിന്ന ഐശ്വര്യ, മകൾ ആരാധ്യയുടെ ജനനശേഷമാണ് വീണ്ടും ബോളിവുഡിൽ സജീവയായത്. കരിയറും കുടുംബവും പാരന്റിംഗുമെല്ലാം ബാലൻസ് ചെയ്ത് കൊണ്ടുപോകുന്ന ഐശ്വര്യ ഏറെ പേർക്ക് മാതൃകയായൊരു വ്യക്തിത്വമാണ്. തന്റെ എല്ലാ ഉത്തരവാദിത്വങ്ങളും മനോഹരമായി നിർവ്വഹിക്കുകയും അതേ സമയം തന്നെ ഇന്ത്യയിലെ ഏറ്റവും പോപ്പുലറായ സെലിബ്രിറ്റിയെന്ന തന്റെ റോളിന് യാതൊരു ഇളക്കവും തട്ടാതെ മുന്നോട്ട് കൊണ്ടു പോകുകയും ചെയ്യുന്ന ഐശ്വര്യ പലപ്പോഴും ബി ടൗണിന് ഒരു അത്ഭുതമാണ്.

"ഞാൻ വളർന്ന രീതിയങ്ങനെയാണ്. 18 വയസ്സു മുതൽ ധാരാളം ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തു ചെയ്യുന്ന ഒരാളാണ് ഞാൻ. രാവിലെ 5:30 ഓടെയാണ് എന്റെ ഒരു ദിവസം തുടങ്ങുന്നത്. എനിക്കോർമ്മ വച്ച നാൾ മുതൽ അതങ്ങനെയാണ്. ആരാധ്യയുടെ വരവോടെ അവൾ കഴിഞ്ഞേ എനിക്ക് മറ്റെന്തുമുള്ളൂ. അവളാണ് എന്റെ പ്രഥമ പരിഗണന, ബാക്കിയെല്ലാം സെക്കൻഡറിയാണ്" ഒരു അഭിമുഖത്തില്‍ അഭിമുഖത്തിൽ ഐശ്വര്യ റായ് പറഞ്ഞതിങ്ങനെ.

ആയമാർക്കൊപ്പം കൂടുതൽ സമയം കുഞ്ഞുങ്ങളെ വിടുന്ന സെലിബ്രിറ്റി അമ്മമാരിൽ നിന്നും വ്യത്യസ്തയാണല്ലോ ഐശ്വര്യ എന്ന ചോദ്യത്തിന് ആരാധ്യയ്ക്കും ആയയുണ്ടെന്നായിരുന്നു താരത്തിന്റെ മറുപടി. ''ഞാൻ തിരക്കിലാകുമ്പോൾ ആരാധ്യയുടെ കാര്യങ്ങൾ ആയ തന്നെയാണ് ശ്രദ്ധിക്കുന്നത്. എന്നാലും, ആരാധ്യയ്ക്ക് വേണ്ടതെല്ലാം സ്വയം ചെയ്തു കൊടുക്കണം എന്നാഗ്രഹിക്കുന്ന ഒരമ്മയാണ് ഞാൻ. എന്റെ തിരക്കുകൾ എപ്പോഴും അതിന് അനുവദിക്കാറില്ലെങ്കിലും കഴിയാവുന്നിടത്തോളം കാര്യങ്ങൾ ഞാൻ തനിയെ ചെയ്യാൻ ശ്രമിക്കാറുണ്ട്. "

publive-image

"കരിയറും വീട്ടിലെ ഉത്തരവാദിത്വങ്ങളും ഒരേ പ്രാധാന്യത്തോടെ കൊണ്ടുപോകുന്ന എല്ലാ സ്ത്രീകളും ഹീറോ ആണ്. സമയത്തിന്റെ മേൽ നല്ല കൈയ്യടക്കവും കഠിനാധ്വാനവും വേണം കരിയറും വീടും ബാലൻസ് ചെയ്ത് കൊണ്ട് പോകാൻ. മികച്ച പിന്തുണ നൽകുന്ന പാർട്ണർ ആണ് മറ്റൊരു ഭാഗ്യം."

ബോളിവുഡിന്റെ സ്പന്ദനം നിയന്ത്രിക്കുന്ന ബച്ചൻ കുടുംബത്തിലെ മരുമകളുടെ വേഷത്തിലും ആരാധ്യയുടെ അമ്മയുടെ വേഷത്തിലും തിളങ്ങുന്ന അതേ ഐശ്വര്യ തന്നെയാണ്, കാനിലെ റെഡ് കാർപ്പെറ്റിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന റോയൽ ബ്യൂട്ടിയായി,അഭിമാന താരമായി വർഷം തോറും പ്രത്യക്ഷപ്പെടുന്നത്. അതേ ഐശ്വര്യ തന്നെയാണ്, സാമൂഹിക പ്രതിബദ്ധതയോടെ നിരവധി സോഷ്യൽ ആക്റ്റിവിറ്റികളുടെ ഭാഗമായി പ്രവർത്തിക്കുന്നതും. ചെയ്യുന്ന കാര്യങ്ങൾക്കെല്ലാം ഐശ്വര്യ നൽകുന്ന അർപ്പബോധമാവാം, പകരക്കാരില്ലാത്ത താരറാണിയായി ഐശ്വര്യയെ ഇപ്പോഴും നിലനിർത്തുന്നത്.

Aishwarya Rai Bachchan Birthday

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: