മണിരത്നത്തിന്റെ പിരീഡ് ഡ്രാമയായ പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിന്റെ ഒന്നാം ഭാഗത്തിന്റെ ട്രെയിലർ ലോഞ്ചും മ്യൂസിക് ലോഞ്ചും ചൊവ്വാഴ്ച ചെന്നൈയിൽ വച്ചു നടന്നു. തമിഴ് സൂപ്പർതാരങ്ങളായ രജനികാന്തും കമൽഹാസനുമെല്ലാം ട്രെയിലർ ലോഞ്ചിൽ പങ്കെടുക്കാൻ അതിഥികളായി എത്തിയിരുന്നു. ഒപ്പം പൊന്നിയിൻ സെൽവൻ താരങ്ങളായ ഐശ്വര്യ റായ് ബച്ചൻ, വിക്രം, കാർത്തി, ജയം രവി, തൃഷ, ശോഭിത ധൂലിപാല എന്നിവരും സംവിധായകൻ മണിരത്നവും ചടങ്ങിൽ പങ്കെടുത്തു.
ട്രെയിലർ ലോഞ്ചിനെത്തിയ രജനീകാന്തിനെ കണ്ട് ഓടിചെന്ന് കാലിൽ തൊട്ട് വന്ദിക്കുന്ന ഐശ്വര്യറായിയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. മുതിർന്ന ഒരു താരത്തോട് ഐശ്വര്യ കാണിച്ച ബഹുമാനപ്രകടനത്തിന് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ.
ചിത്രത്തിന്റെ സംവിധായകനും തന്റെ ഗുരുനാഥനുമായ മണിരത്നത്തെ കണ്ടപ്പോഴും ഓടിചെന്ന് കൈകൊടുക്കാനും കെട്ടിപ്പിടിക്കാനും ഐശ്വര്യ മറന്നില്ല.
“മണിരത്നം എന്റെ ഗുരുവാണ്, അദ്ദേഹം എന്നും എന്റെ ഗുരു ആയിരിക്കും, എക്കാലവും. ഇരുവരിൽ ഞാൻ അദ്ദേഹത്തോടൊപ്പം എന്റെ യാത്ര ആരംഭിച്ചു, ബഹുമാനത്തിന് വീണ്ടും നന്ദി. ഈ ചിത്രം അദ്ദേഹത്തിന് എക്കാലവും അവിസ്മരണീയമായിരിക്കും. എപ്പോഴും എനിക്കൊപ്പം ഉണ്ടായിരുന്നതിന് സുഹാസിനിക്ക് നന്ദി. രജനികാന്തിനും കമൽഹാസനുമൊപ്പം ഇരിക്കുക എന്നത് ഒരു സ്വപ്ന നിമിഷമാണ്,” ചടങ്ങിൽ സംസാരിക്കവെ ഐശ്വര്യ പറഞ്ഞു.
1950 കളിൽ പുറത്തിറങ്ങിയ കൽക്കി കൃഷ്ണമൂർത്തിയുടെ പൊന്നിയിൻ സെൽവൻ എന്ന തമിഴ് നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. അരുൾ മൊഴിവർമ്മന്റെ (ജയൻ രവി) ചോളരാജ്യത്തിന്റെ സിംഹാസനത്തിലേക്കുള്ള ആരോഹണത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ചോളന്മാർ തമ്മിലുള്ള സന്ദേശങ്ങൾ കൈമാറാൻ തെക്കൻ രാജ്യങ്ങളിലൂടെ സഞ്ചരിക്കുന്ന ആദിത്യ കരികാലന്റെ (വിക്രം) ദൂതനായ വല്ലവരയ്യൻ വന്ദ്യദേവന്റെ (കാർത്തി) വീക്ഷണകോണിൽ നിന്നാണ് കഥ വിവരിക്കുന്നത്. ചിത്രത്തിന്റെ ടീസർ ആദിത്യയും രാജ്ഞി നന്ദിനിയും (ഐശ്വര്യ) തമ്മിലുള്ള പ്രണയത്തെക്കുറിച്ചും സൂചന നൽകുന്നുണ്ട്.
പൊന്നിയിൻ സെൽവൻ- ഒന്നാം ഭാഗം ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി സെപ്റ്റംബർ 30 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.