സെലിബ്രിറ്റികളെത്തട്ടി നടക്കാന്‍ പറ്റാത്ത ഇടമാണ് സോഷ്യല്‍ മീഡിയ. അവരുടെ ജോലിയുടെ പ്രൊമോഷനും, ആരാധകരുമായി വിശേഷങ്ങള്‍ പങ്കു വയ്ക്കലും, പൊതു കാര്യങ്ങളിലുള്ള ഇടപെടലും പ്രതികരണങ്ങളും ഉള്‍പ്പടെയുള്ളതെല്ലാം ഇപ്പോള്‍ സജീവമായി നടക്കുന്നത് സോഷ്യല്‍ മീഡിയയിലാണ്. ഇന്ത്യയിലേയും ഇന്ത്യയ്ക്ക് പുറത്തെയും സ്ഥിതി ഇത് തന്നെയാണെന്നിരിക്കെത്തന്നെ രാജ്യത്തെ ഏറ്റവും വലിയ സെലിബ്രിറ്റി എന്ന് വിളിക്കാവുന്ന ഐശ്വര്യ റായ് ബച്ചനെ സോഷ്യല്‍ മീഡിയയുടെ ഏഴയലത്ത് പോലും കണ്ടില്ല.

‘സോഷ്യല്‍ മീഡിയ ഫ്രെന്‍സി’ ഒരു പാട് കാലം മാറി നിന്ന അവര്‍ ഒടുവില്‍ കഴിഞ്ഞ മെയ്‌ 11ന് ഇന്‍സ്റ്റഗ്രാമില്‍ തുടക്കം കുറിച്ചു. മകള്‍ ആരാധ്യയോടൊപ്പമുള്ള ചിത്രം പോസ്റ്റ്‌ ചെയ്തു കൊണ്ടാണ് മുന്‍ ലോക സുന്ദരി സോഷ്യല്‍ മീഡിയയില്‍ പിച്ചവച്ചത്.

Aishwarya Rai Bachchan at Cannes 2018

കാന്‍ ചലച്ചിത്ര മേളയിലെ റെഡ് കാര്‍പെറ്റില്‍ ഐശ്വര്യ

ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ലക്ഷക്കണക്കിന് ആരാധകര്‍ ഐശ്വര്യയുടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സായി. ഇതെഴുതുമ്പോള്‍ അതിന്‍റെ എണ്ണം 3.3 മില്യൺ ആണ്. ഇന്‍സ്റ്റഗ്രാമില്‍ എത്തിയ അതേ സമയത്ത് തന്നെ അവര്‍ കാന്‍ ചലച്ചിത്രമേളയിലെ റെഡ്കാര്‍പെറ്റില്‍ ലോറിയേല്‍ എന്ന സൗന്ദര്യ വര്‍ദ്ധക ബ്രാന്‍ഡ്‌ എന്‍ഡോർസ്‌മെന്റുമായി ബന്ധപ്പെട്ട് പങ്കെടുക്കുകയും അതിന്‍റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കു വയ്ക്കുകയും ചെയ്തിരുന്നു. കാനില്‍ വച്ച് തന്നെ അസോസിയേറ്റ് പ്രസിന് (എപി) നല്‍കിയ അഭിമുഖത്തില്‍ ഇത്രയും കാലം സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ടു നിന്നതിന്‍റെ കാരണങ്ങളും ഐശ്വര്യ വ്യക്തമാക്കുന്നുണ്ട്.

“എത്രയോ കാലമായി ഞാനിത് കേള്‍ക്കുന്നു, എന്നാണ് നിങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വരുക എന്ന്. വളരെ ലളിതമായ ഒരു കാരണം കൊണ്ടാണ് അത് വേണ്ട എന്ന് തീരുമാനിച്ചിരുന്നത്.

സോഷ്യല്‍ മീഡിയ ഉപയോഗപ്രദമാണ്, ആളുകളുമായി അവിടെ ഇടപെടുന്നത് സന്തോഷമാണ്, ‘എക്സ്പ്രസ്’ ചെയ്യാനും ‘കണക്ട്’ ചെയ്യാനുമൊക്കെ വലിയ സാധ്യതകളുള്ള ഒരു ‘പ്ലാറ്റ്ഫോം’ ആണ്, ഇന്നത്തെയും നാളത്തെയും ജീവിതത്തിന്‍റെ ഭാഗമാണ്… അതുകൊണ്ട് തന്നെ നമ്മള്‍ അതില്‍ പങ്കെടുത്തേ പറ്റൂ, എന്നൊക്കെ ഞാന്‍ സമ്മതിക്കുന്നു.

പക്ഷേ അത് കൊണ്ടൊന്നും എനിക്ക് സോഷ്യല്‍ മീഡിയയില്‍ വന്നേ പറ്റൂ എന്ന് തോന്നിയില്ല. കാരണം ഇതിന്‍റെ പ്രധാന ഫോക്കസ് ഫോളോവേഴ്സിന്‍റെ എണ്ണത്തിലായിരുന്നു. എന്ന് മാത്രമല്ല, അവനവന്‍ എന്ന വൃത്തത്തിന് ചുറ്റും മാത്രം കറങ്ങുന്നതാണ് ഓരോരുത്തരുടേയും സോഷ്യല്‍ മീഡിയ. നമ്മുടെ പ്രശസ്തി അളക്കേണ്ടത്‌ അങ്ങനെയല്ല എന്നും തോന്നി.

കൂടുതല്‍ ഫോളോവേഴ്സ് ഉണ്ട് എന്നത് കൊണ്ട് നിങ്ങളുടെ ആത്മാഭിമാനം കൂടുന്നുണ്ടോ? എങ്ങനെയാണ് ഇത് വിജയത്തിന്‍റെ അളവുകോലാവുന്നത്? അങ്ങനെ ഒരിടത്തേക്ക് ഞാനും കൂടി പോയി ഇതേ കാര്യങ്ങള്‍ ചെയ്യുന്നതിനോട് എനിക്ക് വിയോജിപ്പുണ്ടായിരുന്നു.

ഇങ്ങനെയുള്ള കാര്യങ്ങള്‍ മനസ്സില്‍ ഉണ്ടായിരുന്നത് കൊണ്ടാണ് മാറി നിന്നത്. പക്ഷേ എനിക്കും വഴങ്ങേണ്ടി വന്നു ഒടുവില്‍. ഇന്‍സ്റ്റഗ്രാം എനിക്ക് ഇഷ്ടമാണ്, ഉപയോഗിക്കാനും എളുപ്പമാണ്.” ഐശ്വര്യ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ