ബോളിവുഡിന്റെ സൗന്ദര്യറാണികളാണ് രേഖയും ഐശ്വര്യാ റായ് ബച്ചനും. രണ്ടുകാലഘട്ടങ്ങളിലായി ഉമ്റാവു ജാൻ എന്ന കഥാപാത്രത്തെ അനശ്വരമാക്കുക എന്ന അസുലഭ അവസരം ലഭിച്ചവർ. ഇരുവർക്കും ഇടയിൽ തീവ്രമായൊരു സ്നേഹബന്ധവുമുണ്ട്. അമിതാഭ് ബച്ചനുമായി ഉണ്ടായിരുന്നു എന്നു പറയപ്പെടുന്ന, ഗോസിപ്പ് കോളങ്ങൾ പലയാവർത്തി ആഘോഷിച്ച പഴയൊരു പ്രണയകഥയുടെ അനന്തരഫലമെന്ന പോലെ, പൊതുവേദികളിൽ ബച്ചനും ജയ ബച്ചനുമൊക്കെ രേഖയോട് സംസാരിക്കാറില്ലെങ്കിലും അതൊന്നും ഐശ്വര്യയുമായുള്ള രേഖയുടെ ബന്ധത്തെ ബാധിക്കുന്നില്ല. ബച്ചൻ കുടുംബത്തിലെ മരുമകളും ലോകസുന്ദരിയുമൊക്കെയായ ഐശ്വര്യ, രേഖയ്ക്ക് മകളെ പോലെ ഒരു സാന്നിധ്യമാണ്.
ഐശ്വര്യയെ കുറിച്ച് എപ്പോഴും സ്നേഹത്തോടെയും വാത്സല്യത്തോടെയും സംസാരിക്കുന്ന രേഖ മുൻപും വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. ഇപ്പോഴിതാ, ഇരുവരുടെയും സ്നേഹവും അടുപ്പവും എല്ലാം വെളിപ്പെടുത്തുന്ന ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. മുംബൈയിൽ കൈഫി അസ്മിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘രാഗ് ശായരി’യുടെ പ്രീമിയറിനു എത്തിയതായിരുന്നു ഇരുവരും. പരിപാടിയിൽ പങ്കെടുത്തതിനു ശേഷം രേഖയെ കാറുവരെ പിൻതുടർന്ന് കെട്ടിപ്പിടിച്ചും ചുംബിച്ചും യാത്രയാക്കുകയാണ് ഐശ്വര്യ റായ്.
മുന്‍പ് ഫെമിനാ മാസികയില്‍ രേഖ ഐശ്വര്യ റായിക്ക് ഒരു തുറന്ന കത്തെഴുതിയതും വാർത്തയായിരുന്നു. ഐശ്വര്യയോടുള്ള സ്നേഹവും കരുതലും വാത്സല്യവുമെല്ലാം സ്ഫുരിക്കുന്ന ആ കത്തിൽ എല്ലാം തികഞ്ഞ ഒരു അമ്മ എന്നായിരുന്നു ഐശ്വര്യയെ രേഖ വിശേഷിപ്പിച്ചത്. ”
നീ ഏറെ ദൂരം മുന്നോട്ട് പോയിരിക്കുന്നു. ഒരുപാട് പ്രതിസന്ധികള്‍ സഹിച്ച് അവ തരണം ചെയ്ത് ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉദിച്ചുയര്‍ന്നിരിക്കുന്നു. എനിക്ക് എഴുതാന്‍ വാക്കുകള്‍ മതിയാകുന്നില്ല. ചന്ദ്രനെ പോലെ മുഖമുള്ള ആ കൊച്ചു പെണ്‍കുട്ടി, അവളെ ആദ്യം കണ്ട മാത്രയില്‍ തന്നെ എന്റെ ശ്വാസം കവര്‍ന്നതെങ്ങനെയെന്ന്. നിനക്ക് ലഭിച്ച ഓരോ വേഷത്തിനും ഏറ്റവും മികച്ചതായും അതിലധികവും നന്നായി നീ നല്‍കിയിട്ടുണ്ട്. പക്ഷെ അതിലെനിക്ക് ഏറെ ഇഷ്ടം ആരാധ്യയെന്ന ആഹ്ളാദകൂടാരത്തിന്റെ എല്ലാം തികഞ്ഞ അമ്മയുടെതാണ്. സ്നേഹിച്ചുകൊണ്ടേയിരിക്കൂ, നിന്റെ മായാജാലം പരത്തൂ,” രേഖ കുറിച്ചതിങ്ങനെ.
Read more: ‘ഹൃദയമെന്തെന്‍ ജീവന്‍ തന്നെ എടുത്തു കൊള്‍ക’ എന്ന് പാടി ഹൃദയങ്ങള്‍ കീഴടക്കിയ താരറാണി